Monday, November 05, 2007

കള്ളവണ്ടിക്കാരന്‍

തിരുവനന്തപുരത്തുള്ള ടെക്നോപ്പാര്‍ക്കില്‍ ജോലിയുള്ള കാലം. ഒരു വെള്ളിയാഴ്ച ദിവസം. സമയം വൈകിട്ട്‌ 4:55 ആകുന്നു.

എല്ലാവരും വീട്ടില്‍ പോകാനുള്ള തിരക്കിലാണ്‌. ഞാന്‍ എന്റെ ഒരു കയ്യില്‍ ബാഗും മറു കയ്യില്‍ ഐഡി കാര്‍ഡും പിടിച്ച്‌ വാതിലിന്റെയടുക്കലേക്ക്‌ ദീപശിഖാ പ്രയാണം കണക്കെ പാഞ്ഞു.

ഞാന്‍ ഓടി ലിഫ്റ്റിന്റെയടുക്കെലെത്തി. കുറച്ച്‌ കഴിഞ്ഞപ്പോളാണ്‌ മനസില്ലായത്‌ ലിഫ്റ്റ്‌ കേടാണന്ന്. ഒടുവില്‍ സ്റ്റെപ്പിറങ്ങി ഞാന്‍ താഴെയെത്തി. ഗേറ്റിനു മുന്നിലെത്തിയ ഓട്ടോ പിടിച്ച്‌ കഴക്കുട്ടം റെയില്‍വേ സ്റ്റേഷനില്‍ എത്തി.

മണി 5:10. എനിക്കുള്ള ട്രയിന്‍ 5 :45 ന്‌ ആണ്‌. കൗണ്ടറിനു മുന്നിലെത്തിയ ഞാന്‍ ശരിക്കും ഞെട്ടി. ചുരുങ്ങിയത്‌ ഒരെണ്‍പത്‌ പേരെങ്കിലുമുള്ള ഒരു ക്യൂ. ഞാന്‍ എണ്‍പത്തോന്നാമനായി നിലയുറപ്പിച്ചു.

പത്ത്‌ മിനിട്ട്‌ നിനിട്ടും ക്യൂവിന്‌ ഒരു ചലനവുമില്ല. ഞാന്‍ മുന്നിലുള്ള ചേട്ടായിയോട്‌ കാര്യം അന്വേഷിച്ചു. അരിയില്ലാ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നില്‍ നിന്ന സുന്ദരി മറ്റാരൊടോ പറയുന്നത കേട്ടു. ഇവിടെ ഒരു സ്റ്റേഷന്‍ മാസ്റ്ററേയുള്ളൂ. ഇനി വരുന്ന പാസഞ്ചര്‍ ട്രയിന്‍ കൂടി പോയാലേ അയാള്‍: ടിക്കറ്റ്‌ കൊടുക്കാന്‍ വരികയുള്ളൂ.

5:25 ന്‌ പാസഞ്ചര്‍ ട്രയിനിന്‌ അദ്ദേഹം ടാ ടാ നല്‍കിയ ശേഷം കൗണ്ടറിലെത്തി. കണ്ണാടിയൊക്കെ തപ്പിപിടിച്ചെടുത്ത്‌ ടിക്ക്കറ്റ്‌ കൊടുക്കാനുള്ള തയ്യാറെടുത്തപ്പ്പോള്‍ മണി 5:30. അപ്പോഴും എന്റെ പ്രതീക്ഷ എനിക്കും ടിക്കറ്റ്‌ കിട്ടും എന്നാണ്‌.

പിന്നീടാണ്‌ ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്‌, ഈ സ്റ്റേഷനില്‍ ടിക്കറ്റ്‌ എഴുതിയാണ്‌ കൊടുക്കുന്നത്‌. മുനില്‍ നിന്ന രണ്ട്‌ ഭാഗ്യവാന്മാര്‍ക്ക്‌ ടിക്കറ്റ്‌ കിട്ടി. രണ്ട്‌ പേരുടെ ടിക്കറ്റ്‌ എഴുതാന്‍ അഞ്ച്‌ മിനിട്ട്‌ സമയമെടുത്തു.

ആരോ ഒരാള്‍ പിന്നില്‍ നിന്ന് വിളിച്ക്‌ പറഞ്ഞു എന്റെ കൂടി ടിക്കറ്റ്‌ എഴുതോ!! എല്ലാവരുടെയും മുഖത്ത്‌ ആശ്വാസം തെളിഞ്ഞു. കൗണ്ടറില്‍ നിന്നും ഒരു വിളിയുയര്‍ന്നു. കൊല്ലത്തേക്കുള്ള ടിക്കറ്റ്‌ ഇനിയാര്‍ക്കേലും വേണോ??

കൊല്ലം ഒരു തരം.
കൊല്ലം രണ്ട്‌ തരം.
ടിക്കറ്റ്‌ ക്ലോസ്‌ ചെയ്യാന്‍ പോകുന്നു... ഇനിയാര്‍ക്കേലും വേണോ??
കൊല്ലം മൂന്ന് തരം.

ഇരുപത്തിനാലുപേര്‍ക്കുള്ള ടിക്കറ്റ്‌ അദ്ദേഹം ഒരുമിച്ചെഴുതി. ഇനിയാര്‍ക്കും കൊല്ലം ടിക്കറ്റ്‌ തരുകേലായെന്നും പറഞ്ഞു.

അടുത്തത്‌ നിന്നത്‌ ഒരു കോട്ടയം കാരനാണ്‌. അദ്ദേഹവും ലേലം വിളിനടത്തി എതാണ്ട്‌ മുപ്പത്‌ പേര്‍ക്കുള്ള ടിക്കറ്റുകളെടുത്തു.

അപ്പോഴും എന്റെ പ്രതീക്ഷ ഇതിനിടയിലെവിടെയെങ്കിലും ഒരു തിരുവല്ലാകാരനോ കാരിയോ കാണുമെന്നായിരുന്നു.

മണി 5:40. കൗണ്ടറില്‍ നിന്നുമൊരു വിളി!!

ചെങ്ങന്നൂര്‍ ഒരു തരം
ചെങ്ങന്നൂര്‍ രണ്ട്‌ തരം.
പെട്ടെന്നെനിക്കൊരു വെളിപാടുണ്ടായി, ഞാന്‍ വിളിച്ച്‌ പറഞ്ഞു. ഒരെണ്ണം കൂടി വേണം.

പതിന്നാലുപേര്‍ക്കുള്ള ടിക്കറ്റുമായി ഒരു മാന്യന്‍ നില്‍ക്കുന്നത്‌ കണ്ടു, നാല്‍പത്‌ രൂപാ കരം കൊടുത്ത്‌ മൊബൈല്‍ നംബര്‍ വാങ്ങി എല്ലാവരും പിരിയുകയും ട്രയിന്‍ വരികയും ഒരുമിച്ചായിരുന്നു.

അവിടെ നിന്ന പകുതിയിലേറെയാളുകള്‍ കള്ളവണ്ടി കയറുന്നത്‌ ഞാന്‍ കണ്ടു.

നിന്നുതിരിയാന്‍ സ്ഥലമില്ല്ലതെയാണ്‌ ട്രയിന്‍ എത്തിയത്‌. ഒരുവിധത്തില്‍ പുട്ടുകുറ്റിയില്‍ പുട്ട്‌ തള്ളികയറ്റുന്നപ്പോലെ ഞാന്‍ ട്രയിനിനുള്ളില്‍ കടന്നു.

ഭയങ്കര ബോറ്‌. ഞാന്‍ മോബൈലെടുത്ത്‌ ഗെയിം കളിക്കാനാരംഭിച്ചു.

കായംകുളമെത്തിയപ്പ്പ്പോള്‍: മൊബൈലിന്റെ ഗ്യാസ്‌ തീര്‍ന്നു.

ട്രയിന്‍ മാവേലിക്കര സ്റ്റേഷന്‍ പിന്നിട്ട്‌ ചെങ്ങന്നൂരടുക്കുന്നു.

ഫോണ്‍ ഓണ്‍ ചെയ്ത്‌ ടിക്കറ്റിന്റെ ഉടമസ്ഥനോട്‌ അദ്ദേഹം എത്‌ കമ്പാര്‍ട്ട്‌മെന്റില്ലാണന്ന് ഒരു എസ്‌.എം.എസ്‌ അയച്ചതും. പട്ടയടിച്ച്‌ റോഡില്‍ വീഴുന്നയാളേപ്പ്പോലെ ഫോണ്‍ ഓഫായി.

ചെങ്ങന്നൂരില്‍ വണ്ടിനിര്‍ത്തിയപ്പ്പോള്‍ ഞാന്‍ പ്ലാറ്റ്‌ ഫോമിലിറങ്ങി നോക്കി.
എവിടെ കാണാന്‍!!!.

ട്രയിന്‍ കൂകിവിളിച്ചപ്പ്പോള്‍ എന്റെ വയറ്റില്‍ ഒരു തീ പാഞ്ഞു. രണ്ടും കല്‍പിച്ച്‌ ഞാന്‍ തിരുവല്ലക്ക്‌ കള്ളവണ്ടി കയറി.

ആ പത്ത്‌ മിനിറ്റ്‌ എന്റെ മനസ്സിനെ വല്ല്ലാതെ അസ്വസ്തനാക്കി.

കുറ്റൂര്‍ പാലത്തിനുമുകളില്‍ വണ്ടിയെത്തിയപ്പോള്‍ ഈയടെ തിരുവനന്തപുരത്ത്‌ ഒരു പയ്യന്‍ ടിക്കറ്റ്‌ ചെക്കറേ പേടിച്ച്‌ ട്രയിനില്‍ നിന്നും ചാടി മരിച്ച സംഭവമോര്‍ത്തു.

വാര്‍ത്തകള്‍
ഒന്ന്


രണ്ട്


ടിക്കറ്റില്ലാതെ പിടിച്ചാല്‍ ആയിരം രൂപാ പിഴയും ആറു മാസം കുഴമ്പില്ലാതെ തടവുമാണ്‌ ശിക്ഷയെന്നെഴുതി വെച്ചിരിക്കുന്ന ബോര്‍ഡും കൂടി വായിച്ചപോള്‍ എന്റെ പാതി ജീവന്‍ പോയി.


ടി.ടി.ഇ വന്നാല്‍ എന്ത്‌ പറയും എന്നോര്‍ത്തു.

ലാലുവണ്ണാ, ലേലുവല്ലു,ലാലുവണ്ണാ, ലേലുവല്ലൂ, എന്നേ വെറുതേ വിടോ എന്ന് ടി.ടി.ഇടടുക്കല്‍ പറയുന്ന രംഗം മനസ്സില്‍ ഒാര്‍ത്ത്‌ ചിരിച്ചു.

ഒടുവില്‍ ട്രയിന്‍ തിരുവല്ലാ സ്റ്റേഷനില്‍ എത്തി.

സ്റ്റേഷന്റെ വാതിലില്‍ വല്ലവരും നിപ്പുണ്ടോയെന്ന് ഞാന്‍ ദൂരെ നിന്ന് നോക്കി.

ആരുമില്ലായെന്നുറപ്പ്‌ വരുത്തിയ ശേഷം ഞാന്‍ പുറത്ത്‌ കടന്നു.

മുതലാളിയായിരുന്നിട്ടും കള്ളവണ്ടി കയറേണ്ടി വന്ന സ്ഥിതി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകുകേല്ലാ!!!

പാതിരാത്രി ഒരു എസ്‌.എം.എസ്‌ വന്നു. "ഐ ആം ഓണ്‍ ദി ലാസ്റ്റ്‌ കംപാര്‍ട്ട്‌ മെന്റ്‌".

12 comments:

ശ്രീ said...

കൊള്ളാം.

ലേലു അല്ലു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മൊബൈലു വച്ച് ഗെയിം കളിക്കരുത്. പിന്നെ മറ്റേആളുടെ മൊബൈല്‍ bsnl ആണോന്ന് ആദ്യേചോദിച്ചു വയ്ക്കായിരുന്നു.

തമനു said...

ശരിക്കും ചിരിച്ചു ... മൊയ്‌ലാളീ...

:)

Rasheed Chalil said...

ഇതാണ് ഏത് മുതലാളിക്കും ചിലപ്പോള്‍ കള്ളവണ്ട് (കാളവണ്ടിയല്ല) വേണ്ടി വരും എന്ന് പറയുന്നത് അല്ലേ.....

ദിലീപ് വിശ്വനാഥ് said...

സീസണ്‍ ടിക്കറ്റ് എടുക്കെണ്ടേ മൊയലാളി?

കുഞ്ഞന്‍ said...

അപ്പോള്‍ കൊച്ചുമുതാലാളിയും ഒരു മുതലാണ്, റെയില്‍‌വെയുടെ...:)

ഭൂമിപുത്രി said...

രസമുണ്ട് വായിക്കാന്‍ കെട്ടൊ കൊച്ചുമുതലാളി

ദിലീപ് വിശ്വനാഥ് said...

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതും പോര, പഴി വണ്ടിക്ക്.
ആ പാവം വണ്ടി എന്ത് പിഴച്ചു അതിനെ കള്ളവണ്ടി എന്ന് വിളിക്കാന്‍?

മന്‍സുര്‍ said...

കൊച്ചുമുതലാളി...

അപ്പോ ശരിക്കുമൊരു മുതലാളിയായിരുന്നു അല്ലേ
കഷ്ടം അകത്തിട്ട കാണാമായിരുന്നു....കോച്ചു മുയലാളിയുടെ വീര്യം...ഹഹാഹഹാ...വളരെ നന്നായിരിക്കുന്നു


നന്‍മകള്‍ നേരുന്നു

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അണ്ണാ.... വേലുവും, ലാലുവും കൂടി നമ്മുടെ കൊച്ചു കേരളത്തിനെ പിഴിഞ്ഞു കുടിക്കുമ്ബം എന്തിനണ്ണാ ടിക്കെറ്റ്...?

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം മൊതലാളീ..
ഒരഭിപ്രായം:
“പുട്ടുകുറ്റിയില്‍ പുട്ട്‌ തള്ളികയറ്റുന്നപ്പോലെ ഞാന്‍ ട്രയിനിനുള്ളില്‍ കടന്നു.“
അല്ല മാഷേ..പുട്ടുകുറ്റീല്‍ പുട്ടാണോ പുട്ടിന്റെ പൊടിയാണോ തള്ളിക്കയറ്റുന്നത്?

ഹരിത് said...

ആ ലേലു അല്ലു കലക്കി.