Sunday, March 21, 2010

അപകടം

ഞാന്‍ വിദ്യാഭ്യാസ കാര്യത്തില്‍ പത്താം തരം വരെ പിറകില്‍ നിന്നും ഒന്നാം സ്ഥാനം സ്ഥിരമായി വാങ്ങുന്ന കുട്ടിയായിരുന്നു. തന്മൂലം ഉപരിപഠനത്തിന് നാട്ടിലെ കൊള്ളാവുന്ന പള്ളികൂടത്തിലൊന്നും അഡ്മിഷന്‍ കിട്ടിയില്ല. വീട്ടിലിനുന്ന് പഠിക്കേണ്ട കാലത്ത് വട്ട് കളിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞ് അച്ഛന്‍ ചൂടായി. ഞാന്‍ എന്താ ചെയ്യേണ്ടത്.. മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക.. ആദ്യവും പിന്നെയുമെല്ലാം കയിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അന്നുവരെയുള്ള എന്റെ എഞ്ചിനീയറാകനുള്ള പ്രതീക്ഷക്ക് ചുവന്ന് കൊടി പാറി.

പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു ദൈവ ദൂതന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചു. ഓപ്പണ്‍ സ്കൂള്‍ സംമ്പ്രതായത്തില്‍ സയന്‍സ് ഗ്രൂപ്പ് തുടങ്ങി. അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു അത്. ഞാന്‍ അതിനെ പറ്റി ഒന്ന് വിശദമായി ഒന്ന് തിരക്കി. എന്റെ ഭാഗത്ത് നിന്നു നോക്കിയാല്‍ അതിന് കുറേ മേന്മകള്‍ ഉണ്ടായിരുന്നു. ഒന്നാമതായി എന്നെ ആകര്‍ഷിച്ചത് സ്ഥിരമായി ക്ലാസ്സില്‍ പോകേണ്ട കാര്യമില്ല എന്നതാണ്. രണ്ടാമത്തേത് ഒന്നാംകൊല്ലം ആരേയും
തോല്‍പ്പിക്കത്തില്ല എന്നതാണ്. (തോറ്റാലും മണ്ടന്‍ പരീക്ഷയഴുതി ജയിക്കാന്‍ പറ്റും). പിന്നെ ആണ്ടിലൊരിക്കല്‍ കോണ്ടാക്ട് ക്ലാസ്സില്‍ വേണേല്‍ കയറാം ഇല്ലേല്‍ കറങ്ങാം എന്നതും ഒരു വലിയ മെന്മയാണ്. ഇങ്ങനെയൊക്കെയായാലും പരീക്ഷ റെഗുലര്‍ ബാച്ചിനൊപ്പവും സപ്രിടിക്കറ്റ് (സര്‍ട്ടിഫിക്കറ്റ്) ഹയര്‍ സെകണ്ടറിയുടെയും കിട്ടും.

പിന്നെ ഒന്നും ആലൊചിച്ചില്ല. അച്ഛന്റെയടുത്ത് കാര്യം അവതരിപ്പിച്ചു. ചെക്കന്റെ ആഗ്രഹമല്ലേ. നടക്കട്ടെയെന്ന് പുള്ളിയും വിചാരിച്ചു. വിചാരിച്ചു എന്ന് മാത്രമല്ല, ഞാന്‍ ചിന്തിച്ച് നിര്‍ത്തിയിടത്ത് നിന്ന് അദ്ദേഹം തുടങ്ങിയെന്ന് വേണം പറയാന്‍. കക്ഷി എന്റെ ചേട്ടനോട് ഈ പരിപാടിയെ പറ്റി അന്വേഷിച്ചു. ചേട്ടനും യെസ് മൂളി.

വെറുതേ വീട്ടിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ചാല്‍ പഠുത്തം നടക്കില്ല എന്നദ്ദേഹത്തിനറിയാം. അതുകൊണ്ട് അച്ഛന്‍ എന്നെ തിരുവല്ലയിലേ ഏറ്റവും നല്ല ടൂട്ടോറിയല്‍ സ്ഥാപനമായ നമ്പൂതിരീസ് കോളേജില്‍ കൊണ്ടു ചേര്‍ക്കാന്‍ പോയി. എന്റെ സന്തോഷം ഇരട്ടിച്ചു. നഗരമധ്യത്തിലുള്ള് കോളേജ്.. തീയേറ്ററുകളുള്ള സ്ഥലങ്ങളിലേക്കെല്ലാം നല്ല കണക്ടിവിറ്റി. ചുറ്റും ഒത്തിരി റെസ്റ്റൊറെന്റും മറ്റനുബന്ധ സജ്ജീകരണങ്ങളും. പിന്നെ അത്യാവശ്യം കറങ്ങി നടക്കാന്‍ ഒരു ബൈക്കും. ഒരു യുവ കോമളന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്!!

ആ കൊല്ലം പ്രീഡിഗ്രിക്ക് അവിടെ ട്യൂഷന്‍ പഠിച്ചിരുന്ന കുട്ടിക്കായിരുന്നു ഒന്നാം റാങ്ക്. പിന്നെ അവിടെ ചെന്നപ്പോഴാണ് മറ്റൊരുകാര്യം കൂടി മനസ്സിലായത്. അവിടുത്തേ പ്രിന്‍സിപ്പാളും എന്റെ അച്ഛനും ഒരേ കുഴിയില്‍ ഗോലി കളിച്ച് നടന്നവരായിരുന്നു. നിന്നെ ഞാന്‍ ശരിയാക്കാമടാ എന്നുള്ള അദ്ദേഹത്തിന്റെ ചിരി ഒരു കൊലചിരിയായി എനിക്ക് തോന്നി.

ഈശ്വരാ.. എന്നോടീ ചതി ചെയ്യരുതായിരുന്നു എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു...

വീട്ടില്‍ വന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞു.. മകനെ ഞാന്‍ കൊണ്ട് തിരുവല്ലയില്‍ ഒരിടത്ത് ചേര്‍ത്തു. ഉഴപ്പാനായി ഒരു പൈസാ കൊടുക്കരുത് കേട്ടോ. അമ്മ ഉം എന്ന് മൂളിയത് മാത്രമേ കേട്ടുള്ളു..

അങ്ങനെ എന്റെ പിതാശ്രീ തിരികെ ദുബായിലേക്ക് യാത്രയായി. പോകുന്ന വഴിയില്‍ അവസാനമായി കോളേജില്‍ ഒന്ന് കയറി എല്ലാ സാറുമ്മാരോടും ഒന്നൂടെ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ അഛനെ കൊണ്ട് വിട്ടിട്ട് വരാമെന്ന് പറഞ്ഞ് ഞാനും അവിടുന്ന് അച്ഛനോപ്പം ബസ് സ്റ്റാന്റിലെത്തി. അച്ഛന്‍ ബസ് കയറിയതും ഞാന്‍ തിരിച്ച് ഒരു പടം കാണാനായും പോയി. ആദ്യമായി ക്ലാസ് കട്ട് ചെയ്ത് പടം കാണുന്നതിന്റെ ഒരു സുഖം അന്നെനിക്ക് മനസ്സിലായി. പിന്നെ ചെറിയ ഒരു ടെന്‍ഷനും ഉണ്ടായിരുന്നു.

അടുത്ത ദിവസം ക്ലാസിലെത്തിയതും അപ്പനെ കൊണ്ട് വിട്ടോടാ എന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചതും. വിട്ടു സാര്‍. ഇന്നലെ ഒത്തിരി വൈകിയാണ് വീട്ടിലെത്തിയതുമെന്ന് ഞാന്‍ കൂട്ടി ചേര്‍ത്തു. ഞാന്‍ കള്ളമൊന്നും പറഞ്ഞുമില്ല. എന്റെ കാര്യങ്ങളെല്ലാം നടക്കുകയും ചെയ്തു. സാറുമ്മരെല്ലാം ഹാപ്പി ഞാന്‍ ഡബിള്‍ ഹാപ്പി. അങ്ങനെ വീണുകിട്ടിയ അവസരം ഞാന്‍ വളരെ വിജയകരമായി ഉപയോഗിച്ചു.

അടുത്ത ആഴ്ച തന്നെ വീണ്ടും ഒരവസരം വന്നു. ഞാന്‍ എന്റെ ഒരു സുഹൃത്തിനൊപ്പം കോട്ടയത്തുള്ള് ഒരാശുപത്രിയില്‍ ശ്വാസമുട്ട്ലിന് ചികിത്സക്ക് പോയി. അവിടെ നിന്നിറങ്ങുമ്പം ഞങ്ങടെ കോളേജില്‍ കൊമേഴ്സ് പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപകനെ കണ്ടു. ദൈവം എത്ര നല്ലവന്‍. ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു കാര്യങ്ങളോക്കെ ഒന്നന്വേഷിച്ചു. പിന്നെ എനിക്കും ഇവിടെ രണ്ടാഴ്ചയിലൊരിക്കല്‍ ചെക്കപ്പുണ്ടെന്നും പറഞ്ഞു ഫലിപ്പിച്ചു. അങ്ങനെ ആ വിവരവും കോളെജ് മുഴുവന്‍ ഫ്ലാഷ് ആയി.

ക്ലാസ് തുടങ്ങി. മൊത്തം ഏതാണ്ട് എണ്‍പത് കുട്ടികളുണ്ട്. പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. ക്ലാസ്സില്‍ ഞാന്‍ മാത്രമാണ് കൃത്യം പത്ത് കൊല്ലം കൊണ്ട് പത്താം തരം പാസായത്. മുന്‍പിലത്തെ ബെഞ്ചില്‍ ഇരുന്നും, ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ അന്നന്ന് പഠിച്ചും സാറിന്മരോട് സംശയം ചോദിച്ചും ക്ലാസ്സിലെ സ്ടാര്‍ ആയി. ചുരുക്കം പറഞ്ഞാല്‍ പഠുത്ത കാര്യത്തിലും ഞാന്‍ തന്നെയായി പുലി.

അക്കൊല്ലം ഇറങ്ങിയ എല്ലാ സിനിമകളും ഭാഷാ-തീയേറ്റര്‍ ഭേദമന്യേ ഞാന്‍ കണ്ടു. അങ്ങനെ ഓണപരീക്ഷ എത്തി. അക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. ഉച്ചക്കാണ് പരീക്ഷ. ഞാന്‍ പതിവു പോലെ രാവിലെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുകയും രാവിലെ സിനിമക്കു പോകുകയും ഒക്കെ ചെയ്തു. ഉച്ചക്ക് തിരികെ ക്ലാസിലെത്തി പരീക്ഷ എഴുതി വൈകിട്ട് വീട്ടിലെത്തുകയും ചെയ്തു. കുട്ട കണക്കിനു മാര്‍ക്ക് വാങ്ങിച്ചു. കിട്ടിയ മാര്‍ക്കിന്റെ ഭാരം കൊണ്ട് ഞാന്‍ അതൊന്നും
വീട്ടിലെത്തിച്ചില്ല. പരീക്ഷ നടന്ന കാര്യം വീട്ടില്‍ പറഞ്ഞെങ്കിലല്ലേ മാര്‍ക്കിന്റെ കാര്യം പറയേട്ണതുളളൂ എന്ന് ഞാനും വിചാരിച്ചു.

ഒന്ന് രണ്ടാഴ്ചക്കകം എല്ലാ കടലാസുകളും കിട്ടി. അന്നേരവും ക്ലാസ്സില്‍ എല്ലാ വിഷയത്തിനും ജയിച്ചത് ഞാന്‍ മാത്രം. (ജയിച്ചു എന്ന് മാത്രമേ പറയാന്‍ പറ്റൂ.)പിന്നീടാണ് ഒരു കാര്യം എനിക്ക് മനസ്സിലായത്. സ്കൂളിലെ പോലെ തന്നെ ആ ചെറിയ ടൂട്ടോറിയലിലും പ്രോഗ്രസ് കാര്‍ഡ് സമ്പ്രതായം ഉണ്ട്. അതും വീട്ടീല്‍ കൊണ്ട് ഒപ്പിടീപ്പിക്കാന്‍ തന്നു വിടില്ല. വീട്ടുകാര്‍ നേരിട്ട് വന്ന് കാര്യങ്ങള്‍ അന്വേഷിച്ച് ഒപ്പിടീപ്പിക്കണം. വീട്ടീനെങ്ങാണും ആരെങ്കിലും വന്നാല്‍ എല്ലാ
കാര്യങ്ങളും പുറത്താകും. അതറിഞ്ഞ നിമിഷങ്ങളിലൊരുനിമിഷം, ഞാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു പോയി.

അടുത്ത രണ്ടാഴ്ച ക്ലാസിലെ കാലാവസ്ഥ വളരെ ശോചനീയമായി. കുട്ടികളോരുത്തരും വീട്ടീന്ന് വിളിച്ചോണ്ട് വരാന്‍ തുടങ്ങി. ആരേലും വന്നാലോ അവിടെയൊരു പൂരം തുടങ്ങുകയായി. വിളിച്ചോണ്ട് വരിക, ഒപ്പിടുക, തിരികെ പോകുക എന്നതിനു പകരം സാറുമ്മാര്‍ അതൊരു ഉത്സവമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആണുങ്ങളെന്നോ പെണ്ണുങ്ങളെന്നോ തരം തിരിവില്ലാതെ എല്ലാവരേയും കരയിച്ചിട്ടാണ് അവിടുന്ന് വിടുന്നത്. ഇത്രക്ക് മനസാക്ഷിയില്ലാത്ത സാറുമ്മാരെ ഞാന്‍ ആദ്യമായാണ് കാണുന്നത്. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

അങ്ങനെ ഒരുമാതിരി എല്ലാ കുട്ടികളും വീട്ടീന്ന് വിളിച്ചുകൊണ്ട് വന്നു കഴിഞ്ഞു. അങ്ങനെ എന്റെ ഊഴവുമായി. ഞാന്‍ ഇന്നു വരും നാളെ വരുമെന്ന് എന്നൊക്കെ പറഞ്ഞ് രണ്ടാഴ്ച കൂടി മുന്നോട്ട് തള്ളി നീക്കി. ഒരു ദിവസം അവിടുത്തെ പ്രിന്‍സിപ്പാള്‍ എന്നെ വിളിച്ച് എന്താ വീട്ടീന്ന് വിളിച്ചോണ്ട്
വരാത്തതെന്ന് അന്വേഷിച്ചു. നാളെ വരും എന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടാഴ്ച ഇതു തന്നെയല്ലേ പറഞ്ഞതെന്നും ഇനി വീട്ടീന്ന് ആരേയെങ്കിലും വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞു. ജീവിതത്തില്‍ ടെന്‍ഷന്‍ എന്ന അവസ്ഥ ഞാന്‍ അന്ന് ഞാന്‍ ആദ്യമായി അനുഭവിച്ചു.

എങ്ങനെയെകിലും ഒരാഴ്ച മുങ്ങി നടക്കാം. അതുകഴിമ്പോള്‍ എല്ലാം ശാന്തമാകും പിന്നീട് വീണ്ടും ക്ലാസിക് കയറാം എന്നുറപ്പിച്ചു. ആ സമയത്താണ് ദിലീപിന്റെ ഇഷ്ടം പടമിറങ്ങിയത്. പടം വലിയ രസമിലെങ്കില്‍ കൂടി അടുത്ത മൂന്ന് ദിവസം ഞാന്‍ ആ പടം തന്നെ കണ്ടു. എന്റെ തലവിധി എന്നല്ലാതെ എന്താ പറയുക.

അടുത്ത ഞയറാഴ്ച്ച വൈകിട്ട് ഞാനും ചേച്ചിയും ഹോം ടൌണായ പൊടിയാടിയിലേക്ക് ബൈക്കില്‍ യാത്ര തിരിച്ചു. മാര്‍ഗ മധ്യേ ത്രിവേണി തീയേറ്ററില്‍ നിന്ന് ബിറ്റ് പടം ഫസ്റ്റ് ഷോ കണ്ട് കിറുങ്ങിയിറങ്ങി വരുന്ന രണ്ട് അമ്മാവന്മാരേ അയ്യേ.. കൂ...എന്നൊക്കെ വിളിച്ചു കളിയാക്കി.. അവര്‍ പിറകേ വരുമെന്ന് പേടിച്ച് ഞാന്‍ ബൈക്കിന്റെ സ്പീടൊന്നു കൂട്ടി.. കൂട്ടി എന്നു മാത്രമല്ല കുറയ്ക്കാന്‍ മറന്നുപോയി എന്നു കൂടി പറയണം. ബൈക്ക് സ്ഥിരമായി ഓടിക്കുമെങ്കിലും അത്
ആദ്യമായാണ് സ്പീഡില്‍ പോകുന്നത്.. അതു കൊണ്ട് സ്പീഡില്‍ പോകുന്ന ബൈക്ക് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചാല്‍ പാളുമെന്നും പുറകിലിരിക്കുന്നയാള്‍ പിടിച്ചിരുന്നില്ലേല്‍ തല പൊട്ടി ബോധം പോകുമെന്നും എനിക്ക് മനസ്സിലാവാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.

ഞയറാഴ്ചയായതിനാല്‍ രാത്രി ആ സമയത്ത് അതുവഴി വണ്ടി കുറവായിരുന്നു. ബോധമില്ലതെ എന്റെ കയിലിരിക്കുന്ന ചേച്ചിയേ പൊക്കിപിടിച്ച് വഴിക്ക് നടുവിലേക്ക് നിന്നു. കുറച്ച് വണ്ടികളേ അതുവഴി വന്നുള്ളുവെങ്കിലും ഒന്നും നിര്‍ത്തിയില്ല.. ഒടുവില്‍ ഒരു ടെമ്പോ ട്രാവലര്‍ നിര്‍ത്തി. ഞാന്‍ അതില്‍ കയറി. ആദ്യം നിങ്ങള്‍ക്ക് ഒരു പ്രശ്നവും വരികില്ലെന്ന് ഉറപ്പ് കൊടുത്തു. എനിക്കാശ്വാസം കിട്ടിയില്ലെങ്കിലും അവര്‍ക്കതൊരു ആശ്വാസമായി തോന്നി. കാവുഭാഗത്ത് നിന്ന് നേരേ പുഷ്പഗിരി ഹോസ്പിറ്റലിലേക്ക് വിട്ടു.

ഞാന്‍ കുടുംബത്തില്‍ വിളിച്ച് വണ്ടിയില്‍ നിന്നും വീണു ചേച്ചിക്ക് ബോധമില്ലാതെ കൊണ്ടു പോവുകയാണെന്നു പറഞ്ഞു. നീ ചുമ്മാ കളി പറയാതെ വേഗം വരാന്‍ നോക്കെന്ന് പറഞ്ഞ് പേരപ്പന്‍ ഫോണ്‍ കട്ട് ചെയ്തു. എന്റെ വീട്ടില്‍ വിളിച്ചപ്പോഴും ഇതു തന്നെയായിരുന്നു പ്രതികരണം. ഞാന്‍ എന്റെ സുഹൃത്തായ രഞ്ജിത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ എന്റെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പെങ്ങള്‍ അവനോട് ചിരിച്ചുകൊണ്ട് പറയുവാ. ഏപ്രില്‍ ഫൂള്‍ നവംബറിലേക്ക് മാറ്റിയതറിഞ്ഞോ? ചേട്ടനും ചേച്ചിയും ബൈക്കില്‍ നിന്നു വീണു ബോധമില്ലാതെ ആശുപത്രിയിലേക്ക് പോവുകയാണെന്ന്. അവന്റെ കളി എന്നോടാ.. ഞാന്‍ എത്ര നാളായി അവനെ കാണാന്‍ തുടങ്ങിയിട്ട് എന്നെല്ലാമുള്ള ബോണസ് നംബറുകള്‍ വേറെയും.

രഞ്ജിത്ത് വന്ന് കാര്യം സീരിയസ്സായി വീട്ടില്‍ പറഞ്ഞതിനു ശേഷം രംഗം മാറി. എല്ലാവരും കൂടി നേരെ ആശുപത്രിയിലേക്ക് വന്നു. കുടുംബത്തില്‍ അത്രയും ആളുകള്‍ അന്നുണ്ടായിരുന്നു എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ശരിക്കും പറഞ്ഞാല്‍ ഒരുത്സവത്തിനുള്ള തിരക്ക്.

സ്കാനിങ്ങും മറ്റ് പ്രാഥമിക ചികിത്സകളും കഴിഞ്ഞ് ചേച്ചിയേ ഐ.സി.യൂ വില്‍ കിടത്തി.
അന്നു രാത്രി അവിടെ ആശുപത്രിയിലെ കട്ടിലില്‍ നിന്ന് ഞാന്‍ ഉരുണ്ട് വീഴുകയും എന്റെ കാല്‍മുട്ട് തെന്നിമാറുകയും ചെയ്തു. രാവിലെയായപ്പോള്‍ നടക്കാനൊരു പ്രശ്നം. കൂട്ടത്തില്‍ ഒരു കാല് മടങ്ങുന്നുമില്ല. രാവിലെ കട്ടകമ്പനിയില്‍ (ജിം) പോയിട്ട് വന്ന രഞ്ജിത്ത് കാലു കണ്ടിട്ട് ഇത് ചെറിയൊരു തിരുമു ചികിത്സകൊണ്ട് ഭേദമാകാനുള്ളതേയുള്ളൂ എന്ന് പറഞ്ഞു. എന്നിട്ട് ക്വിന്റലിനു വെറും എട്ട് കിലോ മാത്രം കുറവുള്ള എന്നേയും വെച്ച് സൈക്കിളില്‍ നാട്ടിലുള്ള നാടാരുടെ അടുത്തേക്ക് യാത്ര തിരിച്ചു. നാടാരുടെ ഭാഗ്യമെന്നോ അതോ രഞ്ജിത്തിന്റെ നിര്‍ഭാഗ്യമെന്നോ വേണം പറയാന്‍, നാടാരു മരിച്ചിട്ട് അന്ന് ഒരാഴ്ച കഴിഞ്ഞിരുന്നു. (ഭാഗ്യമുള്ളവരെ ദൈവം നേരത്തെ മുകളിലോട്ട് വിളിക്കുമെന്ന് പണ്ട് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് !!)

വീണ്ടും എന്നെയും കൊണ്ട് പുഷ്പഗിരി ആശുപത്രിയില്‍ വന്നു. നേരെ കാഷ്വാലിറ്റിയില്‍ ചെന്നു അവിടെയുണ്ടായിരുന്ന ഒരു ഡോക്ടറോട് നാടാര്‍ മരിച്ചുപോയ കാര്യമൊഴികെയെല്ലാം പറഞ്ഞു. പിന്നീട് എന്നെ ഒരു കട്ടിലില്‍ കിടത്തി. പല വലുപ്പത്തിലും നിറത്തിലുമുള്ള ആളുകള്‍ എന്നെ വന്നു കണ്ടിട്ടു കാര്യം അന്വേഷിച്ചു പോയി. വരുന്നവരോടും പൊകുന്നവരോടും കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞ് മടുത്തത് കാരണം, ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനി ചികിത്സിക്കാന്‍ വരുന്ന ഡോക്ടറോട് മാത്രമേ കാര്യം പറയുന്നുള്ളു... അങ്ങനെ ഒരു സ്ത്രീ വന്നു എന്നോട് കാര്യം തിരക്കി..

ഞാന്‍ ചോദിച്ചു, നിങ്ങള്‍ ഡോക്ടറാണോ? അവര്‍ എന്നോട് അല്പം ശബ്‌ദമുയര്‍ത്തി ചോദിച്ചു.. നീയെന്നാ വെള്ളമടിച്ചിട്ടുണ്ടോ? അവരുടെ ആ ഒരു ചോദ്യത്തില്‍ നിന്നും മാത്രം എനിക്ക് മനസ്സിലായി അവര്‍ ഡോക്ടറാണെന്ന്. ഇവന്റെ കൂടെ ആരും വന്നിട്ടില്ലേ? എപ്പോള്‍ വന്നതാ എന്നൊക്കെ അവിടെയുണ്ടായിരുന്ന ഒരു നേഴ്സിനോട് അവര്‍ അന്വേഷിച്ചു. ഇവന്റെ കാല്‍ ഓപ്പറേറ്റ് ചെയ്യണം. അതിനു ബന്ധുക്കള്‍ ആരെങ്കിലും വന്ന് ഒപ്പിടണം എന്നോക്കെ അവര്‍ എന്നോട് പറഞ്ഞു. അതു കേട്ടപ്പോള്‍ എനിക്ക് പെട്ടന്ന് ഓര്‍മ വന്നത് ജഗതി പറയുന്ന ഒരു ഡയലോഗാണ്. “അയ്യോ എനിക്ക് ഓപ്പറേഷന്‍ വേണ്ടായേ.. എനിമാ മതിയേ....”. കൂട്ടത്തില്‍ കൊല്ലാന്‍ കൊണ്ടു പൊകുന്ന ആടിന്റെ നിസ്സയാവസ്ഥയും.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്റെ അടുത്തുള്ള കട്ടിലില്‍ നല്ല മുഖ പരിചയമുള്ള് ഒരു വ്യക്തി നിറയെ മുറിവുകളുമായി വന്നു കിടക്കുന്നു. അദ്ദേഹം എന്നേ ഒന്നു നോക്കി, ഞാന്‍ തിരിച്ചും ഒന്നു നോക്കി. എന്നേ അദ്ദേഹത്തിനു മനസ്സിലായില്ല. വൈകാതെ തന്നെ അദ്ദേഹത്തിന്റെ അടുത്ത് മറ്റൊരാള്‍ വന്നിരിക്കുന്നു. മറ്റാരുമല്ല, ഞാന്‍ പഠിക്കുന്ന ടൂട്ടോറിയല്‍ കോളേജിന്റെ പ്രിന്‍സിപ്പാള്‍. അവിടുന്നു ഓടി പോണോ അതൊ അവിടെ തന്നെ കിടക്കെണോ എന്നെനികറിയാതെയായി. പെട്ടെന്ന് എന്റെ മനോഭാവം മാറി.. എന്നേ എത്രയും വേഗം ഓപ്പറേറ്റ് ചെയ്യോ എന്നായി..

നിനക്കിതെന്തു പറ്റി എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ഞാന്‍ കാര്യം അവതരിപ്പിച്ചു. പേരപ്പന്‍ വന്ന് കക്ഷിയോട് സലാം പറഞ്ഞു. പെട്ടെന്നെന്നെ പൊക്കി ചക്രമുള്ള ഒരു കട്ടിലില്‍ കിടത്തി രണ്ടു മല്ലന്മാര്‍ തള്ളികൊണ്ടു പോയി. പിന്നീട്ട് അവര്‍ എന്തൊക്കെ സംസ്സാരിച്ചിട്ടുണ്ടാകുമോ എന്തോ. ഈശ്വരാ എന്നെ കാത്തു കൊള്ളണേ.. ഞാന്‍ ഇനി നന്നായി പഠിച്ചോളാമേ എന്നൊക്കെ പറഞ്ഞു.

ഓപ്പറേഷന്‍ ചെയ്യാന്‍ ഒരു ചെറിയ സൂചി മാത്രമേ ഉപയോഗിച്ചുള്ളു.. എന്നിട്ട് എന്റെ കാല്‍ മുഴുവന്‍ അവര്‍ പഞ്ഞി ചുറ്റി നിറച്ചു. അതെന്തിനാണെന്ന് എനിക്ക് ഇന്നും അറിയില്ല. എന്നിട്ടെന്നെ വാര്‍ഡിലേക്ക് മാറ്റി. അവിടെ എല്ലാരും എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഓപ്പറേഷന്റെ കാര്യം മാത്രമേ എല്ലാവരും ചോദിച്ചുള്ളു. എനിക്ക് പാതി ആശ്വാസമായി.

അന്നു മുഴുവന്‍ എല്ലാ വിഷയങ്ങളും പഠിപ്പിച്ച അധ്യാപരും എന്നെ വന്ന് സന്ദര്‍ശിച്ച് മടങ്ങി. മണ്ടന്മാരിലെ രാജാവായതു കൊണ്ടാണോ അതോ രാജാക്കന്മാരിലെ മണ്ടനായതുകൊണ്ടാണൊ എന്തോ അവരാരും കാര്യമായി ഒന്നും ബോധിപ്പിച്ചില്ല..

ഒന്നു കാല്‍ പ്ലാസ്റ്ററിട്ട് ആശുപത്രിയില്‍ കിടന്നതു കൊണ്ട് കിട്ടിയ ഗുണം എന്ന് പറയേണ്ടത് പ്രോഗ്രസ്സ് കാ‍ര്‍ഡ് ഒപ്പിടാന്‍ വീട്ടീന്ന് വിളിച്ചോണ്ട് പോകേണ്ടി വന്നില്ലയെന്നാണ്. ഇനിയെന്നാണോ എന്റെ അടുത്ത കാലില്‍ പ്ലാസ്റ്ററിടുന്നതെന്ന് ആലൊചിച്ച് ഞാന്‍ എന്റെ യാത്ര ഇപ്പോഴും തുടരുന്നു...