Thursday, June 26, 2008

ഇംഗ്ലീഷ് പഠനം.. ഒരു കീറാമുട്ടി.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ദുഫായി രാജ്യത്ത് നിന്ന് ഞാന്‍ ഇന്ത്യയിലേക്ക് ഞാന്‍ ചേക്കേറി. ചേക്കേറീന്ന്
മാത്രമല്ല വളരാനും, പഠിക്കാനും, തല്ലു കൊള്ളാനും കൊടുക്കാനും തുടങ്ങി. അങ്ങനെ എണ്‍പതുകളുടെ ഒടുക്കം ഞാന്‍
സ്കൂളില്‍ പോകാന്‍ തുടങ്ങി.

ഉടുപ്പ്, കുട, ചോറും പാത്രം തുടങ്ങിയ വസ്തുക്കളെല്ലാം പുതിയത്. സ്കൂളിലാണെങ്കില്‍ കൂട്ടുകാരും സാറുമ്മാരും ക്ലാസ്
മുറികളും എന്നു വേണ്ട് എല്ലാം സ്ഥാപനജംഗമങ്ങളും തന്നെ എനിക്ക് പുതിയതായിരുന്നു. ചില കൂട്ടുകാര്‍ അവരുടെ മാതാ
പിതാക്കള്‍ അവരെ രാവിലെ സ്കൂളില്‍ ഉപേക്ഷിച്ച് പോയതിന് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. അതും എനിക്ക് പുതിയ
അനുഭവമായിരുന്നു.

പാട്ടും ഡാന്‍സുമൊക്കെയായി ആദ്യ കുറേ ദിവസങ്ങള്‍ കഴിഞ്ഞു. ഞാനും കൂട്ടുകാരും സ്കൂളിലെ അന്തരീക്ഷവുമായി
ഇണങ്ങിച്ചേര്‍ന്നു. ഞാന്‍ വളരെ ഹാപ്പിയായി എന്നും വളരെ ഊര്‍ജ്ജസ്വലമായി സ്കൂളില്‍ പോയി തുടങ്ങി.

പെട്ടന്നൊരു ദിവസം ഒരു പുതിയ പരിപാടി ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷാ പഠനം. ആദ്യമായി ഞങ്ങളെ പഠിപ്പിച്ചത് എ, ബി,
സി, ഡി വലിയ അക്ഷരങ്ങളായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെന്‍സിലുപയോഗിച്ച് ‘എ’ എന്ന അക്ഷരം എഴുതി.
തുടന്നുള്ള ദിവസങ്ങളില്‍ മറ്റ് അക്ഷരങ്ങളും എഴുതാന്‍ തുടങ്ങി. മുഴുവന്‍ അക്ഷരങ്ങളും എഴുതാന്‍ പഠിച്ചപ്പോള്‍ ചിലത്
അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാന്‍ തുടങ്ങി. അതായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു പുതിയ സാധനം ടീച്ചര്‍ കൊണ്ടുവരുന്നത് കണ്ടു. കൂട്ടുകാര്‍ പലതും
പിറുപിറുക്കാന്‍ തുടങ്ങി. ടീച്ചര്‍ അത് മുതുക് ചൊറിയാന്‍ കൊണ്ടുവന്നതായിരിക്കുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.
പിന്നെയാണ് അതൊരു മള്‍ട്ടി പര്‍പ്പസ് സ്റ്റിക്കാണെന്ന് മനസ്സിലായത്.

സ്കൂളില്‍ നിന്ന് ആദ്യ വീക്ക് കിട്ടിയതും സ്കൂളില്‍ പോകാനുള്ള എന്റെ ഇന്‍‌ററെസ്‌റ്റ് കുറേശെ പോയി തുടങ്ങി. പിന്നെ
ദിവസവും രാവിലെ വയറുവേദന, തൊണ്ട വേദന തുടങ്ങിയ അസുഖങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി. ഒന്നും
ഫലവത്തായില്ലന്നു മാത്രമല്ല സ്കൂളില്‍ നിന്ന് കിട്ടുന്ന തല്ലിനു കുറവൊട്ടും വന്നതുമില്ല.

ഓടുവില്‍ ഒരുവിധം അക്ഷരങ്ങളും വാക്കുകളും ഒക്കെ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. അങ്ങനെ ഞാ‍ന്‍ സ്കൂളിന്‍
നിന്ന് തല്ല് കൊണ്ടും കൂട്ടുകാര്‍ക്ക് വീതിച്ച് കൊടുത്തും പതം വന്ന് പത്താം ക്ലാസ്സ് വരെയെത്തി. ആ കൊല്ലമാണ് ഇംഗ്ലീഷില്‍
ഗ്രാമ്മറിനുള്ള പ്രസക്തി മനസ്സിലായത്. അന്ന് വരെ വായില്‍ വരുന്നത് പോലെ എഴുതി ജയിച്ച എനിക്ക് അത് ഒരു കീറാമുട്ടി
തന്നെയായിരുന്നു.

പ്രസെന്‍‌റും, പാസ്റ്റും പാര്‍ട്ടിസിപ്പിളും എന്നെ കുഴപ്പിക്കന്‍ തുടങ്ങി. അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഗീത ടീച്ചറിന്റെ സ്ഥിരം
ഇര ഞാന്‍ ആയി മാറി. ഒന്നാം പിരീഡില്‍ ടീച്ചര്‍ എന്നെ വീക്കി വാം അപ്പ് നടത്തി തുടങ്ങി. ഒടുക്കം തല്ലി തല്ലി ടീച്ചറിന്റെ
കൈ കുഴഞ്ഞതല്ലാതെ എനിക്ക് വലിയ മാറ്റമൊന്നും വന്നില്ല. അങ്ങനെ പാസ്സ് മാര്‍ക്ക് വാങ്ങി ഞാന്‍ പത്താം തരം പാസായി.
അഞ്ചേ അഞ്ച് കൊല്ലംകൊണ്ട് തന്നെ എന്നെ കൊണ്ടാവുന്നത് പോലെ പഠിച്ച് ഞാന്‍ പ്ലസ് ടൂവും ഡിഗ്രിയും പാസായി.

ഡിഗ്രിക്ക് ശേഷം ഇനിയെന്ത് എന്നുള്ള ചോദ്യം എന്നെ വേട്ട ചാടി. ഒന്നു രണ്ട് വര്‍ഷം വെറുതേ കളഞ്ഞു. ഓടുവില്‍ ഞാന്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍‌റ് നെറ്റ്വര്‍ക്കിംങ്ങ് കോഴ്സിനു ചേര്‍ന്നു. ഇതിനിടയില്‍ എന്നോട് ആരോ സ്പോക്കണ്‍ ഇംഗ്ലീഷ്
പഠിക്കുന്ന കാര്യം പറഞ്ഞു. ഞാന്‍ പല സ്ഥപനങ്ങളെയും പറ്റി തിരക്കി. ഒരു ദിവസം മനോരമ പത്രത്തില്‍ ഒരു പരസ്യം
കിടക്കുന്നു. ‘ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ പണം തിരിക‘ എന്ന തലക്കെട്ടുമായി. സ്ഥലം കോട്ടയം. തിരുവല്ലയില്‍ നിന്നും
ദിവസവും പോയി വരാവുന്ന ദൂരം.

ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളായ നാരായണന്‍ കുട്ടിയുമായും, ടിന്റുവുമായും ആലോചിച്ചു. സംസാരിച്ചില്ലെങ്കില്‍
പണം തിരിച്ച് തരുമെന്നുണ്ടെങ്കില്‍ പോകാമെന്ന് പറഞ്ഞു. ഞങ്ങള്‍ മൂന്ന് പേരും അവിടെ ചെന്നു. പണം തിരികെ തരുമെന്ന്
രണ്ട് വട്ടം ഉറപ്പ് വരുത്തിയ ശേഷം രണ്ടായിരം രൂപ ഒടുക്കി രസീത് വാങ്ങി.

ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങി. ക്യാറ്റ്-പൂച്ച, ഡോഗ്-പട്ടി, മാ‍ന്‍-മനുഷ്യന്‍...... ഞങ്ങക്ക് ചൊറിഞ്ഞ് തുടങ്ങി. രണ്ട്
ദിവസം ഈ കലാപരിപാടി തുടര്‍ന്നു. മൂന്നാം ദിവസം അവിടുന്ന് പൈസയും തിരികെ വാങ്ങി അവിടുന്നിറങ്ങി. ഞങ്ങള്‍
കൊടുത്ത അതേ കറന്‍സി നോട്ടുകള്‍ തന്നെ തിരികെ കിട്ടി. ഞങ്ങള്‍ അധികം അവിടെ തുടരത്തില്ലെന്ന് അവര്‍ക്ക് തൊന്നിയിരിക്കണം.

പിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പരസ്യം പത്രത്തില്‍ കണ്ടു. നാന്നൂറ് രൂപ വിലയുള്ള സ്പൊക്കണ്‍ ഇംഗ്ലീഷ്
പുസ്തകവും ക്ലാസിന്റെ സിഡിയും. വി.പി.പി ആയി അയച്ച് തരും. ഞാന്‍ അവിടെ വിളിച്ച് ഒരു കോപ്പിക്ക് ഓര്‍ഡര്‍
കൊടുത്തു. ആ ആഴ്ച്ച അവസാനം സാധനം വന്നു. ആരെയും കാണിക്കാതെ സ്വന്തമായി ഇംഗ്ലീഷ് പഠിക്കാമെന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ കിറ്റ് പൊട്ടിച്ച് പുസ്തകം വായിച്ച് തുടങ്ങി.

പ്രസെന്റും പാസ്റ്റും പാര്‍ട്ടിസിപ്പിളും കണ്ടതും തട്ടിന്‍ പുറത്ത് ഒരു പുസ്തകം കൂടി കൂടിയതും വളരെ പെട്ടന്നായിരുന്നു.

ഓടുക്കം തൊഴിലന്വേഷണം ആരംഭിച്ചു. കുറേ ഇന്റര്‍വ്യൂകളില്‍ പരാജയപ്പെട്ട് ഒടുക്കം ഒരു സ്ഥാപനം എനിക്ക് പയറ്റാന്‍
ഒരവസരം തന്നു. അവിടെ എന്നെ അലട്ടിയ ഒരു പ്രശ്നം ഇംഗ്ലീഷില്‍ തെറ്റ് കൂടാതെ സംസാരിക്കണം എന്നുള്ളതായിരുന്നു.
മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ ചൊല്ല്. അത് കൊണ്ട് ഞാന്‍ കൂടുതല്‍ സമയവും മറ്റുള്ളവര്‍ പറയുന്നത് കേട്ടിരുന്നു.

ഒടുവില്‍ കമ്പനി ചിലവില്‍ തിരുവനന്തപുരത്തുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ എന്നെ ഇംഗ്ലീഷ് പഠനത്തിനയച്ചു. അവിടെ
ചെന്നപ്പോള്‍ ഒരു പരിചയമുള്ള മുഖം. മറ്റാരുമല്ല, എന്നോടൊപ്പം പത്താം തരം വരെ പഠിച്ച നിമ്മിയായിരുന്നു അത്.
ഞാന്‍ ആദ്യം വിചാരിച്ചു ആ കുട്ടിയും അവിടെ പഠിക്കാന്‍ വന്നതായിരിക്കുമെന്ന്. പിന്നീടാണു ഞാന്‍ അറിഞ്ഞത് അത്
അവിടെ അധ്യാപികയായി ജോലി ചെയ്യുകയാണെന്ന്.

“World is round, so we will meet again” എന്ന് ആ കുട്ടി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതിന്റെ
പൊരുള്‍ അപ്പോഴാണു മനസ്സിലായത്. ദൈവ കൃപയാല്‍ എനിക്ക് നിമ്മിയുടെ ക്ലാസ്സില്‍ തന്നെ സീറ്റ് കിട്ടി. എന്തൊരു യോഗം.
തന്നോടൊപ്പം ഒരേ ക്ലാസ്സില്‍ പഠിച്ച് വളര്‍ന്ന് രണ്ട് ആളുകള്‍. ഒരാളിന്റെ അടുത്ത് മറ്റൊരാള്‍ പണം മുടക്കി പഠിക്കാന്‍
ചെല്ലുന്ന അവസ്ഥ.. അണ്‍ സഹിക്കബിള്‍. എന്റെ ആത്മാഭിമാനം എന്നെ വേട്ട ചാടി. അവിടെ പഠിച്ചില്ലെങ്കില്‍ ആറ്റു
നോറ്റിരുന്ന് കിട്ടിയ ജോലി വെള്ളത്തിലാകും. കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ.

ഓടുവില്‍ ഞാന്‍ പാതി മനസ്സോടെ ഇംഗ്ലീഷ് പഠനം പുനരാരംഭിച്ചു. പ്രസെന്റും പാസ്റ്റും പാര്‍ട്ടിസിപ്പിളും വീണ്ടും എന്നെ വേട്ട
ചാടി. ആദ്യ ക്ലാസ് ടെസ്റ്റില്‍ ഞാന്‍ പൊട്ടി. സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ എന്നെ വിളിച്ചു കാര്യം അന്വേഷിച്ചു. എടാ..
സ്കൂളില്‍ പോയപ്പോള്‍ രണ്ട് പേരോടും വീട്ടീന്ന് പറഞ്ഞു വിട്ടു, നോക്കിയും കണ്ടും ശ്രദ്ധിച്ചിരുന്ന് പഠിച്ചോണമെന്ന്. നിമ്മി
പുസ്തകം നോക്കി പഠിച്ചു. നീ ടീച്ചറിനെ നോക്കി പഠിച്ചു. അതാ നിനക്കീ ഗതി വന്നത്. ഇനിയെങ്കിലും മര്യാദക്ക് പഠിക്കാന്‍
നോക്ക്. അത് എനിക്ക് ഫീല്‍ ചെയ്തു.

ആ രാത്രി ഞാന്‍ പന്ത്രണ്ട് ടെന്‍സും ഞാന്‍ മനപ്പാടമാക്കി ഒപ്പം ഓരോ എക്സാം‌പിളും.. പിറ്റേന്ന് രാവിലെ ചെന്ന് എല്ലാം
ഞാന്‍ ഒറ്റ ശ്വാസത്തില്‍ അവിടെയുള്ളവരെ പറഞ്ഞ് കേള്‍പ്പിച്ച് കൈയടി വാ‍ങ്ങി. ഓടുവില്‍ ഒരു മാസത്തെ കോഴ്സ്
പൂര്‍ത്തിയാക്കി ഞാന്‍ അവിടുന്ന് തടി തപ്പി.

തിരികെ കമ്പനിയില്‍ വന്നതും ഞാന്‍ പഴയ ശൈലി പുറത്തെടുത്തു. ടീം ലീഡര്‍ പറഞ്ഞു. ‘പട്ടീടെ വാല്‍ പന്തീരാണ്ടുകാലം
കുഴലിലിട്ടാലും നേരയാവില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.’

ഞാന്‍ തിരിച്ചും പറഞ്ഞു. ‘പട്ടീടെ വാല്‍ പട്ടീടെ അനുവാദമില്ലാതെ കുഴലിലിട്ടാല്‍ കുഴലു വളഞ്ഞു പോകും...’

ഓടുക്കം ഞാന്‍ ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവും ലളിതവുമായ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു കൊണ്ടേയിരുന്നു... ഇപ്പോഴും

തിരയുന്നു....

Friday, May 16, 2008

ഒരു ഇടവമാസം ഒന്നാം തീയതി

പതിവു പോലെ ഇന്നു രാവിലെയും ഞാന്‍ പ്രാതല്‍ കഴിക്കാന്‍ കേശവദാസപുരത്തെത്തി. കടയ്ക്കുള്ളില്‍ കയറിയപ്പോള്‍
എന്റെ ഒരു സുഹൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്നു. ഒരു മസാല ദോശയ്ക്കും
ഒരു കാപ്പിക്കും ഓര്‍ഡര്‍ കൊടുത്തിട്ട് ആ സുഹൃത്തിനോട് കുശലാന്വേഷണമാരംഭിച്ചു. അദ്ദേഹം കേശവദാസപുരത്ത് ഒരു
വിവര സാങ്കേതിക വിദ്യ അനുബന്ധ സേവനങ്ങള്‍ക്കാവശ്യമുള്ള (ITES) അഥവാ പുറം ജോലി കാരാറുകള്‍(BPO)കൈകാര്യം ചെയ്യാനുള്ള ആളുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനം നടത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ആളുകള്‍ വന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുകള്‍ വെയ്ക്കുന്ന സ്ഥലം. അങ്ങനെ വന്ന നൂറുകണക്കിനാളുകളില്‍ മൂന്ന് പേര്‍ അവിടെ കേശവദാസപുരം കവലയില്‍ തന്നെ ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. അവര്‍ എന്റെ ജില്ലയില്‍ നിന്നും വന്ന് അവിടെ പഠിക്കുന്നവരാണ്.

കഴിഞ്ഞ ദിവസം രാത്രി അവര്‍ പതിവു പോലെ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി. അതിലൊരാള്‍ രാജകുമാരന്‍ എന്ന്
മലയാളീകരിച്ചാല്‍ പേരുള്ളവരാണ്. അവന് ഒരു കിളിയുമായി ചില നേര്‍വരയുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് തിരകെ മുറിയില്‍ എത്തിയിട്ടും സംസാരിച്ച് അവന്റെ വായിലെ വെള്ളം വറ്റിയിട്ടില്ലായിരുന്നു. ഏതാണ്ട് രാത്രി പത്തരമണിയായപ്പോള്‍ മൊബൈലിന്റെ ബാട്ടറി തീരുകയും അവരുടെ മുറിയിലെ വെട്ടം കെടുത്തുകയും ചെയ്തു.

സമയം ഏതാണ്ട് രാത്രി രണ്ട് കഴിഞ്ഞു. കതകില്‍ മാന്യമായ രീതിയില്‍ ആരോ മുട്ടി. വെട്ടികൊന്നാല്‍ അറിയാത്ത പോലെ
കിടന്നുറങ്ങുകയായിരുന്നു അവര്‍ മൂന്ന് പേരും. പുറത്ത് കതകില്‍ കൊട്ടലിന്റെ മാന്യത ഇത്തിരി കുറഞ്ഞു. രാജകുമാരന്‍
കണ്ണ് തുറന്നു. സ്വപ്നം വല്ലതും കണ്ടതാണോയെന്ന് ഒന്ന് സംശയിച്ചിരുന്നു. പെട്ടന്ന് കതകിലുള്ള തട്ടല്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി.

ഉടുത്തിരുന്ന പുതപ്പ് മാറ്റുന്നതിനിടയിലോ അതോ മുണ്ട് തപ്പുന്നതിനിടയിലോ കൂടെ കിടന്നിരുന്ന ഒരുത്തന്‍ എന്തരോ കാര്യം
വിളിച്ചു. രാജകുമാരന്റെ പാതി ഉറക്കത്തിലുള്ള മറുപടി കൊണ്ടോ അതോ കതകിലെ മുട്ടലിന്റെ വേഗത കൊണ്ടോ
അവനും ഉണര്‍ന്നു. മൂന്നാമനെ അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് കട്ടിലിന്‍ നിന്നും ഉന്തി നിലത്തിട്ടുണര്‍ത്തി. ഈ
സംഭവങ്ങള്‍കിടയിലും കതകിലെ കൊട്ടലിനു കുറവൊന്നും ഇല്ലായിരുന്നു. ഇപ്പം തട്ടലിന്റെ കൂട്ടത്തില്‍ കതക് തുറക്കടായെന്നൊരു ഭാഷ്യം കൂടി കേട്ടുതുടങ്ങി.

കൂട്ടത്തിലെ നേതൃത്വ പാഠവമുള്ള രാജകുമാരന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇതേതോ തസ്കരനാണ്. പെട്ടന്നാണ് അവരുടെ
മുറിയില്‍ റെഡ് അലേര്‍ട്ട് സിഗ്നല്‍ കത്തി. ഒരുത്തന്‍ ആപ്പിള്‍ മുറിക്കുന്ന പിച്ചാത്തിയും മറ്റേവന്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചും
കൈയിലെടുത്തു. രാജകുമാരന്‍ കതകിന്റെ അരികില്‍ നിന്ന് ഹോളിവുഡ് സിനിമയിലെ കമാന്റോ അറ്റാക്ക് മാതിരി കൈ
കൊണ്ട് മൂന്ന് മുതല്‍ ഒന്നു വരെ കാണിച്ച് കതക് തുറന്നു.

കതക് തുറന്നതും അവരൊന്നു ഞെട്ടി. വീരപ്പന്‍ കുഴിമാടത്തില്‍ നിന്നെണീറ്റു വന്ന മാതിരിയുള്ള രണ്ട് രൂപങ്ങള്‍. ഒറ്റ്
വ്യത്യാസം മാത്രമേയുള്ളൂ.. വീരപ്പന്‍ മെലിഞ്ഞതാണ്. ഇവര്‍ രണ്ട് പേരും ഗര്‍ഭണന്മാരാണ് (കുടവയറുള്ളവര്‍). കേരളാ
പോലീസിന്റെ രൂപം കണ്ടതും ഒരുത്തന്റെ കയ്യിലുള്ള പിച്ചാത്തി അപ്രത്യക്ഷമായി. മറ്റേവന്‍ ആളറിയാതെ ആരടാ നീയെന്നും
കൂടി ചോദിച്ചു. രാജകുമാരന്‍ വളരെ മാന്യമായ രീതിയില്‍ ആ വന്ന പോലീസുകാരോട് കാര്യം തിരക്കി. അവര്‍ ഈ മൂന്ന്
പേരേയും പറ്റിയുള്ള കാര്യങ്ങള്‍ രാജകുമാരനോട് ചോദിച്ചറിഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് മൂന്ന് പേരും മെഡിക്കല്‍
കോളേജ് സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞിട്ട് സ്ഥലം വിട്ടു.

പിന്നെ അവര്‍ ഉറങ്ങിയില്ല. എന്തായിരിക്കും കാര്യമെന്ന് അവര്‍ കൂടിയിരുന്നാലോചിച്ചു. മുന്‍പ് നടന്ന പല കാര്യങ്ങളും
അവര്‍ ചര്‍ച്ച ചെയ്തു. അതിലൊന്നും തന്നെ ഒരു പോലീസ് കേസ് വരത്തക്കവണ്ണമുള്ള ഒരു കാര്യവും ഇല്ലായിരുന്നു. ഇനി
സമീപങ്ങളില്‍ നടന്ന തേങ്ങാ മോഷണവും തലയില്‍ കെട്ടി വെയ്ക്കാന്‍ വിളിച്ചതായിരിക്കുമോ? അവര്‍ മൂന്നു പേരും അടുത്ത
സുഹൃത്തുക്കളായിരുന്നിട്ടു കൂടി അവര്‍ പരസ്പ്പരം സംശയിച്ചു....

അതിലൊരു ലോലഹൃദയന്‍ അമ്മയെക്കാണമെന്നും മറ്റും പറഞ്ഞ് തേങ്ങാന്‍ തുടങ്ങി. എന്തൊക്കെയായാലും നാളെ നേരം
വെളുക്കട്ടെ. പണി തന്ന ദൈവം പണിയില്‍ നിന്നൂരാനുള്ള താക്കോലും തരുമെന്ന് പറഞ്ഞ് രാജകുമാരന്‍ മറ്റ് രണ്ട് പേരേയും
സമാധാനിപ്പിച്ചു.

നേരം വെളുത്തു. രാവിലെ വീട്ടില്‍ വിളിച്ച് സാധാരണ സംസാരിക്കുന്ന രീതിയില്‍ സംസാരിച്ചു. അവിടെയൊന്നും പോലീസ്
ഇതുവരെ ചെന്നിട്ടില്ല. അവര്‍ വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. കൂട്ടത്തിലുള്ള ദുര്‍ബലന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇനി
വല്ല ഗുലുമാലു കേസെങ്ങനുമാണെങ്കില്‍ നാട്ടീന്നാളുകള്‍ വന്നെങ്കിലേ ജാമ്യം കിട്ടൂ. അഥാവാ കിട്ടിയില്ലെങ്കില്‍ പതിനാലു
ദിവസമെങ്കിലും സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യും. നമുക്കേതായാലും ഇന്ന് നല്ല് ഭക്ഷണം കഴിക്കാം.

ഭക്ഷണത്തിന് സാധാരണ കഴിക്കുന്നതിനേക്കാളും രുചി കൂടുതലുള്ളതായി അവര്‍ക്ക് തോന്നി. പക്ഷേ എന്ത് ചെയ്യാന്‍
രാജകുമാരനൊഴികെ മറ്റ് രണ്ട് പേര്‍ക്കും വയറ്റില്‍ തീയും പ്രഭാത കൃത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വീണ്ടും
വീണ്ടും നിര്‍വഹിക്കാനും തോന്നി.

രാജകുമാരന്‍ അദ്ദേഹം പഠിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല
മനസ്സുകൊണ്ടോ അതോ രാജകുമാരന്റെ കാരണവന്മാര്‍ ചെയ്ത സല്‍പ്രവര്‍ത്തി കൊണ്ടോ അദ്ദേഹം മറിച്ചൊന്നും
ചോദിച്ചില്ല. ഞാന്‍ ഇതാ വരുന്നു.. നിങ്ങള്‍ മുറി പൂട്ടി അവിടെ തന്നെ നില്‍ക്കാനും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

രാജകുമാരന്‍ അവരെ വീണ്ടും സമാധാ‍നിപ്പിച്ചു ഒരു വിധത്തില്‍ അണിഞ്ഞൊരുക്കി പുറത്തിറക്കി. മുറിയുടെ താക്കോല്‍
തപ്പി. എവിടെ കാണാന്‍.. അവര്‍ പരസ്പ്പരം താക്കോല്‍ കളഞ്ഞതിന് പഴി ചാരി. ഒടുവില്‍ ദുര്‍ബലന്‍ ഒരു കാര്യം കൂടി
കണ്ട്പിടിച്ചു. താക്കോല്‍ മാത്രമല്ല താഴും കാണാനില്ല. ഉന്തിന്റെ കൂടെയൊരു തള്ളെന്ന് മട്ടില്‍ അടുത്ത പ്രശ്നവും. ഒടുവില്‍
രാജകുമാരന്‍ തന്നെ അതിനും ഉപായം കണ്ടെത്തി. വീട്ടില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയുടെ പൂട്ടെടുത്ത്
മുറി പൂട്ടി. ആ പൂട്ടാണേല്‍ ഒരു ഈര്‍ക്കിലി സ്വന്തമായുള്ളവന് തുറക്കാം!! അന്നേരത്തെ ടെന്‍ഷനില്‍ അതൊന്നും മറ്റ് രണ്ട്
പേരും ഓര്‍ത്തില്ല.

അങ്ങനെ അവര്‍ മൂന്ന് പേരും എന്റെ സുഹൃത്തിന്റെ വരവും കാത്തു നിന്നു. രാവിലെ എട്ട് മണിയാകാതെയെണീക്കാത്ത
അദ്ദേഹം ഇവരുടെ വെപ്രാളം മൂത്തുള്ള വിളി കേട്ട പാതി കേള്‍ക്കാത്തപ്പാതിയെണീറ്റു. കുളിച്ചൊരുങ്ങി അവരുടെയടുത്തെത്തി.
നിങ്ങള്‍ വല്ലതും കഴിച്ചോയെന്നന്വേഷച്ചു. എല്ലാവരും തലകുലുക്കി. എന്നാലൊരു പത്ത് മിനിറ്റ്.. ഞാനിതാ കഴിച്ചിട്ട്
വരുന്നുയെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ അനുബന്ധമായി മറ്റൊരു കാര്യവും കൂടി പറഞ്ഞു. അവിടെ എത്ര നേരം
നില്‍ക്കണമെന്ന് ആര്‍ക്കറിയാം... ഇത് കേട്ടതും ഇത്രയും നേരം ഒരു കുലുക്കവുമില്ലതിരുന്ന രാജകുമാരന്‍ കാറ്റൂരിവിട്ട
ബലൂണ്‍പോലെയായി. ഈ സമയത്താണ് ഞാന്‍ എന്റെ സുഹൃത്തിനെ കണ്ട്മുട്ടുന്നത്.

സമയം അങ്ങോട്ട് നീങ്ങാത്താത് പോലെ അവര്‍ക്ക് തോന്നി. ഇങ്ങേര്‍ക്ക് ഇപ്പം തന്നെ ഭക്ഷണം കഴിക്കണോ.. ഈ
പ്രശ്നത്തിനൊന്ന് പരിഹാരം കണ്ടെത്തിയാല്‍ ഞങ്ങള്‍ മസ്ക്കറ്റ് ഹോട്ടലില്‍ കൊണ്ടുപോയി പള്ള നിറക്കത്തില്ലയോ
എന്നൊക്കെയുള്ള ചില കാര്യങ്ങളും അവര്‍ പരസ്പ്പരം പറഞ്ഞു...

ദുര്‍ബലന്‍ പറഞ്ഞു... ദാ ആടി തൂങ്ങി വരുന്നുണ്ട്.. ഇനി ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.
അദ്ദേഹം അവരുടെയടുത്തെത്തി ചോദിച്ചു. നിങ്ങള്‍ വസ്ത്രങ്ങള്‍ മൊത്തം ഇട്ടിട്ടുണ്ടല്ലോ അല്ലേ... ഇല്ലെങ്കില്‍ അവിടെ
ചെല്ലുമ്പോള്‍ സ്റ്റെപ്പിനിയായി പത്രപ്പേപ്പര്‍ തരും... എന്നിട്ട് എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. ഞാനും കൂടി അവര്‍ക്കൊപ്പം
വരുന്നു എന്നും പറഞ്ഞു. കണ്ടാ നല്ല തടിയുണ്ട്. അവര്‍ക്കിടിച്ച് പഠിക്കാന്‍ ഒരാളായെന്ന് അതിലേതോ ഒരുത്തന്‍ പറയുന്നത്
ഞാന്‍ കേട്ടു. ഞാന്‍ അത് മൈന്റ് ചെയ്തില്ല.

ജനമൈത്രി പോലീസിന്റെ കാലമല്ലേ.. പഴയ പോലെ ഉലക്കയുരുട്ടി കുറ്റം തെളിയിക്കുന്ന രീതി മാറി ഇപ്പം ജ്യോത്സ്യന്മാരെ
കൊണ്ട് കവടി നിരത്തി കേസ് തെളിയിക്കുന്ന രീതിയായെന്ന് മുമ്പെപ്പഴോ എന്റെ ഒരു സുഹൃത്ത് പറഞ്ഞതായി ഞാന്‍
ഓര്‍ത്തു. അതാണ് കേട്ട പാടെ ഞാന്‍ കൂടി വരുന്നുവെന്ന് അവരോട് പറഞ്ഞത്. പോലീസുകാരോട് വെറുതേ അവരുടെ കൂടെ
വന്നതാണെന്ന് വല്ലതും പറഞ്ഞാല്‍ ഏറ്റില്ലേല്‍ എന്ത് ചെയ്യുമെന്ന് കൂടി ഞാന്‍ ഓര്‍ത്തു. ഇടവമാസം ഒന്നാം തീയതി ഇടിമാസം
ഒന്നാം തീയതിയാകുമോയെന്ന് ശങ്കിച്ചു. ഇടവപ്പാ‍തിയിലെ ഇടിവെട്ട് മൊത്തത്തില്‍ ഒരു നിമിഷം എന്റെ നെഞ്ചില്‍ വെട്ടി.

ഒടുവില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി. കണ്ടാല്‍ ഒരു ഗോഡൌണ്‍ മാതിരി. പൊടിപിടിച്ച കുറേ സര്‍ക്കാര്‍
ഫയലുകള്‍ ഒരു വശത്ത് നിരത്തി വെച്ചിരിക്കുന്നു. മറ്റൊരു വശത്ത് ഒരു മൂലയില്‍ കുറച്ച് ലാത്തികളും വിലങ്ങുകളും
വെച്ചിരിക്കുന്നു. നാടോടിക്കാറ്റില്‍ ദാസനും വിജയനും പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന സീന്‍ ഒന്ന് മനസ്സില്‍ കൂടി മാറി മറിഞ്ഞു.

ഓടുവില്‍ സ്ഥലം എസ് ഐയെ കാണണമെന്ന് പാറാവു നില്‍ക്കുന്ന് ആളോട് പറഞ്ഞു. അദ്ദേഹം മുഖത്ത് ഒരു ഭാവ
വ്യത്യാസവും വരുത്തതെ രൌദ്ര ഭാവത്തില്‍ അകത്തേക്ക് പോയി. പോയീന്നു മാത്രമല്ല ഞങ്ങളെ വിരല്‍ ചൂണ്ടി എന്തോ
കാര്യം എസ് ഐയോട് പറയുകയും ചെയ്തു. എന്നിട്ട് പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തി ഞങ്ങളോട് അകത്തേക്ക്
ചെല്ലാന്‍ പറഞ്ഞു.

ഓടുവില്‍ എസ് ഐയെ കണ്ടു. ഒരു ചുള്ളന്‍... ചെറുപ്പക്കാരന്‍... ജീവിതത്തില്‍ ആദ്യമായി നല്ല ആരോഗ്യമുള്ള
കുടവയറില്ലാത്ത ഒരു പോലീസുകാരനെ കണ്ടു. ഒരിടി കിട്ടിയാല്‍ ഞങ്ങളെല്ലാം പപ്പടം പൊടിയുന്ന പോലെ പൊടിയും. അദ്ദേഹം ഞങ്ങളോട് ഞങ്ങള്‍ ആരാന്ന് ചോദിച്ചു. എന്റെ സുഹൃത്ത് എല്ലാവരേയും പരിചയപ്പെടുത്തി കാര്യം അവതരിപ്പിച്ചു. എസ് ഐ ആ മുറിയില്‍ താമസ്സക്കാരായ മൂന്ന് പേരോട് അവിടുന്നെന്തെങ്കിലും കാണാതെ പോയിട്ടുണ്ടോയെന്ന് ചോദിച്ചു.

രാജകുമാരന്റെ കുബുദ്ധിയില്‍ ഡെല്ലിന്റെയൊരു ലാപ്ടോപ്പ്, അഞ്ച് പവന്റെയൊരു മാല എന്നിങ്ങനെ വല്ലതും
പറഞ്ഞാലോയെന്ന് ചിന്ത വന്നു. പണ്ട് ഈ സമീപത്തുള്ള ഒരു പോലീസ് സ്റ്റേഷനില്‍ ഉലക്കയുരുട്ടിയ സംഭവം മനസ്സില്‍ വന്നതും
കൂടെ ഞാനൊഴിച്ച് മറ്റെല്ലാവരും ഉലക്കയുരുട്ടുന്നതിനു പകരം ഉലക്കയുടെ കാറ്റടിച്ചാല്‍ കാറ്റ് പോകുമെന്ന് ബോധം വന്നത്
കൊണ്ടും അതൊന്നും പറയാന്‍ തോന്നിയില്ല.

ഒന്നും കാണാതെ പോയിട്ടില്ലയെന്ന് അവര്‍ മൂന്ന് പേരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഒന്നും പോയിട്ടില്ലേയെന്ന് എസ് ഐ ഒന്നു
കൂടി ഉറപ്പിച്ച് ചോദിച്ചു. ഇല്ലായെന്ന് അവര്‍ മൂന്ന് പേരും തലയാട്ടി. എസ് ഐ കോണ്‍സ്റ്റബിളിനോട് സാധനം കോണ്ടു വരാന്‍
പറഞ്ഞു.

ആ രണ്ട് നിമിഷങ്ങളില്‍ ഒരെണ്ണത്തില്‍ എല്ലാവരും ഇവര്‍ കുറ്റക്കാരല്ലല്ലോന്നോര്‍ത്ത് വളരെ ശാന്തരായി. എല്ലാവരും വളരെ
ആകാംഷഭരിതരായി കണ്ണുകള്‍ വിടര്‍ത്തി നിന്നു. രാജകുമാരന്റെ കുരുട്ട് ബുദ്ധി വീണ്ടും സ്വയം പറഞ്ഞു. ഇനി മുന്‍പ
പറഞ്ഞ സാധനങ്ങള്‍ വല്ലതുമാണ് കൊണ്ടു വരുന്നതെങ്കില്‍ അവര്‍ രണ്ടു അല്ലന്നും ഞാന്‍ മാത്രം എങ്ങനെ ആണെന്നും
പറയും?? എന്തായാ‍ലും കൊണ്ടുവരട്ടെ...

എല്ലാവരും ആ സാധനം കണ്ട് അംബരന്നു. അതാ ഇരിക്കുന്നു. നൂറ്റി അന്‍പത് രൂപകൊടുത്ത് രാജകുമാരാന്‍ കഴിഞ്ഞയാഴ്ച്ച
വാങ്ങിയ താ‍ഴ്!! രാജകുമാരന്‍ പറഞ്ഞു. ഇത് ഞാങ്ങളുടെ താഴാണ്. ഇതിവിടെ ലോക്കപ്പ് പൂട്ടുന്ന താഴാന്ന് ഞാന്‍
പറഞ്ഞില്ലല്ലോയെന്ന് എസ് ഐ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു! ഇതെങ്ങനെ ഇവിടെയെത്തിയെന്ന്
നിങ്ങള്‍ക്കറിയുമോയെന്ന് എസ് ഐ ചോദിച്ചു.

ഞാന്‍ മനസ്സില്‍ പറഞ്ഞു. അതിന്റെ സൈഡില്‍ “ഈഫ് ലോസ്റ്റ് പ്ലി റിടേണ്‍ ഇറ്റ് ടൂ നിയറസ്റ്റ് പോലീസ് സ്റ്റേഷന്‍” എന്ന്
എഴുതിയിട്ടുണ്ട്.

അതെങ്ങനെ അവിടെയെത്തിയെന്ന് അവര്‍ മൂന്ന് പേര്‍ക്കും അറിയില്ലെന്ന് പറഞ്ഞു. അവര്‍ ഇന്നലെ രാത്രി ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന് എസ് ഐ അവരോട് ചോദിച്ചു.. അവര്‍ രാത്രിയിലെ റുട്ടീന്‍ പറഞ്ഞു.

ഇന്നലെ പൂട്ട് തുറന്നവന്‍ തുറക്കുന്ന
സമയത്ത് വല്ല സ്വപ്ന ലോകത്തിലായിരുന്നോയെന്ന് അന്വേഷിച്ചു..

രാജകുമാരന്‍ ഇളിബ്യനായി പറഞ്ഞു. ഞാന്‍ ആ സമയത്ത് ഒരാളുമായി മൊബൈലില്‍ സംസാരിക്കുകയാ‍യിരുന്നു. അത് നിന്റെ കാമുകിയായിരിക്കും അല്ലേല്‍ ഇത്രയ്ക്ക് മറവിയുണ്ടാവാനിടയില്ലയെന്നും പറഞ്ഞു. കേട്ട് നിന്ന മറ്റ് പോലീസുകാരും ഞങ്ങളും ഒന്ന് ചെറുതായി പുഞ്ചിരിച്ചു.

രാത്രി അതിലെ ആരോ മതിലു ചാടി ഓടിയെന്ന് വിവരം കിട്ടിയെത്തിയതാണ് ആ വീരപ്പനും സംഘവും. അപ്പോഴാണീ തുറന്നിട്ട്
താക്കോലെടുക്കാത്ത ഈ മുറി ശ്രദ്ധയില്‍ പെടുന്നത്. അത് ഞങ്ങള്‍ അത് ഇങ്ങൂരിയെടുത്തിട്ടാണ് നിങ്ങളെ വിളിച്ചുണര്‍ത്തിയത്.
അവിടെ വെച്ച് അത് തന്നാല്‍ നിങ്ങള്‍ ഇത് വീണ്ടും ആ‍വര്‍ത്തിക്കുമെന്ന് തോന്നി. ഒരു വട്ടം പോലീസ് സ്റ്റേഷനില്‍ കയറിയാല്‍
ഇത് നിങ്ങളുടെ ജീവിതത്തില്‍ ഇത് മറക്കത്തില്ലായെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

ഇനി ഇങ്ങനെയുണ്ടാവരുതെന്നും എസ് ഐ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ താങ്ക്‌സ് പറഞ്ഞിറങ്ങാന്‍ തുടങ്ങി.

അപ്പോള്‍ എസ് ഐ ഒരു കാര്യം കൂടി വളരെ സൌമ്യമായി പുഞ്ചിരിയോടു കൂടി ഞങ്ങളോട് പറഞ്ഞു, അത് കേട്ട് എനിക്ക്
നമ്മളുടെ പോലീസിനെ പറ്റി അഭിമാനം തോന്നി.

“ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാനാണ് നിങ്ങള്‍ ഞങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. ഞങ്ങളേക്കാളുപരി
നിങ്ങളാണ് ആദ്യം ജാഗരൂകരായിരിക്കേണ്ടത്. അതുകൊണ്ട് സഹകരിക്കുക...”


---ശുഭം---

Tuesday, February 05, 2008

കപ്പക്കള്ളന്‍

തിരുവല്ലയില്‍ നിന്നും എട്ട്‌ കിലോമീറ്റര്‍ മാറി കടപ്ര എന്ന ഗ്രാമം. പാടങ്ങളും തെങ്ങിത്തോപ്പുമൊക്കെയുള്ള ഒരു ഗ്രാമം. പാടത്ത്‌ നെല്‍കൃഷിയൊന്നുമില്ല. തേങ്ങുംതൈ നടാനായി അവിടവിടെ കട്ട കുത്തി കൂനക്കൂട്ടി വെച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക്‌ കപ്പ (മരച്ചീനി) കൃഷിയുമുണ്ട്‌.

ഒരു ശനിയാഴ്ച്ച ദിവസം, സമയം വൈകുന്നേരം ഏഴു മണിയായി. കഥാനായകന്‍ പരുമലയില്‍ ഒരു ഡെന്റല്‍ ക്ലിനിക്ക്‌ നടത്തുന്നയാളാണ്‌. അന്ന് പൊതുവെ തിരക്കുപിടിച്ച ദിവസമയിരുന്നു. പണിയെടുത്ത്‌ തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. വീട്ടില്‍ ഭോജിക്കാനൊന്നുമില്ല. വല്ലതും വാങ്ങാമെന്നു വെച്ചാല്‍ കുറച്ചകലെ പോണം. അനുജന്റെയടുക്കല്‍ വല്ലതും വങ്ങി വരാന്‍ പറഞ്ഞു. എന്തു ചെയ്യാന്‍, പയ്യന്‍സിന്‌ വണ്ടിയോടിക്കാനറിയില്ല. നടന്നു പോവുകയാണെങ്കില്‍ പിറ്റേന്നെ തിരികെ വീട്ടില്‍ എത്തൂ. അത്രയ്ക്ക്‌ ദൂരമുണ്ട്‌ ചന്തയിലേക്ക്‌.

വയറ്റില്‍ വിശപ്പിന്റെ വിളി മൂത്തപ്പോള്‍ തലയില്‍ കുരുട്ടു ബുദ്ധി തെളിഞ്ഞു. അയലത്തെ ബേബി മാപ്പിളയുടെ കണ്ടത്തില്‍ നിന്നും രണ്ട്‌ മൂട്‌ കപ്പ പറിക്കാം. ആദ്യം ഒരു കുറ്റബോധം തോന്നി. പക്ഷേ അറുത്ത കൈയ്‌ക്ക്‌ ഉപ്പ്‌ തേയ്ക്കാത്ത്‌ ബേബീടെ കണ്ടത്തില്‍ നിന്നാണെന്നോര്‍ത്തപ്പോള്‍ ഒരിന്ററസ്റ്റൊക്കെ വന്നു. വിശപ്പിനേക്കാളുപരി ഒരാള്‍ക്കൊരു പണി കൊടുക്കാനുള്ള അവേശമാണുണ്ടായത്‌.

ഐഡിയ കേട്ട പാതി അനുജന്‍ ഒരു മണ്‍വെട്ടിയും പിന്നൊരു കുട്ടയുമായി രംഗത്തെത്തി. തലയില്‍ ഒരു തോര്‍ത്തു കെട്ടി, ഒരു കൂറ ലുംഗിയുടുത്ത്‌ ചേട്ടനുമെത്തി. ഒരു മണ്ണെണ്ണ വിളക്ക്‌ കത്തിച്ച്‌ രണ്ടു പേരും കൂടി കണ്ടത്തിലേക്ക്‌ നടന്നു.

ഏറ്റവും ചുരുങ്ങിയത്‌ ഒരു നൂറ്‌ മൂട്‌ കപ്പയെങ്കിലും കാണും. അനിയച്ചാര്‍ ഒരു കട്ടകുത്തിയ കൂനയില്‍ കയറിയിരുന്ന് മണ്ണെണ്ണ വിളക്കും പിടിച്ച്‌ ഇന്‍സ്‌ട്രകഷന്‍സ്‌ കൊടുക്കാനാരംഭിച്ചു. അനിയന്‍ ചോദിച്ചു, നമുക്കിത്‌ ഒറ്റ രാത്രി കൊണ്ട്‌ വെളുപ്പിച്ചാലോ? ചേട്ടന്‍ പറഞ്ഞു, പയ്യെ തിന്നാല്‍ പനയും തിന്നാം. അനിയന്‍ പറഞ്ഞു, കപ്പയും തിന്നാം.. ഈസ്‌ ഇറ്റ്‌? താറ്റ്‌സ്‌ റൈറ്റെന്നും പറഞ്ഞ്‌ ചേട്ടന്‍ പണിയാരംഭിച്ചു.

തന്റെ ജീവിതത്തില്‍ കപ്പ കഴിച്ചിട്ടുണ്ടെന്നല്ലാതെ അതിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കിനെ പറ്റി വിവരമൊന്നുമില്ലായിരുന്നു. അനിയന്‍ പറഞ്ഞു, ആദ്യം മണ്ണിന്റെ മുകളിലുള്ള ഭാഗം വെട്ടി കളയണം. അതിനു ശേഷം ചുവട്ടിലെ മണ്ണ്‍ മാറ്റി നേരെ മുകളിലോട്ട്‌ ഒന്ന് വലിച്ചാല്‍, കപ്പ പറിഞ്ഞ്‌ കയ്യിലിരിക്കും.

ചേട്ടന്‍ പറഞ്ഞു, നിന്റെ പള്ള നിറച്ചും ബുദ്ധി തന്നെ, പല്ല് പറിക്കുന്ന അതേ ടെക്‌നോളജി തന്നെയാടെയിത്‌. ഒറ്റ ചവിട്ടിനെ കപ്പയുടെ തണ്ടൊടിച്ചു. ചുവട്ടില്‍ നിന്ന് കുറച്ച്‌ മണ്ണ്‍ മാറ്റി, വെയിറ്റ്‌ ലിഫ്റ്റിങ്ങ്‌ ചാംബ്യന്മാര്‍ പൊക്കുന്ന പോലെ മുകളിലോട്ട്‌ വലിച്ചു. രക്ഷയില്ല. ഒന്നു വന്ന് സഹായിക്കാന്‍ അനിയനോട്‌ അഭ്യര്‍ഥിച്ചു. അവന്‍ അനങ്ങിയില്ല. സകല ദൈവങ്ങളെയും വിളിച്ച്‌ ഒന്നുകൂടി ഒരു പിടി പിടിച്ചു.

ടിം.. മുതുകും കുത്തി ചേട്ടന്‍ ദാ കിടക്കുന്നു. കപ്പ വന്നില്ല. ബാക്കിയുള്ള തണ്ടൊടിഞ്ഞു കയ്യിലിരുന്നു. ഇതും കണ്ട്‌ ചിരി സഹിക്കാന്‍ പറ്റാതെ അനിയച്ചാരും തലയും കുത്തി ഉരുണ്ടു നിലത്ത്‌ വീണു.

അനിയന്‍ ചേട്ടനോട്‌ സോറി പറഞ്ഞു. ഒരു കാര്യം പറയാന്‍ മറന്നുപോയി. പല്ലു പറിക്കുമ്പോള്‍ വേദനിക്കാതിരിക്കന്‍ ചുവട്ടില്‍ മരുന്ന് കുത്തി വെയ്‌ക്കുന്നത്‌ പോലെ കപ്പ മാന്തുമ്പോള്‍, ചുവട്ടില്‍ കുറച്ച്‌ വെള്ളമൊഴിച്ചിട്ട്‌ പിടിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും.

നീയെന്നാടാ ഡാഷേ പിന്നെയത്‌ നേരത്തെ പറയാഞ്ഞതെന്ന് ചോദിച്ചപ്പോള്‍, ഏത്‌ പണിയും ആദ്യം ചെയ്യുമ്പോള്‍ തെറ്റു പറ്റുമെന്ന് പറഞ്ഞു. എന്നിട്ട്‌ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു.

നിമിഷനേരം കൊണ്ട്‌ അനിയന്‍ വെള്ളവുമായി സ്ഥലത്തെത്തി. മൂട്ടില്‍ വെള്ളമൊഴിച്ച്‌ വീണ്ടും പണിയാരംഭിച്ചു. മാന്തി വന്നപ്പോള്‍ ഒരു കിലോ തികച്ചില്ലാത്ത ഒരു മൂട്‌.. കപ്പയെന്ന് പറയാം, കിട്ടി.

ഒരു നിമിഷം രണ്ടു പേരും നിശബ്‌ദരായി. ഗണപതിക്ക്‌ വെച്ചത്‌ തന്നെ കാക്ക കൊണ്ടുപോയി.

ഇതുകൊണ്ടുണ്ടോ ആവേശം കുറയുന്നു. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് പറയുന്നത്‌ പോലെ, മാന്തുവിന്‍ കിട്ടപ്പെടുമെന്ന് അനിയന്‍ ചേട്ടനോട്‌ പറഞ്ഞു. മുന്‍പ്‌ മാന്തിയ എക്‌സ്‌പ്പീരിയന്‍സ്‌ വെച്ച്‌ ചേട്ടന്‍ തൊട്ടടുത്തുള്ള മൂട്‌ മാന്തി.

ആദ്യത്തേത്‌ കാക്കയാണ്‌ കൊണ്ടുപോയെങ്കില്‍ ഇപ്രാവശ്യം ഗണപതിയുടെ വാഹനത്തിന്‌ പെട്രോളടിച്ച വകയില്‍ പോയി. (എലി കടിച്ച്‌ പോയി).

ചേട്ടന്‍ കുറച്ച്‌ മൂട്‌ മാറി മറ്റൊന്ന് മാന്തി. അദ്വാനിക്കുന്നതിന്‌ ഫലമുണ്ടാകുമെന്ന് പറയുന്നത്‌ വെറുതെയല്ല. മുട്ടനൊരു മൂടായിരുന്ന് അത്‌. രണ്ട്‌ ദിവസം മൂന്ന് നേരം വീതം കഴിച്ചാലും തീരാത്തത്ര ഒരു മൂട്‌...

എല്ലാം കൂടി വാരി കെട്ടി വിജായശ്രീലാളിതരായി തിരികെ വീട്ടിലെത്തി. കപ്പ പുഴുങ്ങി മുളകും കൂട്ടി ശാപ്പിട്ടു.

പിറ്റേന്ന് ഞാന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്കും കിട്ടി ഒരു വീതം. ഞാന്‍ ചോദിച്ചു ഇത്‌ എവിടുന്ന് വാഞ്ഞിയതാണെന്ന്, രണ്ടു പേരും കൂടി ഒന്ന് ഇളിഭ്യമായി ചിരിച്ചു. ചേട്ടന്‍ തലേന്ന് നടന്ന സംഭവം പറഞ്ഞു. കട്ട പാപം തിന്നാല്‍ തീരുമെന്നല്ലേ...

ഞാന്‍ ആ സ്ഥലം ഒന്ന് പോയി നോക്കി. നിറയെ ബൂബി ട്രാപ്പുകള്‍ നിരത്തി വെച്ചിരിക്കുന്നു. പൊട്ടിയ കുപ്പി, ട്യൂബ്‌ ലൈറ്റ്‌, മുള്ള്‌ കമ്പി, ചൂണ്ട മുതലായവ നിരത്തിയിരിക്കുന്നു. ആരുടെയോ ഭാഗ്യത്തിനാണ്‌ രണ്ടു പേരും രക്ഷ പെട്ടത്‌. ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച്‌ കപ്പ തലയില്‍ വെച്ച്‌ കടപ്ര ജംങ്ങ്ഷനില്‍ കൊണ്ടു നിര്‍ത്തുന്ന രംഗം ഞാനോര്‍ത്തു..

ഞാന്‍ ചേട്ടനോട്‌ ചോദിച്ചു, പിടിക്കപ്പെട്ടിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി??

പിറ്റേന്ന് പത്രത്തില്‍ ഒരു വാര്‍ത്ത വന്നേനെ. അനിയച്ചാര്‍ പറഞ്ഞു..

'രാത്രിയിലെ മാന്തല്‍, ദെന്ത വൈദ്യന്‍ അറസ്റ്റില്‍'

കടപ്ര: രാത്രില്‍ കപ്പ മാന്തുന്നതിനിടയില്‍ പ്രശസ്‌ത ദെന്ത വൈദ്യന്‍ പിടിയില്‍. തിരുവല്ല കടപ്ര സ്വദേശി പുത്തെന്‍വീട്ടില്‍ ഔസേപ്പ്‌ മകന്‍ ജോസഫ്‌ (29) നെ യാണ്‌ അറസ്റ്റ്‌ ചെയ്തത്‌. സ്ഥിരമായി മോഷണം നടക്കുന്നുയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസൈ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അതി വിദഗ്‌തമായി കള്ളനെ പിടിച്ചത്‌. സ്ഥലത്ത്‌ നടന്ന മറ്റ്‌ കൃഷി മോഷണങ്ങളും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌. പിടിച്ച കപ്പ, പോലീസുകാര്‍ വീതിച്ചെടുത്തു. ഇദ്ദേഹത്തോടൊപ്പമുള്ള സഹായി ഓളിവില്‍ പോയി.

ശേഷം പേജ്‌ 12...


--ശുഭം--

Tuesday, January 01, 2008

ഡ്രാക്കുള

ഈ കഥ നടക്കുന്നത്‌ അങ്ങ്‌ അമേരിക്കയിലല്ല, സൊമാലിയയിലല്ല... ഡിജിബോത്തിയിലോ അന്റാര്‍ട്ടിക്കയിലോ അല്ല.. മറിച്ച്‌ ഇന്ത്യയുടെ ഇങ്ങേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ്‌. പണ്ടേതോ ഒരു സായിപ്പ്‌ വന്ന്‌ മഡാമ്മയോട്‌ ഇവിടെ മൊത്തം പൊടിയാടി എന്ന്‌ പറഞ്ഞ സ്ഥലം. (തിരുവല്ലയില്‍ നിന്നും കുറച്ചകലയുള്ള പൊടിയാടി എന്ന സ്ഥലം)

ഇതിലെ കഥാനയകന്‍ എന്നെ കാന്താരി തീറ്റിച്ച വിരുതനാണ്‌. അദ്ദേഹം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. പഠിക്കാന്‍ വളരെ മിടുക്കനായതിനാല്‍ ( പിന്നില്‍ നിന്നാദ്യം) എല്ലാ വിഷയത്തിനും ട്യൂഷനുള്ള കാലം. വീട്ടില്‍ നിന്നും വിട്ടാല്‍ സ്ക്കൂള്‍, സ്ക്കൂള്‍ വിട്ടാല്‍ ട്യൂഷന്‍ ക്ലാസ്സ്‌, അതു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന്‌ തിരിച്ച്‌ വീട്ടില്‍ എന്നുള്ള സ്ട്രിക്റ്റ്‌ റുട്ടീന്‍ 7X365 കീപ്പ്‌ ചെയ്യേണ്ട കാലം. കക്ഷിക്ക്‌ ഏറ്റവും ഇന്ററെസ്‌റ്റുള്ള കാര്യം പഠനമാവാന്‍ വേറെ കാര്യമൊന്നും വേണ്ടല്ലോ !!!

അങ്ങനെയിരിക്കെ സ്ക്കൂളില്‍ ഒരു പി.ടി.എ മീറ്റിംങ്ങ്‌ നടന്നു. കഥാനായകന്‍ മനസ്സില്ലാമനസ്സോടെ താരതമ്യേന മൂര്‍ച്ച കുറവുള്ള പാരയായ അമ്മയെ വിളിച്ചുകൊണ്ട്‌ പോയി. ശനീശ്വരന്‌ അന്ന്‌ സെക്കന്റ്‌ സാറ്റര്‍ഡേയായതുകോണ്ടോ അതോ പകിട പന്ത്രണ്ട്‌ വീണപോലെ എല്ലാ ടീച്ചേഴ്‌സും അന്ന്‌ വലത്തോട്ട്‌ തിരിഞ്ഞെണീറ്റതുകൊണ്ടോ, കുഴിയാനയെ പിടിക്കാന്‍ മണ്ണില്‍ ഊതുന്ന ശക്തിപ്പോലും പാരകള്‍ക്കുണ്ടായില്ല.

മീറ്റിംങ്ങിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ശീലങ്ങളെ പറ്റി പ്രിന്‍സിപ്പല്‍ സംസാരിച്ചു. ആവശ്യമുള്ള കാര്യം മാത്രം തിരഞ്ഞെടുക്കുന്ന ശീലം പാരമ്പര്യ ഗുണമായി കിട്ടിയ ചേട്ടന്‌ ഇവിടെയും അതു തന്നെ തുടര്‍ന്നു. കക്ഷിക്ക്‌ അതില്‍ ക്ലിക്ക്‌ ചെയ്‌തത്‌ വായനാ ശീലമാണ്‌. പ്രിന്‍സിപ്പല്‍ പറഞ്ഞ മറ്റു ഒരു ശീലവും പരിപോഷിപ്പിക്കാന്‍ വീടിനു പുറത്തിറങ്ങാന്‍ പറ്റില്ല!!

ആയിടയ്‌ക്കാണ്‌ ഞങ്ങളുടെ സ്ക്കൂളിനടുത്ത്‌ ഒരു വായനശാല തുറന്നത്‌. ജെനറല്‍ റുട്ടീനില്‍ ചെറിയ ഒരു മാറ്റം വരുത്തി, ശനിയാഴ്ച്ച ദിവസം വായനശാലയില്‍ പോകുവാന്‍ അനുമതി ലഭിച്ചു. ഫ്രണ്ട്‌ വീല്‍ കേറ്റുവാന്‍ സ്ഥലം കൊടുത്താല്‍ ഓട്ടോ മൊത്തം കയറ്റുന്ന ശീലമുള്ളതിനാല്‍ കക്ഷി ഇടയ്‌ക്കിടെ ട്യൂഷന്‍ കട്ട്‌ ചെയ്‌ത്‌ വായനശാലയില്‍ ഹാജര്‍ വെയ്‌ക്കാന്‍ തുടങ്ങി.

പതിവു പോലെ ഒരു ദിവസം, ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ നമ്മുടെ കഥാനായകന്‍ വായനശാലയിലെത്തി. പാഠ പുസ്തകങ്ങളൊക്കെ ഒരു മൂലയ്‌ക്ക്‌ വെച്ചു. പുസ്തകശാലയിലെ റാക്കില്‍ കൂടെ കണ്ണോടിച്ചു. അതായിരിക്കുന്നു ഒരറുപത്‌ പേജ്‌ വരുന്ന ഒരു പുസ്തകം. പണ്ടാരോ പറഞ്ഞ്‌ കേട്ടിട്ടുള്ള പേടിപ്പിക്കുന്ന രക്തദാഹിയായ ഡ്രാക്കുളയുടെ കഥ. വലിയ ഘനമൊന്നും ഇല്ലാത്ത പുസ്തകമായതിനാല്‍ ഒറ്റയിരിപ്പിനുതന്നെ വായിച്ചു തീര്‍ക്കാന്‍ മൂപ്പര്‍ തീരുമാനിച്ചു.

സാധാരണ ട്യൂഷന്‍ തീരുന്ന സമയം കണക്കാക്കി വീട്ടില്‍ പോയിക്കൊണ്ടിരുന്നതാണ്‌. ഇത്തവണ കണക്കുക്കൂട്ടല്‍ ഒന്നു പിഴച്ചു. പുസ്തകം വായിച്ച്‌ നേരം പോയതറിഞ്ഞില്ല. മണി ആറു കഴിഞ്ഞു. പൊടിയാടി തീരത്ത്‌ സൈക്കിള്‍ അടുത്തപ്പോള്‍ നേരം ഏതാണ്ട്‌ ഇരുട്ടി. ജംങ്ങ്‌ഷനില്‍ നിന്നും ഏതാണ്ട്‌ ഒന്നര കിലോമീറ്ററുണ്ട്‌ വീട്ടിലേക്ക്‌. പോകും വഴി ഒരു പാല ചുവടും, ഒരു കരിമ്പിന്‍ കണ്ടവുമുണ്ട്‌.

അന്നിന്നത്തെ പോലെ പോസ്‌റ്റില്‍ ലൈറ്റൊന്നുമില്ല. സൈക്കിളിലെ ഡൈനാമോ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌, ടോപ്പ്‌ ഗിയറിലിട്ട്‌ തന്നേക്കൊണ്ടൊക്കുന്ന വേഗത്തില്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി. പാല ചുവടെത്തിയപ്പോള്‍ 'ടീം..'. സൈക്കിളിലെ ബള്‍ബ്‌ ഫ്യൂസായി. പെട്ടന്ന്‌ മനസ്സില്‍ വന്നത്‌ ഡ്രാക്കുളയാണ്‌ പണി പറ്റിച്ചതെന്നാണ്‌ അല്ലെങ്കില്‍ ഏതെങ്കിലും ലോക്കല്‍ മാടനാവും. ആരും അസ്സമയത്ത്‌ ആ പാല ചുവട്ടില്‍ വരാറില്ല. ആ പൈതലിന്റെ ചങ്ക്‌ പൈലിങ്ങിന്‌ തറയിലടിക്കുന്ന പോലെ ഇടിച്ചു. ഇരുട്ടത്ത്‌ കൊടും കാട്ടിലകപ്പെട്ട അവസ്ഥ.

പിന്നെ ഒരുദ്ദേശം വെച്ച്‌ നൂറെനൂറിലൊരു വിടീലായിരുന്നു. കരിമ്പിന്‍ കാട്ടിലുടെ പാഞ്ഞപ്പോള്‍ സൈക്കിളിന്റെ ചെയിന്‍ കക്കി തലയും കുത്തി നിലത്ത്‌ വീണു. നിലത്തു വീണ പുസ്തകങ്ങളൊക്കെ പെറുക്കിയെടുത്ത്‌ സൈക്കിളിന്റെ കാരിയറില്‍ വെച്ചു. പെട്ടെന്ന്‌ മനസ്സില്‍ ഒരാശ്വാസം വന്നു. അതാ വീട്ടിലുള്ള ബള്‍ബിന്റെ വെട്ടം കാണാം.

പതിയെ സൈക്കിള്‍ ഉന്തി ഷെഡില്‍ കൊണ്ടു വെച്ചു. എന്നിട്ട്‌ എല്ലാ ദിവസത്തേയും പോലെ കൂരയ്‌ക്കകത്തേക്ക്‌ പോയി. അച്‌ഛന്‍, അമ്മ, അമ്മൂമ്മ എന്നിവര്‍ പല സൈസിലുള്ള ഇന്‍സ്‌ട്രുമെന്റ്‌സുമായി വന്നു. അമേരിക്കയും റഷ്യയും ജപ്പാനും ഒരുമിച്ച്‌ ഘാനയെ ആക്രമിക്കുന്ന അവസ്ഥ.

ആദ്യ ചോദ്യം അമ്മൂമ്മയുടെ വക; എവിടെയായിരുന്നടാ ഇതുവരെ? ഞാന്‍ പറഞ്ഞു ട്യൂഷന്‍ ക്ലാസില്‍. പറഞ്ഞു തീര്‍ന്നതും ടപ്പേ്പനൊന്ന്‌ കിട്ടി. അടുത്തതെ അപ്പന്റെ വക തല്ലോട്‌ കൂടിയ ചോദ്യം; നീ അവിടെപ്പേ്പായില്ലായെന്ന്‌ ഞാനറിഞ്ഞല്ലോ???

ഒന്നും പറഞ്ഞ്‌ പിടിച്ച്‌ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ.

അച്ഛന്‍ അന്ന്‌ ചേട്ടനെ തിരക്കി ട്യൂഷന്‍ ക്ലാസ്സില്‍ വന്നിരുന്നു. നേരത്തെ മുതല്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ നടക്കുന്ന വിവരവും പഠുത്തത്തിലെ പ്രോഗ്രസ്സും അവിടെ നിന്നദ്ദേഹത്തിനു ലഭിച്ചു. അന്ന്‌ കിട്ടിയ പ്രഹരത്തെ പറ്റി വര്‍ണിക്കുകയാണെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന്‌ നടക്കുന്ന വെടിക്കട്ട്‌ വളരെ ചെറുതാണ്‌.

ആ ദേഷ്യത്തില്‍ വായനശാലയിലെ മെംബര്‍ഷിപ്പ്‌ കാര്‍ഡ്‌ അച്‌ഛന്‍ വലിച്ച്‌ കീറി കളഞ്ഞു. സൈക്കിള്‍ പൂട്ടി താക്കോലും വാങ്ങിവെച്ചു.

ആ ദിവസത്തെ പറ്റി ഒര്‍ക്കുകയാണെങ്കില്‍, ഡ്രാക്കുളയെ നേരില്‍ കണ്ട്‌ അടിമപ്പെട്ടാലോ എന്ന്‌ വരെ ചിന്തിച്ചു. അണ്‍ സഹിക്കബിള്‍... തമ്മില്‍ ഭേദം ഡ്രാക്കുള തന്നെ.

ആ സംഭവത്തിനു ശേഷം പഴയ പോലെ 7X365 റുട്ടീന്‍ (വിത്ത്‌ ഇംപ്രൂവ്‌ട്‌ ക്വാളിറ്റി കണ്‍ട്രോള്‍) തുടര്‍ന്നു...


--ശുഭം--