Wednesday, April 22, 2009

തൂമ്പാക്കൈ

സഹൃദയനും പരോപകാരിയും അങ്ങേയറ്റം നിഷ്‌കളങ്കനും എന്നാല്‍ ഒരു പാവം വിപ്ലവകാരിയാണെന്റെ സുഹൃത്ത്‌ സുകു. നമുക്ക്‌ ഇയാളെ 'എന്തും ചെയ്യും സുകുവെന്ന്' വിളിക്കാം.

അന്നാളില്‍ ഒരു ദിനം സുകുവിന്റെ പ്രിയപ്പെട്ട സുഹൃത്തും അന്നാട്ടിലെ പേരുക്കേട്ട മരപ്പണിക്കരനുമായ മണിയെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ എന്തോ, ആരൊക്കെയോ ചേര്‍ന്ന് പന്തളത്തു വെച്ച്‌ മര്‍ദ്ദിക്കുകയുണ്ടായി.വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്ന് സുകുവിന്റെ ചെവിലുമെത്തി.

ആ നാട്ടിലെയും മറുനാട്ടിലെയും മുഴുവന്‍ ചെറുപ്പക്കരുടെയും സന്തോഷത്തിനും സങ്കടത്തിനും മൂകസാക്ഷിയായ ചെത്തിപ്പുഴ ഷാപ്പ്‌ ഈ സങ്കടം മണി സുകുവിനോട്‌ പങ്കുവെയ്‌ക്കുന്നതിനും സാക്ഷിയായി. ജീവന്‍ പോയാലും തല്ലിയവനെ തിരിച്ചു തല്ലണമെന്ന് സുകു പറഞ്ഞു. അങ്ങനെ ഒപ്പറേഷന്‍ പന്തളം അവര്‍ പ്ലാന്‍ ചെയ്‌തു. ഉള്ളില്‍ കിടന്ന മൂലവെട്ടിയാണ്‌ ആ തീരുമാനമെടുപ്പിച്ചതെന്നത്‌ പരമമായ സത്യം. ഒടുവില്‍ പെരുപ്പിന്റെ പാര്യമതയില്‍ അവര്‍ അങ്കത്തിനായി കുതിരപ്പുറത്ത്‌ പായുന്ന അങ്കചേകവരെപ്പോലെ സ്വന്തം ലാമ്പി സ്കൂട്ടറില്‍ ഇരുവരും യാത്രയായി.

അങ്ങനെ നമ്മുടെ സുകുവും മണിയും കൂടി പന്തളത്തെത്തി. ഇരയെ തേടി നടക്കുന്ന ചെമ്പരുന്തിനെപ്പോലെ കഥാനായകന്മാര്‍ ആ പ്രദേശമാകെ ശത്രുവിനായി അരിച്ചു പെറുക്കി. ഒടുവില്‍ നിരാശനായി തിരിച്ചു മടങ്ങാമെന്ന് മണി പറഞ്ഞു. തല്ലീട്ടേ മടങ്ങൂവെന്ന് സുകുവും.

മണിയുടെ ഊര്‍ജ്ജച്ചോര്‍ച്ച മണത്തറിഞ്ഞ സുകു മണിയെയും കൂട്ടി അടുത്തെവിടെ നല്ല വീര്യം കിട്ടുന്ന വെള്ളമുണ്ടെന്ന് അന്വേഷിച്ച്‌ യാത്രയായി. ഒടുവില്‍ തപ്പിപ്പിടിച്ച്‌ ഒരുവിധത്തില്‍ സാധനവുമകത്താക്കി തല്ലിയവന്റെ വീടിനുമുന്നില്‍ വന്ന് കൊലവിളി തുടങ്ങി.

അകത്താക്കിയ വിപ്ലവത്തിന്റെ വീര്യംകൊണ്ടോ എന്തോ അരയിലൊളിപ്പിച്ചുവെച്ചിരുന്ന പേനാക്കത്തിയുമായാണ്‌ സുകുവിന്റെ പിന്നീടുള്ള പ്രകടനം. ഒരു ഞെട്ടല്‍ തിരിച്ചറിയാനുള്ള നിലയിലല്ലായെങ്കിലും മണിയിതുകണ്ട്‌ ശരിക്കും ഞെട്ടി. സുകു തനിക്കു വേണ്ടി ഇത്രയും ചെയ്യുമ്പോള്‍ തന്നാലാവുന്നതാകട്ടെയെന്ന് കരുതി മണിയും സുകുവിനൊപ്പം കൂടി. ഇവരുടെ പ്രകടനത്തില്‍ ഞെട്ടി വിറച്ചതുകൊണ്ടോ എന്തോ ചില തലകള്‍ സമീപത്തുള്ള വേലിയുടെ മറവില്‍ നിന്നും, കടകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക്‌ പ്രത്യക്ഷപ്പെടുകയും അതിലും വേഗം അപ്രത്യക്ഷമാവുകയും ചെയ്‌തു. ഇതോടുകൂടി ഇരുവരുടെയും പ്രകടനവും ഉച്ചസ്‌ഥായിലുമെത്തി.

പിന്നീടങ്ങോട്ട്‌ നടന്നത്‌ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. എവിടുന്നൊക്കെയോ പത്തിരുപതാളുകള്‍ ഓടിക്കൂടി. സുകുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പത്തിരുപത്‌ കാട്ടാളന്മാര്‍. ഇരുവരെയും നാട്ടുക്കാരങ്ങെടുത്ത്‌ നരകത്തിലേക്കുയര്‍ത്തി. പ്രാണരക്ഷാര്‍ത്ഥം ഇരുവരും സമീപത്തുള്ള പുരേടം വഴി നൂറേനൂറിലോടി. കിട്ടിയ ഇടിയുടെയും അകത്തവശേഷിക്കുന്ന വിപ്ലവ വീര്യത്തിന്റെയും പ്രതിപ്രവര്‍ത്തനം നിമിത്തം രണ്ടാളും തളര്‍ന്നു വീണു. ഓട്ടത്തിനിടയിലും വീണു കിടക്കുമ്പൊഴും പിറകില്‍ നിന്ന് 'വിടരുതവന്മാരേ', 'കൊല്ലടാ അവന്മാരെ' എന്നിങ്ങനെയുള്ള ആക്രോശങ്ങള്‍ സുകുവിന്റെ ചെവിയില്‍ അശരീരി കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു.

തളര്‍ന്നുവീണ സുകുവിനെയും മണിയെയും തൂമ്പാകൈ, കൊന്നപ്പത്തല്‍, ഇത്യാതികൊണ്ട്‌ പിന്നീടും നന്നായി ചാര്‍ത്തി. പിന്നീടൊന്നുമങ്ങോട്ട്‌ അവര്‍ക്കോര്‍മയുണ്ടായില്ല. അന്നാട്ടിലെ ഏതോ അഭ്യുദയകാംഷികള്‍ സ്ഥലത്തെ ഏമാന്മാരെ വിവരമറിയിച്ചു.

ഏമാന്മാരെത്തി തീര്‍ത്ഥജലം തളിച്ചവരെയുണര്‍ത്തി, കീര്‍ത്തനം പാടി സ്‌റ്റേഷനിലേക്ക്‌ ആനയിച്ചു. കൂടെ മാരകായുധമായ തൂമ്പാക്കൈയും തൊണ്ടിമുതലായി എടുത്തു. (ഇവരെ തല്ലി തൂമ്പായൊടിഞ്ഞതാണോ അതോ തൂമ്പാക്കൈ തന്നെയാണോയെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു.) ഇരുവരുടെയും പരുവക്കേട്‌ കണ്ടുകൊണ്ടോയെന്തോ ഏമാന്മാര്‍ കൂടുതലൊന്നും ചെയ്‌തില്ല.

ഓടുവില്‍ സഹതാപം തോന്നിയ ഒരു പോലീസുകാരന്‍ ചോദിച്ചു, "നിന്നെയൊക്കെ തല്ലിയവന്മാരെ കണ്ടാലറിയുമോടാ?". എടുത്ത വായില്‍ മണി പറഞ്ഞു, ഇല്ലേമാനേ, അറിയില്ല. തല്ലിയവന്മാരെ പോയിട്ട്‌ നടന്നതൊക്കെ ഒര്‍ക്കാനുള്ള ശേഷി രണ്ടാള്‍ക്കും നഷ്‌ടപ്പെട്ടിരുന്നു.

രണ്ടാളുടെയും ശാരീരികാവസ്ഥ കണ്ട ഏമാന്മാര്‍, മണി പറഞ്ഞു കൊടുത്ത നാട്ടിലെ നംബരിലേക്ക്‌ വിളിച്ച്‌ കാര്യങ്ങളറിയിച്ചു. ഈ വാര്‍ത്തയും കാട്ടു തീപോലെ നാട്ടില്‍ പടര്‍ന്നു. കേട്ട പാടെ കേള്‍ക്കാത്ത പാടെ സ്ഥലം വാര്‍ഡ്‌ മെമ്പറെയും കൂട്ടി പട പന്തളത്തേക്ക്‌ പുറപ്പെട്ടു. ടീ പടയില്‍ ഈ എളിയവനും ഉള്‍പ്പെട്ടിരുന്നു. ഓടുവില്‍ ഞങ്ങള്‍ പന്തളം സ്‌റ്റേഷനില്‍ എത്തി.

അവിടെ കണ്ട കാഴ്ച്ച ഹൃദയഭേദകമെങ്കിലും എല്ലാവരുടെയും മുഖത്ത്‌ ചിരിയുണര്‍ത്തി. തളര്‍ന്ന് അവശനായി ഭിത്തിയില്‍ ചാരിയിരിക്കുന്ന സുകുവും വെളിക്കിറങ്ങാന്‍ ഇരിക്കുന്ന മാതിരി മണിയും ഇരുവരുടെയുമിടയ്‌ക്കായി ആനയുടെ ദേഹത്ത്‌ തോട്ടി ചാരിവെയ്‌ക്കുന്ന പോലെ ഒടിഞ്ഞ തൂമ്പാക്കൈയും.

സ്ഥലം എസ്‌ ഐയില്‍ നിന്നും കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ ഞങ്ങള്‍ ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞൊതുക്കി സ്ഥലം കാലിയാക്കി.

--ശുഭം--

NB: എന്റെ സുരക്ഷാ കാരണങ്ങളാല്‍ ഈ കഥയിലെ കഥാ പാത്രങ്ങളുടെ പേരുകള്‍ മാറ്റിയിരിക്കുന്നു. മറ്റെല്ലാം പരമമായ സത്യം മാത്രം.

എന്നോട്‌ സ്വകാര്യമായി മണി മറ്റൊരുകാര്യം കൂടി പിന്നീട്‌ പറഞ്ഞു. സുകു പേനാക്കത്തി പുറത്തെടുക്കുന്നതു വരെ അതിനെ പറ്റി ഒരറിവും മണീക്കുണ്ടായിരുന്നില്ല. കത്തിയെടുത്തതോടുകൂടിയാണ്‌ കളം കൈവിട്ടു പോയത്‌.