Thursday, June 26, 2008

ഇംഗ്ലീഷ് പഠനം.. ഒരു കീറാമുട്ടി.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ദുഫായി രാജ്യത്ത് നിന്ന് ഞാന്‍ ഇന്ത്യയിലേക്ക് ഞാന്‍ ചേക്കേറി. ചേക്കേറീന്ന്
മാത്രമല്ല വളരാനും, പഠിക്കാനും, തല്ലു കൊള്ളാനും കൊടുക്കാനും തുടങ്ങി. അങ്ങനെ എണ്‍പതുകളുടെ ഒടുക്കം ഞാന്‍
സ്കൂളില്‍ പോകാന്‍ തുടങ്ങി.

ഉടുപ്പ്, കുട, ചോറും പാത്രം തുടങ്ങിയ വസ്തുക്കളെല്ലാം പുതിയത്. സ്കൂളിലാണെങ്കില്‍ കൂട്ടുകാരും സാറുമ്മാരും ക്ലാസ്
മുറികളും എന്നു വേണ്ട് എല്ലാം സ്ഥാപനജംഗമങ്ങളും തന്നെ എനിക്ക് പുതിയതായിരുന്നു. ചില കൂട്ടുകാര്‍ അവരുടെ മാതാ
പിതാക്കള്‍ അവരെ രാവിലെ സ്കൂളില്‍ ഉപേക്ഷിച്ച് പോയതിന് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. അതും എനിക്ക് പുതിയ
അനുഭവമായിരുന്നു.

പാട്ടും ഡാന്‍സുമൊക്കെയായി ആദ്യ കുറേ ദിവസങ്ങള്‍ കഴിഞ്ഞു. ഞാനും കൂട്ടുകാരും സ്കൂളിലെ അന്തരീക്ഷവുമായി
ഇണങ്ങിച്ചേര്‍ന്നു. ഞാന്‍ വളരെ ഹാപ്പിയായി എന്നും വളരെ ഊര്‍ജ്ജസ്വലമായി സ്കൂളില്‍ പോയി തുടങ്ങി.

പെട്ടന്നൊരു ദിവസം ഒരു പുതിയ പരിപാടി ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷാ പഠനം. ആദ്യമായി ഞങ്ങളെ പഠിപ്പിച്ചത് എ, ബി,
സി, ഡി വലിയ അക്ഷരങ്ങളായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെന്‍സിലുപയോഗിച്ച് ‘എ’ എന്ന അക്ഷരം എഴുതി.
തുടന്നുള്ള ദിവസങ്ങളില്‍ മറ്റ് അക്ഷരങ്ങളും എഴുതാന്‍ തുടങ്ങി. മുഴുവന്‍ അക്ഷരങ്ങളും എഴുതാന്‍ പഠിച്ചപ്പോള്‍ ചിലത്
അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാന്‍ തുടങ്ങി. അതായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു പുതിയ സാധനം ടീച്ചര്‍ കൊണ്ടുവരുന്നത് കണ്ടു. കൂട്ടുകാര്‍ പലതും
പിറുപിറുക്കാന്‍ തുടങ്ങി. ടീച്ചര്‍ അത് മുതുക് ചൊറിയാന്‍ കൊണ്ടുവന്നതായിരിക്കുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.
പിന്നെയാണ് അതൊരു മള്‍ട്ടി പര്‍പ്പസ് സ്റ്റിക്കാണെന്ന് മനസ്സിലായത്.

സ്കൂളില്‍ നിന്ന് ആദ്യ വീക്ക് കിട്ടിയതും സ്കൂളില്‍ പോകാനുള്ള എന്റെ ഇന്‍‌ററെസ്‌റ്റ് കുറേശെ പോയി തുടങ്ങി. പിന്നെ
ദിവസവും രാവിലെ വയറുവേദന, തൊണ്ട വേദന തുടങ്ങിയ അസുഖങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി. ഒന്നും
ഫലവത്തായില്ലന്നു മാത്രമല്ല സ്കൂളില്‍ നിന്ന് കിട്ടുന്ന തല്ലിനു കുറവൊട്ടും വന്നതുമില്ല.

ഓടുവില്‍ ഒരുവിധം അക്ഷരങ്ങളും വാക്കുകളും ഒക്കെ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. അങ്ങനെ ഞാ‍ന്‍ സ്കൂളിന്‍
നിന്ന് തല്ല് കൊണ്ടും കൂട്ടുകാര്‍ക്ക് വീതിച്ച് കൊടുത്തും പതം വന്ന് പത്താം ക്ലാസ്സ് വരെയെത്തി. ആ കൊല്ലമാണ് ഇംഗ്ലീഷില്‍
ഗ്രാമ്മറിനുള്ള പ്രസക്തി മനസ്സിലായത്. അന്ന് വരെ വായില്‍ വരുന്നത് പോലെ എഴുതി ജയിച്ച എനിക്ക് അത് ഒരു കീറാമുട്ടി
തന്നെയായിരുന്നു.

പ്രസെന്‍‌റും, പാസ്റ്റും പാര്‍ട്ടിസിപ്പിളും എന്നെ കുഴപ്പിക്കന്‍ തുടങ്ങി. അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഗീത ടീച്ചറിന്റെ സ്ഥിരം
ഇര ഞാന്‍ ആയി മാറി. ഒന്നാം പിരീഡില്‍ ടീച്ചര്‍ എന്നെ വീക്കി വാം അപ്പ് നടത്തി തുടങ്ങി. ഒടുക്കം തല്ലി തല്ലി ടീച്ചറിന്റെ
കൈ കുഴഞ്ഞതല്ലാതെ എനിക്ക് വലിയ മാറ്റമൊന്നും വന്നില്ല. അങ്ങനെ പാസ്സ് മാര്‍ക്ക് വാങ്ങി ഞാന്‍ പത്താം തരം പാസായി.
അഞ്ചേ അഞ്ച് കൊല്ലംകൊണ്ട് തന്നെ എന്നെ കൊണ്ടാവുന്നത് പോലെ പഠിച്ച് ഞാന്‍ പ്ലസ് ടൂവും ഡിഗ്രിയും പാസായി.

ഡിഗ്രിക്ക് ശേഷം ഇനിയെന്ത് എന്നുള്ള ചോദ്യം എന്നെ വേട്ട ചാടി. ഒന്നു രണ്ട് വര്‍ഷം വെറുതേ കളഞ്ഞു. ഓടുവില്‍ ഞാന്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍‌റ് നെറ്റ്വര്‍ക്കിംങ്ങ് കോഴ്സിനു ചേര്‍ന്നു. ഇതിനിടയില്‍ എന്നോട് ആരോ സ്പോക്കണ്‍ ഇംഗ്ലീഷ്
പഠിക്കുന്ന കാര്യം പറഞ്ഞു. ഞാന്‍ പല സ്ഥപനങ്ങളെയും പറ്റി തിരക്കി. ഒരു ദിവസം മനോരമ പത്രത്തില്‍ ഒരു പരസ്യം
കിടക്കുന്നു. ‘ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ പണം തിരിക‘ എന്ന തലക്കെട്ടുമായി. സ്ഥലം കോട്ടയം. തിരുവല്ലയില്‍ നിന്നും
ദിവസവും പോയി വരാവുന്ന ദൂരം.

ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളായ നാരായണന്‍ കുട്ടിയുമായും, ടിന്റുവുമായും ആലോചിച്ചു. സംസാരിച്ചില്ലെങ്കില്‍
പണം തിരിച്ച് തരുമെന്നുണ്ടെങ്കില്‍ പോകാമെന്ന് പറഞ്ഞു. ഞങ്ങള്‍ മൂന്ന് പേരും അവിടെ ചെന്നു. പണം തിരികെ തരുമെന്ന്
രണ്ട് വട്ടം ഉറപ്പ് വരുത്തിയ ശേഷം രണ്ടായിരം രൂപ ഒടുക്കി രസീത് വാങ്ങി.

ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങി. ക്യാറ്റ്-പൂച്ച, ഡോഗ്-പട്ടി, മാ‍ന്‍-മനുഷ്യന്‍...... ഞങ്ങക്ക് ചൊറിഞ്ഞ് തുടങ്ങി. രണ്ട്
ദിവസം ഈ കലാപരിപാടി തുടര്‍ന്നു. മൂന്നാം ദിവസം അവിടുന്ന് പൈസയും തിരികെ വാങ്ങി അവിടുന്നിറങ്ങി. ഞങ്ങള്‍
കൊടുത്ത അതേ കറന്‍സി നോട്ടുകള്‍ തന്നെ തിരികെ കിട്ടി. ഞങ്ങള്‍ അധികം അവിടെ തുടരത്തില്ലെന്ന് അവര്‍ക്ക് തൊന്നിയിരിക്കണം.

പിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പരസ്യം പത്രത്തില്‍ കണ്ടു. നാന്നൂറ് രൂപ വിലയുള്ള സ്പൊക്കണ്‍ ഇംഗ്ലീഷ്
പുസ്തകവും ക്ലാസിന്റെ സിഡിയും. വി.പി.പി ആയി അയച്ച് തരും. ഞാന്‍ അവിടെ വിളിച്ച് ഒരു കോപ്പിക്ക് ഓര്‍ഡര്‍
കൊടുത്തു. ആ ആഴ്ച്ച അവസാനം സാധനം വന്നു. ആരെയും കാണിക്കാതെ സ്വന്തമായി ഇംഗ്ലീഷ് പഠിക്കാമെന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ കിറ്റ് പൊട്ടിച്ച് പുസ്തകം വായിച്ച് തുടങ്ങി.

പ്രസെന്റും പാസ്റ്റും പാര്‍ട്ടിസിപ്പിളും കണ്ടതും തട്ടിന്‍ പുറത്ത് ഒരു പുസ്തകം കൂടി കൂടിയതും വളരെ പെട്ടന്നായിരുന്നു.

ഓടുക്കം തൊഴിലന്വേഷണം ആരംഭിച്ചു. കുറേ ഇന്റര്‍വ്യൂകളില്‍ പരാജയപ്പെട്ട് ഒടുക്കം ഒരു സ്ഥാപനം എനിക്ക് പയറ്റാന്‍
ഒരവസരം തന്നു. അവിടെ എന്നെ അലട്ടിയ ഒരു പ്രശ്നം ഇംഗ്ലീഷില്‍ തെറ്റ് കൂടാതെ സംസാരിക്കണം എന്നുള്ളതായിരുന്നു.
മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ ചൊല്ല്. അത് കൊണ്ട് ഞാന്‍ കൂടുതല്‍ സമയവും മറ്റുള്ളവര്‍ പറയുന്നത് കേട്ടിരുന്നു.

ഒടുവില്‍ കമ്പനി ചിലവില്‍ തിരുവനന്തപുരത്തുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ എന്നെ ഇംഗ്ലീഷ് പഠനത്തിനയച്ചു. അവിടെ
ചെന്നപ്പോള്‍ ഒരു പരിചയമുള്ള മുഖം. മറ്റാരുമല്ല, എന്നോടൊപ്പം പത്താം തരം വരെ പഠിച്ച നിമ്മിയായിരുന്നു അത്.
ഞാന്‍ ആദ്യം വിചാരിച്ചു ആ കുട്ടിയും അവിടെ പഠിക്കാന്‍ വന്നതായിരിക്കുമെന്ന്. പിന്നീടാണു ഞാന്‍ അറിഞ്ഞത് അത്
അവിടെ അധ്യാപികയായി ജോലി ചെയ്യുകയാണെന്ന്.

“World is round, so we will meet again” എന്ന് ആ കുട്ടി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതിന്റെ
പൊരുള്‍ അപ്പോഴാണു മനസ്സിലായത്. ദൈവ കൃപയാല്‍ എനിക്ക് നിമ്മിയുടെ ക്ലാസ്സില്‍ തന്നെ സീറ്റ് കിട്ടി. എന്തൊരു യോഗം.
തന്നോടൊപ്പം ഒരേ ക്ലാസ്സില്‍ പഠിച്ച് വളര്‍ന്ന് രണ്ട് ആളുകള്‍. ഒരാളിന്റെ അടുത്ത് മറ്റൊരാള്‍ പണം മുടക്കി പഠിക്കാന്‍
ചെല്ലുന്ന അവസ്ഥ.. അണ്‍ സഹിക്കബിള്‍. എന്റെ ആത്മാഭിമാനം എന്നെ വേട്ട ചാടി. അവിടെ പഠിച്ചില്ലെങ്കില്‍ ആറ്റു
നോറ്റിരുന്ന് കിട്ടിയ ജോലി വെള്ളത്തിലാകും. കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ.

ഓടുവില്‍ ഞാന്‍ പാതി മനസ്സോടെ ഇംഗ്ലീഷ് പഠനം പുനരാരംഭിച്ചു. പ്രസെന്റും പാസ്റ്റും പാര്‍ട്ടിസിപ്പിളും വീണ്ടും എന്നെ വേട്ട
ചാടി. ആദ്യ ക്ലാസ് ടെസ്റ്റില്‍ ഞാന്‍ പൊട്ടി. സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ എന്നെ വിളിച്ചു കാര്യം അന്വേഷിച്ചു. എടാ..
സ്കൂളില്‍ പോയപ്പോള്‍ രണ്ട് പേരോടും വീട്ടീന്ന് പറഞ്ഞു വിട്ടു, നോക്കിയും കണ്ടും ശ്രദ്ധിച്ചിരുന്ന് പഠിച്ചോണമെന്ന്. നിമ്മി
പുസ്തകം നോക്കി പഠിച്ചു. നീ ടീച്ചറിനെ നോക്കി പഠിച്ചു. അതാ നിനക്കീ ഗതി വന്നത്. ഇനിയെങ്കിലും മര്യാദക്ക് പഠിക്കാന്‍
നോക്ക്. അത് എനിക്ക് ഫീല്‍ ചെയ്തു.

ആ രാത്രി ഞാന്‍ പന്ത്രണ്ട് ടെന്‍സും ഞാന്‍ മനപ്പാടമാക്കി ഒപ്പം ഓരോ എക്സാം‌പിളും.. പിറ്റേന്ന് രാവിലെ ചെന്ന് എല്ലാം
ഞാന്‍ ഒറ്റ ശ്വാസത്തില്‍ അവിടെയുള്ളവരെ പറഞ്ഞ് കേള്‍പ്പിച്ച് കൈയടി വാ‍ങ്ങി. ഓടുവില്‍ ഒരു മാസത്തെ കോഴ്സ്
പൂര്‍ത്തിയാക്കി ഞാന്‍ അവിടുന്ന് തടി തപ്പി.

തിരികെ കമ്പനിയില്‍ വന്നതും ഞാന്‍ പഴയ ശൈലി പുറത്തെടുത്തു. ടീം ലീഡര്‍ പറഞ്ഞു. ‘പട്ടീടെ വാല്‍ പന്തീരാണ്ടുകാലം
കുഴലിലിട്ടാലും നേരയാവില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.’

ഞാന്‍ തിരിച്ചും പറഞ്ഞു. ‘പട്ടീടെ വാല്‍ പട്ടീടെ അനുവാദമില്ലാതെ കുഴലിലിട്ടാല്‍ കുഴലു വളഞ്ഞു പോകും...’

ഓടുക്കം ഞാന്‍ ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവും ലളിതവുമായ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു കൊണ്ടേയിരുന്നു... ഇപ്പോഴും

തിരയുന്നു....