Saturday, May 21, 2011

മോഷണം

അന്യന്റെ വസ്തുക്കള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കുന്നതിനെ മോഷണം എന്നു പറയും. എങ്കില്‍ സ്വന്തക്കാരനായ ആളുടെ വസ്തു അയാളുടെ അറിവോടു കൂടെ എടുക്കുന്നതിനെ മോഷണം എന്നു പറയുമോ? ചിലപ്പോള്‍....

ഞാന്‍ അന്നു വളരെ ചെറുതാണ്. ചെറുത് എന്നു പറഞ്ഞാല്‍ ആരേലും എന്താടാ എന്നു ചോദിച്ചാല്‍ പോടാ എന്നു തെളിച്ച് പറയാനറിയാത്ത പ്രായം. ദുബായില്‍ ജനിച്ചെങ്കിലും ലോകപരിചയം തീരെയില്ലാത്ത കളവും കളങ്കവും എന്തെന്നറിയാത്ത പ്രായം.

ആ പ്രായത്തിലാണ് ഞാന്‍ നാട്ടിലുള്ള ഒരു കോണ്‌വെന്റ് സ്കൂളില്‍ പ്രാരംഭ വിദ്യകള്‍ അഭ്യസിക്കാന്‍ ചേര്‍ന്നത്. അവിടെ വെച്ച് ക്യാറ്റ്, റാറ്റ്, ബാറ്റ് മുതലായ വെസ്റ്റേണ്‍ വിദ്യകളും, തറ, പറ, പന മുതലായ കേരളീയ വിദ്യകളും, എന്താടാ, പോടാ എന്നീ ലോക്കല്‍ വിദ്യകളും, അടി തട തെറി മുതലായ നിലനില്‍‌പ്പ് വിദ്യകളും ഞാന്‍ പഠിക്കാന്‍ ആരംഭിച്ചു.

വീട് വിട്ടാല്‍ സ്കൂള്, സ്കൂളു വിട്ടാല്‍ വീട് എന്നതായിരുന്നു വീട്ടീല്‍ നിന്നുമുള്ള ഇന്‍സ്ട്രക്ഷന്‍. സ്വന്തം ശരീരം കേടുവരാതിരിക്കാന്‍ ഞാന്‍ ആ നിര്‍ദ്ദേശം നന്നായി പാലിച്ചിരുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷം, ആ റുട്ടീന്‍ എനിക്ക് വളരെ ബോറിങ്ങ് ആയി തോന്നി.

ഒരു ദിവസം സ്കൂളില്‍ ഒരു അനൗണ്‍സ്മെന്റ് കേട്ടു. അടുത്ത തിങ്കളാഴ്ച എല്ലാവരേയും ആലപ്പുഴയില്‍ ടൂര്‍ കൊണ്ടുപോകുന്നു. താല്പര്യമുള്ള കുട്ടികള്‍ പേരു നല്‍കുന്നതിനോടൊപ്പം, വണ്ടിക്കൂലിക്കും, വള്ളക്കൂലിക്കും, ഡ്രൈവറുടെ ബാറ്റ, ഭക്ഷണം ഇത്യാദിക്കുള്ള ഫീസായ ഇരുപത് രൂപ കെട്ടി രസീത് വാങ്ങണം.

കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിച്ചു. ആലപ്പുഴ ഞാനന്ന് പത്രത്തില്‍ മാത്രമേ കണ്ടിരുന്നുള്ളു. തിരുവല്ലയ്ക്ക് പുറത്തുള്ള ഒരു സ്ഥലം. ഞാന്‍ വളരെ വിശദമായി ടൂര്‍ പ്ലാന്‍ അന്വേഷിച്ചു. ഒരു ദിവസത്തെ പരിപാടിയായിരുന്നു അത്. ആലപ്പുഴ ബീച്ച്, ചില്ല് ഫാക്ടറി, ഉദയാ സ്ടുഡിയോ പിന്നെ ഇന്നേവരെ പേരു മനസ്സിലാവാത്ത ഏതൊക്കെയോ സ്ഥലങ്ങളും.

വൈകിട്ട് വീട്ടില്‍ വന്ന് വിവരം പറഞ്ഞു. അച്ഛനോട് അനുവാദം വാങ്ങീട്ട് പോയ്ക്കോളാന്‍ ധാരണയായി. ഫോണ്‍ വിളിക്കാനോ എസ്.എം.എസ് അയക്കാനോ അന്ന് സജ്ജീകരണങ്ങളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് ദുബായിലുള്ള അദ്ദേഹത്തിന് ഞാനാവിവരം കാണിച്ച് ഒരു കത്തെഴുതി. പക്ഷേ ആ കത്ത് ഇന്നേ വരെ അവിടെ ചെന്നില്ല. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റാണോ വീട്ടിലേ ഏതെങ്കിലും ആളുകളാണോ ചതിച്ചതെന്ന് ഇന്നും എനിക്ക് അവ്യക്തം.

അങ്ങനെ വണ്ടിക്കൂലി ഒടുക്കേണ്ട ദിനം എത്തി. സെക്രട്ടറി ഒപ്പ് വെക്കാതെ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് അമ്മ പറഞ്ഞു. എനിക്കാണേല്‍ എങ്ങനെയും പോയാല്‍ മതി. വൈകിട്ടു കുടിച്ച പാലില്‍ നിന്നാണോ അതോ കഴിച്ച ബ്രിട്ടാന്യ ബിസ്ക്കട്ടില്‍ നിന്നാണോ എന്നറിയില്ല, എനിക്ക് വലിയ ഒരു ബുദ്ധി ഉദിച്ചു. ആവശ്യമുള്ള പണം എല്ലാരോടും കാണാതെ പറഞ്ഞെടുക്കുക. ചുരുക്കി പറഞ്ഞാല്‍ മോട്ടിക്കുക.

നിമിഷനേരം കൊണ്ട് തലമുറകളായി കൈമാറി വന്ന കുരുട്ട് ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. ഞാന്‍ പല സിനാരിയോസും മനസ്സില്‍ അനലൈസ് ചെയ്തു. അമ്മയുടെ ബാഗില്‍ നിന്നും എടുക്കാം എന്നു വിചാരിച്ചാല്‍ അത് ഡബിള്‍ റിസ്ക്കാണ്. ആദ്യം അലമാരയുടെ താക്കോല്‍ തപ്പിയെടുത്ത് അലമാര തുറക്കണം. പിന്നെ ബാഗ് എടുത്ത് നോക്കണം. താകോലാണേല്‍ അമ്മേടെ കൈയ്യിലും. അടുത്ത ഓപ്ഷന്‍ അമ്മൂമേടെ മെത്തയ്ക്ക് അടിയില്‍ തപ്പലാണ്. ഈ രണ്ടു വിദ്യകളിലും ഉള്ള ഒരു പ്രധാന റിസ്ക്ക് ഫാക്ടര്‍ എന്നത്, ആവശ്യത്തിനുള്ള പണം ഡെസ്റ്റിനേഷനില്‍ കാണാനുള്ള സാധ്യതയാണ്. പണം കിട്ടിയില്ലെല്‍, സമയ നഷ്ടവും, യോഗമുണ്ടേല്‍ ആരോഗ്യനഷ്ടവും ഫലം. അങ്ങനെ ഞാന്‍ പല പോസിബിലിറ്റീസും ഞാന്‍ മനസ്സില്‍ വര്‍ക്കൗട്ട് ചെയ്തു നോക്കി.

ഒടുവില്‍ ഞാന്‍ ഒരു സേഫ് പ്ലേസ് കണ്ടെത്തി. പൂജാ മുറിയില്‍ വെച്ചിരിക്കുന്ന നേര്‍ച്ചപ്പെട്ടിയില്‍ നിന്നും എടുക്കുക. അതാകുമ്പോള്‍ ഒരിക്കലും എണ്ണി നോക്കില്ല എന്നൊരുറപ്പും, ആരും അറിയാന്‍ പോകുന്നില്ല എന്നൊരു ബെന്‍ഫിറ്റും ഉണ്ട്. എന്തായാലും അതില്‍ പണം ഉണ്ടാകും എന്നുള്ളതാണ് അതിന്റെ മറ്റൊരു ആകര്‍ഷണം.

പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കുളിച്ച് വിളക്കു കത്തിച്ച്, അതിന്റെ മുതലാളിയോട് അനുവാദം ചോദിച്ചു. കക്ഷി മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ മൗനം സമ്മതം എന്നു കരുതി നന്നേ പൊക്കത്തിലുള്ള നേര്‍ച്ചയിരിക്കുന്ന ഷെല്ഫില്‍ വലിഞ്ഞുകേറി. ഒരു കൈയുപയോഗിച്ച് അതിന്റെ അടപ്പു തുറന്നു കൈയിട്ട് ഒരു തുട്ടെടുത്തു. നോക്കിയപ്പോള്‍ അതില്‍ "20" എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ പാത്രം തിരികെയടച്ച് താഴെയിറങ്ങി ഒന്നൂടെ പ്രാര്‍ത്ഥിച്ചു. ഒന്നാമത്തെ തവണ തന്നെ കൃത്യം കാശ് കിട്ടിയതിന് കക്ഷിയോട് ഒത്തിരി താങ്സും പറഞ്ഞു.

പണം എടുത്ത ശേഷമാണ് ഒരു പ്രധാന കാര്യം എന്നേ വലച്ചത്. കട്ടെടുത്ത പണം എങ്ങനെ സ്കൂള്‍ വരെ എത്തിക്കും. കാരണം, വീട്ടില്‍ പലവിധ സെക്യൂരിറ്റി ചെക്കുകള്‍ നടത്തിയ ശേഷമേ സ്കൂളിലേക്ക് വിടുകയുള്ളൂ. ഒടുവില്‍ അതിനും ഒരു സൂത്രം എനിക്ക് കത്തി. ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്തുക. ജീവിതത്തില്‍ ആദ്യമായി ഞാന്‍ അന്ന് ഷൂസ് തനിയേ ഇട്ട് സ്കൂളില്‍ പോയി.

അങ്ങനെ സ്കൂള്‍ വരെ സാധനം എത്തിച്ചു. ക്ലാസ്സില്‍ എല്ലാവരും വരി വരിയായി നിന്ന് പണം കൊടുത്തു തുടങ്ങി. അങ്ങനെ എന്റെ ഊഴവുമായി. ഞാന്‍ പൈസാ ടീച്ചറിനു നീട്ടി. അല്പനേരം ടീച്ചര്‍ എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു "മോനേ, ഇരുപത് എന്ന് പാട്ടയില്‍ അച്ചടിച്ചതല്‍ല്ല, കടലാസില്‍ അച്ചടിച്ചതുണ്ട് അതാണ് വേണ്ടത്." അപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത്. ഇരുപത് രൂപയ്ക്ക് പകരം ഇരുപത് പൈസയായിരുന്നു അത്. ടീച്ചര്‍ അതു പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ എല്ലാവരും കൂടി എന്നെ കളിയാക്കി ചിരിച്ചു തുടങ്ങി. പൈസായെന്താ രൂപായെന്താ എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്കു കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാന്‍ അല്പനേരം അവിടെത്തന്നെ നിന്നു. പിന്നെ വീട്ടില്‍ നിന്ന് മാറി വാങ്ങിക്കൊണ്ട് വരാം എന്നു പറഞ്ഞ് ഞാന്‍ തടിയൂരി.

ആ ഇരുപത് പൈസാ എന്തു ചെയ്യണമെന്ന് ഞാന്‍ അല്പനേരം ആലോചിച്ചു. കടയില്‍ നിന്നും മിഠായി വാങ്ങാമെന്നു വെച്ചാല്‍ വീട്ടില്‍ അറിയും. എന്നാല്‍ അത് എവിടെയെങ്കിലും കളയാനും മനസ്സു വന്നില്ല. തിരിച്ച് കൊണ്ട് നേര്‍ച്ചപ്പെട്ടിയില്‍ ഇടാമെന്നു വെച്ചാല്‍ അത് പിന്നെയും റിസ്ക്കെടുക്കുകയാണ്. ഒടുവില്‍ ദൈവം ഒന്നേയുള്ളു എന്ന പൊതു തത്വം മനസ്സിലാക്കി അത് സ്കൂളില്‍ തന്നെയുള്ള ചാപ്പലിലെ വഞ്ചിയില്‍ നിക്ഷേപിച്ചു.

അന്ന് ആ ടൂര്‍ പോക്കാന്‍ പറ്റാത്തതു കൊണ്ട് ഇന്നു എനിക്ക് എക്സല്‍ ഗ്ലാസ് ഫാക്ടറിയും ഉദയാ സ്ടുഡിയോയും കയറാന്‍ സാധിച്ചിട്ടില്ല. അത് എന്റെ ആ മിഷന്‍ നടക്കാത്തന്റെന്റെ ഡിസ്അഡ്വാന്റേജ്.

എന്നാല്‍ ഇതില്‍ നിന്നും കുറച്ച് കാര്യങ്ങളും ഞാന്‍ പഠിച്ചു. അത് ആ മിഷന്‍ നടക്കാത്തന്റെ അഡ്വാന്റേജ്.
(1) സ്വന്തമായി ഷൂസ് കെട്ടാന്‍ പഠിച്ചു.
(2) കക്കാന്‍ അറിയുന്നതിനേക്കാല്‍ നില്‍ക്കാനാണ് ധൈര്യം വേണ്ടത് എന്ന തിരിച്ചറിവ് നേടി.
(3) മൂല്യം അറിഞ്ഞേ കക്കാവൂ എന്നത് മനസ്സിലായി.
(4) ആരുടെ മോട്ടിച്ചാലും ദൈവത്തിന്റെ മോട്ടിക്കരുത് എന്നും പഠിച്ചു.

പക്ഷേ ഞാന്‍ അന്നു ആ പണം എടുത്തത്, മോഷണം എന്നു പറയാന്‍ പറ്റുമോ എന്ന് ഇന്നും എനിക്ക് അറിയില്ല..... :)

9 comments:

കൊച്ചു മുതലാളി said...

അന്യന്റെ വസ്തുക്കള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കുന്നതിനെ മോഷണം എന്നു പറയും. എങ്കില്‍ സ്വന്തക്കാരനായ ആളുടെ വസ്തു അയാളുടെ അറിവോടു കൂടെ എടുക്കുന്നതിനെ മോഷണം എന്നു പറയുമോ? ചിലപ്പോള്‍....

Pranav said...

Ennalum Ente Muthalali.....

വരയും വരിയും : സിബു നൂറനാട് said...

"വെറുമൊരു മോഷ്ട്ടവായെന്നെ നീ കള്ളനെന്നു വിളിച്ചില്ലേ..???"

:-D

Anonymous said...

advanage no. 2 sathyamayi......nilkkan nannayi padichu!!!

ഒരു മലയാളി said...

ne anghane athum ellarodum paranghu alle

കുഞ്ഞൂസ് (Kunjuss) said...

അതൊരു വല്യ സംശയം തന്നല്ലോ 'കൊച്ചു'മുതലാളീ...

VAZHIYORA KAZHCHAKAL.. said...

നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
സസ്നേഹം ... ആഷിക്

Anonymous said...

Awesome..

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.വലിയ സംശയം തന്നെ.