Sunday, August 23, 2009

മുത്തും ഇലട്രോണിക്സ് ലാബും

കഴിഞ്ഞ ദിവസം ഗൂഗ്ഗിള്‍ ടാക്കില്‍ ഒരു താടിയുള്ള ഒരു വ്യക്തി മെസ്സേജ് അയച്ചു. ഹൈ, ഹവ് ആര്‍ യൂ... സത്യത്തില്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതെ എന്നെ ഒന്നാം കൊല്ലം ഡിഗ്രിക്ക് പഠിപ്പിച്ച സുരേഷ് സാറായിരുന്നു. വര്‍ഷം ഏഴ് കഴിഞ്ഞു അദ്ദേഹത്തിന്റെ കാസ്സ് കഴിഞ്ഞിട്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ഓര്‍മമ സമ്മതിക്കണം. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. ആശംസകള്‍ പറഞ്ഞ് പിരിഞ്ഞു.

സുരേഷ് സാറിനെ പറ്റി പറയുകയാണെങ്കില്‍; വളരെ നല്ല മനുഷ്യന്‍. ശാന്തമായ സ്വഭാവം. വളരെ നല്ല സംസാരം. പക്ഷേ പഠിത്തത്തിന്റെ കാര്യത്തിലാണെങ്കില്‍ എല്ലം മറിച്ചാണ്. ഒരിക്കല്‍ അദ്ദേഹം വീട്ടിന് ആരെങ്കിലും വിളിച്ചോണ്ട് വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചേട്ടനെ ഒരു ഇരയില്‍ കോര്‍ത്തിട്ടുകൊടുത്തു. ഇട്ടുകൊടുക്കേണ്ട താമസം, എന്നാ കൊത്തായിരുന്നെന്നോ... ചേട്ടനു പകരം അച്ഛനോ അമ്മയോ ആയിരുന്നു ഞാന്‍ വിളിച്ചോണ്ട് പോയതെങ്കില്‍ ഇന്നു ഞാന്‍ ഇവിടെ ദുഫായില്‍ ഇരുന്ന് ബ്ലോഗത്തില്ലായിരുന്നു...

ഇന്നലെ രാത്രി ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ എന്റെ കൂടെ അതേ കോളേജില്‍ പഠിച്ച്, എന്നോടൊപ്പം എല്ലാ തല്ലുകൊള്ളിത്തരത്തിനും എന്നോടൊപ്പമുണ്ടായിരുന്ന്ന നാട്ടുകാരും വീട്ടുകാരും ഞങ്ങള്‍ കൂട്ടുകാരും മുത്ത് എന്ന് വിളീക്കുന്ന ശ്രീജിത്ത് മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്നു. ടാ.. മുത്തേ എന്ന് വിളിച്ചതും ഇവിടാരടാ എന്നേ മുത്തേന്ന് വിളിക്കുന്നതെന്നാലോചിച്ച് വണ്ടറടിച്ച് നിന്നു. എന്നേ കണ്ടതും അവനൊന്ന് ഞെട്ടി. പിന്നെ, അടുത്ത് വന്നിരുന്ന് കുശലം ചോദിച്ചു. കോളേജ് വിട്ടിറങ്ങുമ്പോള്‍ കൈവിരലിന്റെ എണ്ണത്തേക്കാള്‍ കൂടുതല്‍ സപ്ലീ അദ്ദേഹത്തിനുണ്ടായിരുന്നു. അവന്‍ ഇപ്പം ഇവിടെ ദുബായില്‍ ഏതോ കാട്ടുമുക്കില്‍ (മരുഭൂമിയില്‍)സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്നു. നാട്ടില്‍ സേഫ്റ്റിക്കായി ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്തവന്‍ ഇവിടെ ദുബായില്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍ പോലും ഹാര്‍ഡ് ഹാറ്റും സേഫ്റ്റി ഷൂവും ഇടുന്നു. നാടുവിട്ടതിന്റെ ഒരു ഗുണമേ!! പിന്നെ ഞങ്ങള്‍ പരസ്പരം മൊബൈല്‍ നമ്പരും, ഈമെയില്‍ വിലാസവും കൊടുത്ത് പിരിഞ്ഞു.

സുരേഷ് സാറുമായി സംസാരിച്ചതും, വളരെ യാദൃച്ഛികമായി ശ്രീജിത്തിനെ കണതും എന്നെ കോളേജ് ലൈഫിലെ ചില ഓര്‍മകളിലേക്ക് കൊണ്ടുപോയി.

ശ്രീജിത്തും ഞാനും ഒരുമിച്ചായിരുന്നു ഇലട്രോണിക്സ് ലാബ് ചെയ്തിരുന്നത്. അന്ന് മുതല്‍ തുടങ്ങിയ ഒരു ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ആഴ്ചയില്‍ രണ്ട് ദിവസം ഞങ്ങള്‍ക്ക് ഉച്ചവരെ ലാബുണ്ടായിരുന്നു. ലാബില്‍ ഞങ്ങള്‍ അഭിമുകീകരിച്ച് പ്രധാന പ്രശ്നം ഈ സുരേഷ് സാറിന്റെ വൈവ ആയിരുന്നു. ലാബുള്ള എല്ലാ ദിവസവും ആദ്യം അന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സധനത്തിനെ പറ്റിയുള്ള വിവരം പരിശോധിക്കലാണ്. സുരേഷ് സാറിന്റെ അടുത്ത് ചെല്ലുന്നതും പഠിച്ചതെല്ലാം മറന്ന് പോകുന്നതും എനിക്കൊരു പതിവായിരുന്നു.

ഇലട്രോണിക്സ് സര്‍ക്യൂട്ട്‌സില്‍ ആദ്യമായി പഠിച്ച കാര്യം റെടിഫയര്‍ സര്‍ക്യൂട്ടായിരുന്നു. പുത്തനച്ചി പുരപ്പുറം തൂക്കും എന്നകണക്കെ ആദ്യത്തെ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ മനപ്പാഠമാക്കി. എനിക്കതില്‍ ചെറിയ അഹങ്കാരമുണ്ട്ന്ന് വേണം പറയാന്‍.

പതിവുപോലെ ഞാന്‍ അന്നു രാവിലെ ലാബ് മാനുവല്‍ നോക്കാതെ നോട്ട് ബുക്കില്‍ പടങ്ങളും കണക്കുകളും എഴുതി. ശ്രീജിത്ത് അന്ന് ഇടത്തോട്ട് തിരിഞ്ഞെണീറ്റകൊണ്ടോ എന്തോ അന്ന് കക്ഷി ഇത്തിരി താമസിച്ചു കോളേജിലെത്താന്‍. ലാബ് ഉള്ള ദിവസം എന്നെയും കാത്ത് നില്‍ക്കുന്നവന്‍ അന്ന് വന്നത് കൃത്യം പ്രാര്‍ത്ഥനയുടെ സമയത്താണ്.

പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ഞാന്‍ അവന്‍ വന്നത് കണ്ടില്ല. അവന്‍ എന്റെ ബാഗില്‍ നിന്ന് ബുക്കെടുത്തതും ഞാന്‍ അറിഞ്ഞില്ല. കണ്ണുതുറന്ന് ഞാന്‍ ബാഗ് നോക്കിയപ്പം ബുക്ക് കാണാനില്ല. ഇന്ന് രാവിലെ ഞാന്‍ ബുക്കെടുത്ത് ബാഗില്‍ വെച്ചതാണെല്ലോ.. പിന്നതെവിടെ പോയി.. ദൈവമേ ചതിച്ചോ... എന്നൊക്കെ വിചാരിച്ചിരിക്കുമ്പോള്‍ അവസാനത്തെ ബെഞ്ചില്‍ നിന്ന് ഒരു ചോദ്യം.. ഇതെങ്ങനാ ഓടിക്കുന്നേ (റെക്റ്റിഫയര്‍ എങ്ങനാ പ്രവര്‍ത്തിക്കുന്നതെന്ന്). അന്നേരത്തെ എന്റെ ദേഷ്യത്തില്‍ എനിക്കിപ്പം പറയാന്‍ മനസ്സില്ല എന്നും പറഞ്ഞ് അവന്റെ കയ്യില്‍ നിന്ന് ബുക്കും തട്ടിപറിച്ച് ഞാന്‍ ലാബിലേക്ക് പോയി. അവന്‍ ചീത്ത പറഞ്ഞതാണോ എന്തോ ഒന്നു പിറുപിറത്തത് മാത്രമേ കേട്ടുള്ളു...

ഞാന്‍ ആണ് രാജാവ് എന്ന മട്ടില്‍ ഞാന്‍ ലാബില്‍ കയറിയിരുന്നു. മുത്തും എന്റെ അടുക്കല്‍ വന്നിരുന്നു. ആരും കേള്‍ക്കാതെ എന്റെ കാതില്‍ അവന്‍ ഒന്ന് ചോദിച്ചു. ഇത് ഓടിക്കുന്ന രീതി ഒന്ന് പറയാന്‍ പറ്റുവാണേല്‍ പറ. ഇല്ലെങ്കില്‍ ഞാന്‍ ഇന്നു കയറുനില്ല. അവന്റെ നിസ്സഹായവസ്ഥ കണ്ടപ്പോള്‍ ഞാന്‍ വളരെ ഉച്ച് കുറച്ച് പറഞ്ഞു. പറഞ്ഞ് തരാം. ഉച്ചക്കത്തെ ഊണ് ഞാന്‍ നിന്റെ പറ്റില്‍ കഴിക്കും. പിന്നെ വൈകിട്ട് തിരിച്ചെന്നെ നിന്റെ ബൈക്കില്‍ തിരുവല്ലയില്‍ കൊണ്ടു വിടുകയും വേണം. അവന്‍ അത് രണ്ടും മനസ്സില്ലാ മനസ്സോടെ ഏറ്റു. ഞാന്‍ ഒറ്റശ്വാസത്തില്‍ സാര്‍ ക്ലാസ്സില്‍ വരുന്നതിന് മുന്‍പേ പറഞ്ഞു കൊടൂത്തു.

ഓടുവില്‍ സുരേഷ് സാര്‍ ക്ലാസ്സില്‍ വന്ന് നംബരനുസരിച്ച് ഓരോ ടീമിനെയും വിളിച്ച് കാര്യപ്രാപ്തി അന്വേഷിച്ചുതുടങ്ങി. അങ്ങന്റെ ഞങ്ങടെ ഊഴവുമായി. ഞാനും വളരെ കോണ്‍ഫിഡന്റായി മുത്തെന്റെ പിന്നാലെയും വന്നു. എന്നെ കണ്ട പാടെ സാറൊന്നു ചിരിച്ചു. എല്ലാം പഠിച്ചിട്ടുണ്ടല്ലോ അല്ലേ.. ഉണ്ട് സാര്‍ എന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. എന്നല്‍ ഇതെങ്ങനാ പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചു. സിമ്പില്‍ ചോദ്യം. ഞാന്‍ മുത്തിനു കാര്യം പറഞ്ഞു കൊടുത്ത അതേ സ്പീഡില്‍ സാറിനോടും പറഞ്ഞു. അപ്പം പഠിക്കാന്‍ തന്നെ തീരുമാനിച്ചല്ലേ.. എങ്കില്‍ നീ പറ എന്ന് മുത്തിനോട് പറഞ്ഞു. അവന്‍ മുക്കിയും ഞെരുങ്ങിയും കാര്യം പറഞ്ഞു. ഞാന്‍ വിചാരിച്ചു.. എല്ലം കഴിഞ്ഞു ഇനി ചെയ്തു തുടങ്ങാന്‍ പറയുമായിരിക്കുമെന്ന്. ഉടനെ എന്റെയടുത്ത് അടുത്ത ചോദ്യം. ഈ കണക്ക് എങ്ങനാ എഴുതിയത്? ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും ഒരുദ്ദേശം വെച്ച് അതും വിവരിച്ചു. കണക്കിന്റെ അവസാനഘട്ടം വന്നപ്പോള്‍ സാര്‍ എന്നോട് ചോദിച്ചു ഇതില്‍ ഈ ആരോയിട്ടിരിക്കുന്നത് എന്തിനേയാണ് സൂചിപ്പിക്കുന്നത്? എനിക്ക് അതിന്റെ പറ്റി ഒരു വിവരമില്ലെകിലും മുത്ത് അത് കറണ്ടാണേന്ന് എന്റെ ചെവിയില്‍ പറഞ്ഞു.

ഞാനു പറഞ്ഞു സാര്‍.. അത് കറണ്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന്. ഉറപ്പാണോടോ? മുത്ത് തലകുലുക്കിയ ശേഷം ഞാനും തലകുലുക്കി. എങ്കില്‍ പറ.. ആ കറണ്ട് ഏത് ദിശയിലാണ് ഒഴുകുന്നത്? ഞാന്‍ എന്റെ ബുക്കില്‍ ഒന്ന് നോക്കിയ ശേഷം ആരോയിട്ടിരിക്കുന്ന ദിശ് ഞാന്‍ പറഞ്ഞു. സാറ് എന്നേ ആക്കിയൊരു ചിരി... എന്നിട്ട് മുത്തിനോട് ഇതേ ചോദ്യം ചോദിച്ചു. അവന്‍ ഒന്ന് മാറ്റി പരീക്ഷിച്ചു. അവന്‍ അതിന്റെ എതിര്‍ ദിശ കാണിച്ച് കൊടുത്തു..

സാര്‍ എന്നോട് പറഞ്ഞു. രാവിലെ ഏണീറ്റ് ഇങ്ങ് പോന്നാല്‍ മാത്രം പോരാ.. വല്ലതും പഠിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി.. ലൈബ്രറിയ്യിലോട്ട് വണ്ടി വിട്ടോ....

അങ്ങനെ വല്ലതും പഠിച്ചുകൊണ്ട് വന്ന ഞാന്‍ പുറത്തും.. ഞാന്‍ പറഞ്ഞ് കൊടുത്തത് മാത്രം പഠിച്ച മുത്ത് ക്ലാസ്സിനകത്തും.. എനിക്ക് സങ്കടമാണോ അതോ ദേഷ്യമാണോ വന്നതെന്ന് എനിക്കറിയില്ല.

ക്ലാസ്സിനു പുറത്ത് നില്‍ക്കാന്‍ പറ്റിയ അവസരമല്ലേ... അതും സാറിന്റെ സമ്മതത്തോടൊപ്പം.. ഞാന്‍ ലൈബ്രറിയില്‍ പോകാതെ നേരെ കോളേജിനു പുറത്തുള്ള ശാന്തപ്പന്‍ ചേട്ടന്റെ ചായകടയില്‍ ചെന്ന് ഒരു പരിപ്പ് വടയും ചായയും കുടിച്ചു. അതെന്നിട്ട് മുത്തിന്റെ പറ്റില്‍ എഴുതി.

അവിടിരുന്ന ദേശാഭിമാനി പത്രം വായിച്ച് ശാന്തപ്പന്‍ ചേട്ടനുമായി വാര്‍ത്താ വിശകലനം നടത്തി. അങ്ങനെ ആ ചര്‍ച്ച മൂതിരിക്കുമ്പോള്‍ അതാ മുത്ത് എന്നേയും തേടി കോളേജിനു ചുറ്റും നടക്കുന്നു. ഇവനിതെന്ത് പറ്റി? ഭ്രാന്ത് പിടിച്ചോ? അവനെയും സാര്‍ പിടിച്ച് പുറത്താക്കി. അതാ വാസ്ഥവം..

അവനെന്നെ കോളേജ് മൊത്തം തിരക്കിയ ശേഷം അവസാനം ചായകടയിലുമെത്തി. അവന്‍ പറഞ്ഞു. ഡാ.. നിന്നെ സുരേഷ് സാര്‍ വിളിക്കുന്നു. എന്നു മാത്രം പറഞ്ഞിട്ട് അവന്‍ തിരിച്ച് പോയി. എന്താ കാര്യം എന്ന് പോലും അവന്‍ പറഞ്ഞില്ല.

ഇനി അവനെയും ഇറക്കി വിട്ടിട്ട് എന്നെ ഫൂളാക്കാന്‍ അവന്‍ പറഞ്ഞതാണോ എന്ന് വരെ ഞാന്‍ സംശയിച്ചു.
ഞാന്‍ നേരേ ലാബില്‍ ചെന്നു. സുരേഷ് സാര്‍ എന്നോട് ചോദിച്ചു “എല്ലാം പഠിച്ചു കഴിഞ്ഞോ?” ഞാന്‍ ഉം എന്ന് മാത്രം പറഞ്ഞു.

എങ്കില്‍ റിപ്പിള്‍ ഫാക്ടര്‍ എന്നാല്‍ എന്താ? ഞാന്‍ മനസ്സില്‍ ചോദിച്ചു “എന്തുവാ അത്? അത് ഞാന്‍ അന്നാദ്യമായാണ് കേള്‍ക്കുന്നത്!!”
അപ്പം പഠിക്കാന്‍ വിട്ടാല്‍ നേരേ ചായക്കടയിലാണ് ഹാജര്‍ വെക്കുന്നത്... ഏടോ... ഒന്നുവില്ലേല്‍ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഉറങ്ങാതെ ശ്രദ്ധിച്ചിരി...

ഞാന്‍ വളരെ ഇളിബ്യനായി നിന്നു. തനിക്കീ സംഭവം ചെയ്യാന്‍ അറിയുമോ? ഞാന്‍ പറഞ്ഞു.. അറിയാം സാര്‍.. എങ്കില്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് വന്ന് ചെയ്യ്. എനിക്ക് സാറിനെ ഒന്ന് കെട്ടിപിടിച്ച് ഉമ്മവെക്കാനാണ് തോന്നിയത്.

അവിടെ നിന്ന മറ്റ് പലരും മുത്തിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതില്‍ സുമേഷിനോട് രഹസ്യമായി കാര്യം തിരക്കി.
അവന്‍ പറഞ്ഞു.. നിന്നെ ക്ലാസ്സീന് ഇറക്കിവിട്ട ശേഷം മുത്തിനോട് പോയി ചെയ്യാന്‍ പറഞ്ഞു. അവന്‍ അവിടിരുന്ന കൈയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം വാരികൊണ്ടുവന്ന് കണ്ടെടത്തെല്ലാം കുത്തി ചെറിയ തോതില്‍ ഒരു പൊട്ടിതെറി നടത്തി. അവന് നൂറ് രൂപ ഫൈന്‍ അടിക്കുകയും ചെയ്തു.
സാര്‍ അവനോട് വിശദമായി കാര്യം തിരക്കി..

അവന്റെ വീടിനു മുന്‍പിലൂടെയാണ് സാര്‍ തിരിച്ച് വീട്ടില്‍ പോകുന്നതെന്ന കാരണത്താലാണെന്ന് തോന്നുന്നു. മുത്ത് എന്റെ ബുക്ക് നോക്കിയെഴുതിയതാണെന്നും, അവന് ഈ സാധന സാമഗ്രികളുടെ പേര് മാത്രമേ അറിയുവുള്ളുവെന്നും അതിനെ തിരിച്ചറിയാനോ പ്രവര്‍ത്തങ്ങളോ ഇതുവരെ പഠിച്ചിട്ടില്ലെന്നും അവന്‍ പറഞ്ഞു.

കൂട്ടത്തില്‍ അവന്‍ എന്നെ ഒന്ന് പോക്കിയും കൂടി പറഞ്ഞു. ഞാനില്ലെങ്കില്‍ അവന് ലാബ് ചെയ്യാന്‍ പറ്റത്തില്ലെന്നും ഞാനാണ് അവന് വല്ലതും ദിവസവും പറഞ്ഞുകൊടുക്കുന്നതെന്നും അവന്‍ സാറിനോട് പറഞ്ഞു.

നിന്നെയൊക്കെ ഞാന്‍ എന്താ ചെയ്യേണ്ടത്? പോത്ത് പോലെ വളര്‍ന്നില്ലേ... ഇനിയെങ്കിലും കുറച്ചൊക്കെ ഉത്തരവാദിത്തത്തോടെ നടക്കാന്‍ നോക്ക്... തുടങ്ങിയ ചില ഡയലോഗുകള്‍ ഞങ്ങള്‍ രണ്ട് പേരും ഇടത്തേ ചെവിയിലൂടെ എടുത്ത് വലത്തേ ചെവിയിലൂടെ വിട്ടു.

അതേ മുത്ത് വീട്ടില്‍ അരിവെന്ത ശേഷം അടുപ്പിലെ തീ കെടുത്താനറിയാത്തവന്‍ ഇവിടെ ദുഫായില്‍ സേഫ്റ്റി ഓഫീസറയി ഇവിടെ ജോലി നോക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഈശ്വരാ... ഞാന്‍ ഇനി എന്തൊക്കെ കാണണം....

അന്ന് സാറിന്റെ ഉപദേശം മര്യാദക്ക് കേട്ടിരുനെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഇവിടെ ഈ ദുബായില്‍ മണലാരണ്യത്തില്‍ വന്ന് കഷ്ടപെടേണ്ടി വരത്തില്ലായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

എന്താ ചെയ്യേണ്ടത്? പിന്നെ സീസ്സറിനുള്ളത് സീസറിന് എന്ന് പറയുന്നത് പോലെ.. എനിക്കുള്ളതേ എനിക്ക് കിട്ടൂ എന്ന് ഞാനിപ്പം സമാധാനിക്കുന്നു...

10 comments:

Patchikutty said...

:-) AADHYAM THENGA ADIKKAN KITTIYA CHANCE KALAYUNNILLA. PINNE
THAT IS WHAT IS LIFE...WITH ME ALSO LIFE IS LIKE THIS ONLY...DID 2ND GROUP TO GO FOR NURSING THEN DID BA ECONOMICS AND NOW WORKING AS AN ACCOUNTANT...ENGINE UNDU? ATHANU DAIVAM ONNU NAMUKK VACHITTUNDU NAMMAL EVIDE KARANGI THIRINJALUM WILL REACH THERE ONLY.
GOD BLESS

Anil cheleri kumaran said...

അതേ മുത്ത് വീട്ടില്‍ അരിവെന്ത ശേഷം അടുപ്പിലെ തീ കെടുത്താനറിയാത്തവന്‍ ഇവിടെ ദുഫായില്‍ സേഫ്റ്റി ഓഫീസറയി ഇവിടെ ജോലി നോക്കുന്നു..

അതു കലക്കി.

ശ്രീ said...

അതു നേരാ... നമുക്ക് വിധിച്ചിട്ടുള്ളതേ നമുക്ക് കിട്ടൂ...

ഓര്‍മ്മക്കുറിപ്പ് നന്നായി

Unknown said...

Aliya.......nice blog.....pazhaya pokritharangal ariyathe ormayil varunnu......iniyum dharalam kadhakal illae.....hareeshinte chottu pathram atichummattiya sambhaam ormayillae...?!

Unknown said...

kochu muthalalide muthum electronics classum nannayittund,
dheshabimani vaayichath kondayirikkam blog eyuthanulla knowledge kittiyath

Unknown said...

hahahaaa
pazhaya college ormakaliku pokummu...

അനില്‍@ബ്ലോഗ് // anil said...

:)

Unknown said...

njangalum aadyam padichathu rectifiers thanne....classukal orma verunnu

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനും ഒരു ഫിസിക്സ് കാരനായതു കൊണ്ട് ബ്ലോഗ് നന്നായി ആസ്വദിച്ചു.ഞങ്ങളുടെ ബാച്ചില്‍ നന്നായി പഠിക്കുന്ന ഒന്നു രണ്ട് പെമ്പിള്ളേര്‍ ഉണ്ടായിരുന്നു. മാത് സിലെ പല പ്രോബ്ലംസും മറ്റും അവരുടെ ബുക്കില്‍ നിന്നും ഞാന്‍ കോപിയടിക്കാറുമുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഫിസിക്സ് ലാബില്‍ ഏതോ എക്സിപീരിമെന്റ് ചെയ്യാന്‍ സര്‍ക്യൂ‍ട്ട് ഡയഗ്രമും കോമ്പണന്റ്സും വെച്ച കൂട്ടത്തില്‍ സ്ക്രൂ ഡ്രൈവര്‍ കണ്ടപ്പോള്‍ അവര്‍ സാറിനോട് ചോദിക്കുകയാ: ഇതെന്തിനാണ് സര്‍ എന്ന്.തന്ന ഡയഗ്രത്തിലൊന്നും അവര്‍ സ്ക്രൂ ഡ്രൈവര്‍ കണ്ടിട്ടില്ല,കണക്റ്റ് ചെയ്യുക എന്നേ പറഞ്ഞിട്ടുള്ളൂ!.ഇവിടെ മൊത്തം ഒന്നു നോക്കാന്‍ ക്ഷണിക്കുന്നു.

സുധി അറയ്ക്കൽ said...

വളരെ സത്യം.