Tuesday, February 05, 2008

കപ്പക്കള്ളന്‍

തിരുവല്ലയില്‍ നിന്നും എട്ട്‌ കിലോമീറ്റര്‍ മാറി കടപ്ര എന്ന ഗ്രാമം. പാടങ്ങളും തെങ്ങിത്തോപ്പുമൊക്കെയുള്ള ഒരു ഗ്രാമം. പാടത്ത്‌ നെല്‍കൃഷിയൊന്നുമില്ല. തേങ്ങുംതൈ നടാനായി അവിടവിടെ കട്ട കുത്തി കൂനക്കൂട്ടി വെച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക്‌ കപ്പ (മരച്ചീനി) കൃഷിയുമുണ്ട്‌.

ഒരു ശനിയാഴ്ച്ച ദിവസം, സമയം വൈകുന്നേരം ഏഴു മണിയായി. കഥാനായകന്‍ പരുമലയില്‍ ഒരു ഡെന്റല്‍ ക്ലിനിക്ക്‌ നടത്തുന്നയാളാണ്‌. അന്ന് പൊതുവെ തിരക്കുപിടിച്ച ദിവസമയിരുന്നു. പണിയെടുത്ത്‌ തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. വീട്ടില്‍ ഭോജിക്കാനൊന്നുമില്ല. വല്ലതും വാങ്ങാമെന്നു വെച്ചാല്‍ കുറച്ചകലെ പോണം. അനുജന്റെയടുക്കല്‍ വല്ലതും വങ്ങി വരാന്‍ പറഞ്ഞു. എന്തു ചെയ്യാന്‍, പയ്യന്‍സിന്‌ വണ്ടിയോടിക്കാനറിയില്ല. നടന്നു പോവുകയാണെങ്കില്‍ പിറ്റേന്നെ തിരികെ വീട്ടില്‍ എത്തൂ. അത്രയ്ക്ക്‌ ദൂരമുണ്ട്‌ ചന്തയിലേക്ക്‌.

വയറ്റില്‍ വിശപ്പിന്റെ വിളി മൂത്തപ്പോള്‍ തലയില്‍ കുരുട്ടു ബുദ്ധി തെളിഞ്ഞു. അയലത്തെ ബേബി മാപ്പിളയുടെ കണ്ടത്തില്‍ നിന്നും രണ്ട്‌ മൂട്‌ കപ്പ പറിക്കാം. ആദ്യം ഒരു കുറ്റബോധം തോന്നി. പക്ഷേ അറുത്ത കൈയ്‌ക്ക്‌ ഉപ്പ്‌ തേയ്ക്കാത്ത്‌ ബേബീടെ കണ്ടത്തില്‍ നിന്നാണെന്നോര്‍ത്തപ്പോള്‍ ഒരിന്ററസ്റ്റൊക്കെ വന്നു. വിശപ്പിനേക്കാളുപരി ഒരാള്‍ക്കൊരു പണി കൊടുക്കാനുള്ള അവേശമാണുണ്ടായത്‌.

ഐഡിയ കേട്ട പാതി അനുജന്‍ ഒരു മണ്‍വെട്ടിയും പിന്നൊരു കുട്ടയുമായി രംഗത്തെത്തി. തലയില്‍ ഒരു തോര്‍ത്തു കെട്ടി, ഒരു കൂറ ലുംഗിയുടുത്ത്‌ ചേട്ടനുമെത്തി. ഒരു മണ്ണെണ്ണ വിളക്ക്‌ കത്തിച്ച്‌ രണ്ടു പേരും കൂടി കണ്ടത്തിലേക്ക്‌ നടന്നു.

ഏറ്റവും ചുരുങ്ങിയത്‌ ഒരു നൂറ്‌ മൂട്‌ കപ്പയെങ്കിലും കാണും. അനിയച്ചാര്‍ ഒരു കട്ടകുത്തിയ കൂനയില്‍ കയറിയിരുന്ന് മണ്ണെണ്ണ വിളക്കും പിടിച്ച്‌ ഇന്‍സ്‌ട്രകഷന്‍സ്‌ കൊടുക്കാനാരംഭിച്ചു. അനിയന്‍ ചോദിച്ചു, നമുക്കിത്‌ ഒറ്റ രാത്രി കൊണ്ട്‌ വെളുപ്പിച്ചാലോ? ചേട്ടന്‍ പറഞ്ഞു, പയ്യെ തിന്നാല്‍ പനയും തിന്നാം. അനിയന്‍ പറഞ്ഞു, കപ്പയും തിന്നാം.. ഈസ്‌ ഇറ്റ്‌? താറ്റ്‌സ്‌ റൈറ്റെന്നും പറഞ്ഞ്‌ ചേട്ടന്‍ പണിയാരംഭിച്ചു.

തന്റെ ജീവിതത്തില്‍ കപ്പ കഴിച്ചിട്ടുണ്ടെന്നല്ലാതെ അതിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കിനെ പറ്റി വിവരമൊന്നുമില്ലായിരുന്നു. അനിയന്‍ പറഞ്ഞു, ആദ്യം മണ്ണിന്റെ മുകളിലുള്ള ഭാഗം വെട്ടി കളയണം. അതിനു ശേഷം ചുവട്ടിലെ മണ്ണ്‍ മാറ്റി നേരെ മുകളിലോട്ട്‌ ഒന്ന് വലിച്ചാല്‍, കപ്പ പറിഞ്ഞ്‌ കയ്യിലിരിക്കും.

ചേട്ടന്‍ പറഞ്ഞു, നിന്റെ പള്ള നിറച്ചും ബുദ്ധി തന്നെ, പല്ല് പറിക്കുന്ന അതേ ടെക്‌നോളജി തന്നെയാടെയിത്‌. ഒറ്റ ചവിട്ടിനെ കപ്പയുടെ തണ്ടൊടിച്ചു. ചുവട്ടില്‍ നിന്ന് കുറച്ച്‌ മണ്ണ്‍ മാറ്റി, വെയിറ്റ്‌ ലിഫ്റ്റിങ്ങ്‌ ചാംബ്യന്മാര്‍ പൊക്കുന്ന പോലെ മുകളിലോട്ട്‌ വലിച്ചു. രക്ഷയില്ല. ഒന്നു വന്ന് സഹായിക്കാന്‍ അനിയനോട്‌ അഭ്യര്‍ഥിച്ചു. അവന്‍ അനങ്ങിയില്ല. സകല ദൈവങ്ങളെയും വിളിച്ച്‌ ഒന്നുകൂടി ഒരു പിടി പിടിച്ചു.

ടിം.. മുതുകും കുത്തി ചേട്ടന്‍ ദാ കിടക്കുന്നു. കപ്പ വന്നില്ല. ബാക്കിയുള്ള തണ്ടൊടിഞ്ഞു കയ്യിലിരുന്നു. ഇതും കണ്ട്‌ ചിരി സഹിക്കാന്‍ പറ്റാതെ അനിയച്ചാരും തലയും കുത്തി ഉരുണ്ടു നിലത്ത്‌ വീണു.

അനിയന്‍ ചേട്ടനോട്‌ സോറി പറഞ്ഞു. ഒരു കാര്യം പറയാന്‍ മറന്നുപോയി. പല്ലു പറിക്കുമ്പോള്‍ വേദനിക്കാതിരിക്കന്‍ ചുവട്ടില്‍ മരുന്ന് കുത്തി വെയ്‌ക്കുന്നത്‌ പോലെ കപ്പ മാന്തുമ്പോള്‍, ചുവട്ടില്‍ കുറച്ച്‌ വെള്ളമൊഴിച്ചിട്ട്‌ പിടിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും.

നീയെന്നാടാ ഡാഷേ പിന്നെയത്‌ നേരത്തെ പറയാഞ്ഞതെന്ന് ചോദിച്ചപ്പോള്‍, ഏത്‌ പണിയും ആദ്യം ചെയ്യുമ്പോള്‍ തെറ്റു പറ്റുമെന്ന് പറഞ്ഞു. എന്നിട്ട്‌ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു.

നിമിഷനേരം കൊണ്ട്‌ അനിയന്‍ വെള്ളവുമായി സ്ഥലത്തെത്തി. മൂട്ടില്‍ വെള്ളമൊഴിച്ച്‌ വീണ്ടും പണിയാരംഭിച്ചു. മാന്തി വന്നപ്പോള്‍ ഒരു കിലോ തികച്ചില്ലാത്ത ഒരു മൂട്‌.. കപ്പയെന്ന് പറയാം, കിട്ടി.

ഒരു നിമിഷം രണ്ടു പേരും നിശബ്‌ദരായി. ഗണപതിക്ക്‌ വെച്ചത്‌ തന്നെ കാക്ക കൊണ്ടുപോയി.

ഇതുകൊണ്ടുണ്ടോ ആവേശം കുറയുന്നു. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് പറയുന്നത്‌ പോലെ, മാന്തുവിന്‍ കിട്ടപ്പെടുമെന്ന് അനിയന്‍ ചേട്ടനോട്‌ പറഞ്ഞു. മുന്‍പ്‌ മാന്തിയ എക്‌സ്‌പ്പീരിയന്‍സ്‌ വെച്ച്‌ ചേട്ടന്‍ തൊട്ടടുത്തുള്ള മൂട്‌ മാന്തി.

ആദ്യത്തേത്‌ കാക്കയാണ്‌ കൊണ്ടുപോയെങ്കില്‍ ഇപ്രാവശ്യം ഗണപതിയുടെ വാഹനത്തിന്‌ പെട്രോളടിച്ച വകയില്‍ പോയി. (എലി കടിച്ച്‌ പോയി).

ചേട്ടന്‍ കുറച്ച്‌ മൂട്‌ മാറി മറ്റൊന്ന് മാന്തി. അദ്വാനിക്കുന്നതിന്‌ ഫലമുണ്ടാകുമെന്ന് പറയുന്നത്‌ വെറുതെയല്ല. മുട്ടനൊരു മൂടായിരുന്ന് അത്‌. രണ്ട്‌ ദിവസം മൂന്ന് നേരം വീതം കഴിച്ചാലും തീരാത്തത്ര ഒരു മൂട്‌...

എല്ലാം കൂടി വാരി കെട്ടി വിജായശ്രീലാളിതരായി തിരികെ വീട്ടിലെത്തി. കപ്പ പുഴുങ്ങി മുളകും കൂട്ടി ശാപ്പിട്ടു.

പിറ്റേന്ന് ഞാന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്കും കിട്ടി ഒരു വീതം. ഞാന്‍ ചോദിച്ചു ഇത്‌ എവിടുന്ന് വാഞ്ഞിയതാണെന്ന്, രണ്ടു പേരും കൂടി ഒന്ന് ഇളിഭ്യമായി ചിരിച്ചു. ചേട്ടന്‍ തലേന്ന് നടന്ന സംഭവം പറഞ്ഞു. കട്ട പാപം തിന്നാല്‍ തീരുമെന്നല്ലേ...

ഞാന്‍ ആ സ്ഥലം ഒന്ന് പോയി നോക്കി. നിറയെ ബൂബി ട്രാപ്പുകള്‍ നിരത്തി വെച്ചിരിക്കുന്നു. പൊട്ടിയ കുപ്പി, ട്യൂബ്‌ ലൈറ്റ്‌, മുള്ള്‌ കമ്പി, ചൂണ്ട മുതലായവ നിരത്തിയിരിക്കുന്നു. ആരുടെയോ ഭാഗ്യത്തിനാണ്‌ രണ്ടു പേരും രക്ഷ പെട്ടത്‌. ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച്‌ കപ്പ തലയില്‍ വെച്ച്‌ കടപ്ര ജംങ്ങ്ഷനില്‍ കൊണ്ടു നിര്‍ത്തുന്ന രംഗം ഞാനോര്‍ത്തു..

ഞാന്‍ ചേട്ടനോട്‌ ചോദിച്ചു, പിടിക്കപ്പെട്ടിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി??

പിറ്റേന്ന് പത്രത്തില്‍ ഒരു വാര്‍ത്ത വന്നേനെ. അനിയച്ചാര്‍ പറഞ്ഞു..

'രാത്രിയിലെ മാന്തല്‍, ദെന്ത വൈദ്യന്‍ അറസ്റ്റില്‍'

കടപ്ര: രാത്രില്‍ കപ്പ മാന്തുന്നതിനിടയില്‍ പ്രശസ്‌ത ദെന്ത വൈദ്യന്‍ പിടിയില്‍. തിരുവല്ല കടപ്ര സ്വദേശി പുത്തെന്‍വീട്ടില്‍ ഔസേപ്പ്‌ മകന്‍ ജോസഫ്‌ (29) നെ യാണ്‌ അറസ്റ്റ്‌ ചെയ്തത്‌. സ്ഥിരമായി മോഷണം നടക്കുന്നുയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസൈ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അതി വിദഗ്‌തമായി കള്ളനെ പിടിച്ചത്‌. സ്ഥലത്ത്‌ നടന്ന മറ്റ്‌ കൃഷി മോഷണങ്ങളും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌. പിടിച്ച കപ്പ, പോലീസുകാര്‍ വീതിച്ചെടുത്തു. ഇദ്ദേഹത്തോടൊപ്പമുള്ള സഹായി ഓളിവില്‍ പോയി.

ശേഷം പേജ്‌ 12...


--ശുഭം--

17 comments:

പാമരന്‍ said...

ഹി ഹി ...:)

ശ്രീ said...

ഹ ഹ. കപ്പ മോഷണം കലക്കി.
അവസാനത്തെ ആ പത്രവാര്‍‌ത്തയും.
:)

siva // ശിവ said...

A real joke from real life...please write more....

സാക്ഷരന്‍ said...

കട്ട പാപം തിന്നാല്‍ തീരുമെന്നല്ലേ...

:)

അപ്പു ആദ്യാക്ഷരി said...

നല്ല തമാശ തന്നെ !!

കാനനവാസന്‍ said...

കട്ടതായാലും ,കപ്പ പുഴുങ്ങിയത് കാന്താരിയോടച്ച് ശകലം വെളിച്ചെണ്ണ ചേര്‍ത്ത ചമ്മന്തീല് മുക്കി തിന്നിട്ട് കൊറച്ച് ഉപ്പിട്ട കഞ്ഞിവെള്ളം ചെറുചൂടോടെ കുടിക്കുന്ന സുഖമൊന്നുവേറെതന്നെയാണേ............

കോള്ളാം...കോള്ളാം ... നടക്കട്ടെ...

മന്‍സുര്‍ said...

കൊച്ചു മുതലാളി...

കപ്പകള്ളന്‍.....ആരാ?? സത്യത്തില്‍??
പണ്ട്‌ സപ്പര്‍ അടിക്കാന്‍ പോയ സംഭവം വീണ്ടും വീണ്ടും ഓര്‍മ്മ വരുന്നു.....

അടിപൊളി

നന്‍മകള്‍ നേരുന്നു

Areekkodan | അരീക്കോടന്‍ said...

കൊച്ചു മുതലാളി....നല്ല തമാശ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊച്ചുമുതലാളീ........
സംഭവം കലക്കിയിട്ടുണ്ട്...
അല്ലാ ഈ കപ്പക്കള്ളന്‍ ആരാണാവൊ...?

ധ്വനി | Dhwani said...

ഒരു കിലോ കപ്പക്കിഴങ്ങു പോലുമില്ലാത്ത കപ്പച്ചുവട്ടില്‍ വെള്ളമൊഴിച്ചിളക്കിയല്ലേ? (എനി സ്ഥിരമായി കപ്പ കഴിയ്ക്ക്! .. ഞാന്‍ ഓടി! )

പ്രയാസി said...

ചില മുതലാളിമാരാ “കപ്പ” മോഷ്ടിക്കാറ്..ഞാനാറു ചാടി ഓടീ..;)

Bindu Nadesan said...

kollaam keto .........kalakki

നാരായണന്‍കുട്ടി said...

നല്ല കഥ..:)
അവസാനത്തെ പത്ര വാര്‍ത്ത നന്നായി...
നന്മകള്‍ നേരുന്നു..

Suvi Nadakuzhackal said...

പോലീസിന്റെ കയ്യില്‍ കിട്ടിയയിരുന്നെന്കില്‍ ആ സ്റ്റേഷനിലെ തെളിയാത്ത കേസ് മുഴുവന്‍ തലയില്‍ ആയേനെ!!

കൊച്ചുമുതലാളി said...

കമന്റിട്ട ഏല്ലാവര്‍ക്കും നന്ദി....

Unknown said...

kappa moshanam thakarthu
good one

haneesh said...

This is a great effort...just logged in.....Kochumuthalali............you are actually a Valiyamuthalali thanneee.....in terms of variety!!!!!!