Wednesday, November 21, 2007

കാന്താരി മുളകും ഞാനും

അന്നെനിക്ക്‌ എട്ട്‌ വയസ്‌ പ്രായം. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍ കുളന്തെയ്‌. പ്രായവ്യത്യാസമില്ലാതെ, ചേട്ടന്മാരെന്നോ, ചേച്ചിമാരെന്നോ എന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും പണികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നക്കാലം.

ആ ദിവസം കുടുംബത്തില്‍ അപ്പൂപ്പന്റെ ബലിയിടീല്‍ ചടങ്ങോ മറ്റോ ആയിരുന്നു. എല്ലാവരും ഒത്തുകൂടുന്ന ദിവസം. പുസ്തകം തുറക്കേണ്ട, ട്യൂഷനുമില്ലാ.. പൂജാവധി കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അര്‍മാദിച്ചിരുന്ന ദിവസം.

പതിവിലും നേരത്തെ എണീറ്റ്‌ രാവിലത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇന്നെന്നാടാ നേരത്തെ എണീറ്റത്‌, പഠിത്തമുള്ള ദിവസം അവന്റെ ഒരു കിടപ്പ്‌ കാണേണ്ടതാണ്‌. നാളെയാട്ടടാ, നിന്നെ ഞാന്‍ കാണിച്ചുത്തരാം, എന്നിങ്ങനെയുള്ള അമ്മൂമ്മയുടെ ചില കമന്റ്‌സ്‌ ഞാന്‍ ഒരു ചെവിയിലൂടെ കയറ്റി മറു ചെവിയിലൂടെ കളഞ്ഞു. കൂടെ ഒരു താക്കീതും, ഇന്ന് നീ മര്യാദയ്‌കൊക്കെ നടന്നോണം. ഞാന്‍ ഓ പിന്നേയെന്ന് മനസ്സില്‍ പറഞ്ഞൊന്ന് മൂളി തല കുലുക്കി.

ഇന്ന് വരുന്നവരുടെയൊക്കെ മുന്നില്‍ എങ്ങനൊക്കെ സ്‌റ്റാറാകാം എന്ന് മനസ്സില്‍ ചിന്തിച്ച്‌ ഞാന്‍ തിണ്ണയില്‍ പോയിരുന്നു.

പെട്ടെന്നൊരു വിളി, "ടാ ആ വിളക്കുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കിവെക്ക്‌".

ഞാന്‍ പാതി മനസ്സോടെ പണി ചെയ്യുകയായിരുന്നു. പൈപ്പും ചുവട്ടില്‍ നിന്ന് വിളക്കു കഴുകുന്ന എന്നേ കണ്ട്‌ എണീറ്റു വരുന്ന എന്നെകാള്‍ രണ്ട്‌ വയസ്സ്‌ പ്രായം കുറഞ്ഞ എന്റെ കുഞ്ഞുപ്പെങ്ങള്‍ ഇന്നത്തെ കണി ഉഗ്രന്‍ എന്ന സന്തോഷത്തില്‍ ചിരിച്ചു. ആ ചിരി കണ്ടപ്പോള്‍ ഒരെണ്ണം വെച്ചുക്കൊടുക്കാനാണെനിക്ക്‌ തോന്നിയത്‌. പണിയുടെ കൃത്യത കൊണ്ടാണോ എന്തോ, പിന്നീട്‌ കഴിഞ്ഞ കൊല്ലം വരെയും ആ പണി ഞാന്‍ തന്നെയാണ്‌ ചെയ്യുന്നത്‌.

അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ ഞാന്‍ തയാറാക്കി. ചേട്ടനുമായി നിരകളിക്കാം, ചേച്ചിമാരുമായി അര, ഈച്ചക്കൊട്ടാരം മുതലായവ.. ഇന്ന് എല്ലാവര്‍ക്കും പണി കൊടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ഞാനിരുന്നു. തുടക്കത്തില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ ഞാന്‍ പത്രമെടുത്ത്‌ നിവര്‍ത്തിപ്പിടിച്ചിരുന്നു.

എന്റെ പ്ലാന്‍ നംബര്‍ ഒന്ന് അങ്ങനെ സഫലമായി. വന്നപാടെ എല്ലാവരും എന്നെ നോക്കി ചിരിച്ചിട്ട്‌ അകത്തേക്ക്‌ പോയി. ഏപ്രില്‍ മാസത്തില്‍ നട്ടുച്ചയ്ക്ക്‌ ഇടി വെട്ടിയപ്പോലെ അത്‌ സംഭവിച്ചു. പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ പുറകിലൂടെ വന്ന് കാലില്‍ പത്ത്‌ കിലോ തൂക്കമുള്ള ഒരടി വീണു. എന്റെ കണ്ണിക്കൂടി പൊന്നീച്ച പറന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ചേട്ടന്‍ (ഒരു പ്രമുഖ ബ്ലോഗ്ഗര്‍) സലൂട്ട്‌ കാണിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ കഴിഞ്ഞ ആഴ്‌ച കണ്ടപ്പോള്‍ അരയ്ക്ക്‌ കൂടിയിരുന്നു എന്ന് പറഞ്ഞു. ഒരു സ്പോര്‍സ്മാന്‍ സ്‌പിരിറ്റില്‍ ഞാന്‍ അതെടുത്തുകൊണ്ട്‌ ഞാന്‍ ഒരു സല്യൂട്ട്‌ കൊടുത്തു.

ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ചു എന്ന മട്ടില്‍ ചേച്ചിയുടെ ഒരെണ്ണം കൂടി കിട്ടി. അതെനിക്ക്‌ മുന്‍പ്‌ പറഞ്ഞ സ്‌പിരിറ്റിലെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ മൊത്തമാരോഗ്യവുമെടുത്ത്‌ ഞാന്‍ ഒരെണ്ണം തിരിച്ചുക്കൊടുത്തു. നമ്മള്‍ സ്കൂളില്‍ വെച്ച്‌ കണ്ടപ്പോള്‍ അര വെട്ടിയതാണെന്ന് പറഞ്ഞ്‌ ഉന്തും തള്ളുമുണ്ടായി. അമ്മൂമ്മയിടപ്പെട്ട്‌ അക്കാര്യം സോള്‍വ്‌ ചെയ്തു.

പിന്നീട്‌ രംഗം ശാന്തമായി.




സമയം ഏതാണ്ട്‌ പതിനൊന്ന് മണിയായിക്കാണും. ഞങ്ങള്‍ ചെറുസെറ്റുകളെല്ലാം വീട്ടുമുറ്റത്തുള്ള അരമതിലില്‍ ഒത്തുകൂടി. പല സൈസ്‌ വെടികള്‍ പറഞ്ഞിരിക്കുമ്പോള്‍ ചേട്ടന്‍ ഒരു മല്‍സരം പറഞ്ഞു. കാന്താരി തീറ്റ മല്‍സരം. ആദ്യമൊന്ന് ചങ്ക്‌ കാളിയെങ്കിലും പെങ്ങമാരും ചേട്ടന്മാരുമൊക്കെ മുന്നോട്ട്‌ വന്നപ്പോള്‍ എന്റെ ആത്മാഭിമാനം എന്നെയും മുന്നോട്ട്‌ തള്ളി. പച്ചമുളകിന്റെ നാലിലൊന്ന് പോലുമില്ല്ലല്ലോ, അപ്പം അതു പോലെ എരിവും കുറവായിരിക്കും, അതു കൊണ്ടായിരിക്കും വീട്ടില്‍ കറി വെയ്ക്കാന്‍ കാന്താരിയെടുക്കാത്തത്‌ എന്ന് ഞാന്‍ വിചാരിച്ചു. ഈ മല്‍സരത്തില്‍ എനിക്ക്‌ തന്നെ ഒന്നാം സ്ഥാനം എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. ചേട്ടന്‍ സ്‌റ്റാര്‍ട്ട്‌ പറഞ്ഞു. കേട്ട പാതി ഉള്ളതില്‍ കൊള്ളാവുന്ന ഒരെണ്ണം ഞാനെടുത്ത്‌ ചവച്ചരയ്ക്കാന്‍ തുടങ്ങി. ബാക്കിയെല്ലാവരും വെറുതെ ആക്ഷന്‍ മാത്രമേ കാണിച്ചുള്ളൂ. കാന്താരിയെന്തിനാണധികം എന്ന് പറയുന്നതിന്റെ അര്‍ത്ഥം അപ്പോഴാണെനിക്ക്‌ മനസ്സില്ലായത്‌. ശിവാജി സിനിമയില്‍ ഈ രംഗം കാണിക്കുന്ന രജനീകാന്തിനെക്കാളും സ്‌റ്റൈലില്‍ ഞാന്‍ തുള്ളി. ഇന്നാ അണ്ണാ വെള്ളം എന്ന് പറയാന്‍ ഞാന്‍ ഒരാളേയും അവിടെ കണ്ടില്ല.

ഗതി കെട്ടവന്‍ തല മുട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്ന് പറയുന്നത്‌ പോലെ ഞാന്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്‍ ചുവട്ടിലിരുന്ന് വാ തുറന്നു. പേരിനുപോലും ഒരു തുള്ളി വെള്ളമില്ല. പൈപ്പില്‍ വാ പിടിച്ച്‌ ഞാന്‍ ആഞ്ഞു വലിച്ചപ്പോള്‍ ഒരു വാ വെള്ളം കിട്ടി. അതുകൊണ്ടെന്താവാന്‍, ഞാന്‍ എല്ലാവരോടും കെഞ്ചി, എനിക്ക്‌ കിണറ്റില്‍ നിന്നും ഒരു തോട്ടി വെള്ളംക്കോരിത്തരാന്‍, എല്ലാവര്‍ക്കും അന്നേരം എന്ന നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഒടുക്കം ആരോ ഒരാള്‍ വെള്ളംക്കോരിത്തന്നു.




ശരിക്കും ഞാനന്ന് നാണംക്കെട്ടെങ്കിലും അതോടെ ഞാന്‍ ഒരു സ്‌റ്റാറായി.

ചേട്ടനോട്‌ ഇതിനൊന്ന് പകരം ചോദിക്കാതെ എനിക്ക്‌ ഉറക്കമില്ലെന്ന് ഞാന്‍ ശപഥം ചെയ്തു.

അടുത്ത ഞയറാഴ്ച്ച വൈകിട്ട്‌ എല്ലാവരെയും ഏറുപന്ത്‌ കളിക്കാന്‍ ഞാന്‍ ക്ഷണീച്ചു. ഓലപന്തില്‍ രണ്ട്‌ വെള്ളയ്ക്കാ വെച്ചുകെട്ടി ഞാന്‍ കളിയാരംഭിച്ചു. ജ്യോല്‍സ്യന്മാര്‍ പറയുന്നത്‌ പോലെ അഷ്ടമത്തില്‍ ശനി ഫുള്‍ സ്വിങ്ങില്‍ നിന്നതുകൊണ്ടോ എന്തോ, ഞാന്നന്ന് ഏറുക്കൊണ്ട്‌ അട്ട ചുരുളുന്നപ്പോലെ ചുരുണ്ടു. പിന്നീടുള്ള സൗഹൃദമല്‍സരമായ കുഴിപ്പന്തിലും കാര്യങ്ങള്‍ തഥൈവ..

അന്നെനിക്ക്‌ കുറേ കാര്യങ്ങള്‍ മനസ്സില്ലായി. ഏറുപ്പന്തും കുഴിപ്പന്തും പോലെ വേറെ അപകടം പിടിച്ച കളികള്‍ ഇല്ലെന്നും, ആന വാ പൊളിക്കുന്നപ്പോലെ അണ്ണാന്‍ വാ പോളിക്കരുതെന്നും, മൂത്തവര്‍ക്കിട്ട്‌ പണി കൊടുക്കാന്‍ നോക്കരുതെന്നും മനസ്സില്ലായി.

ഇപ്പം ഈ സംഭവങ്ങള്‍ കഴിഞ്ഞ്‌ പതിനാറ്‌ വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ഈ കഥകള്‍ക്ക്‌ ശ്രോദ്ധാക്കള്‍ ധാരാളമുണ്ട്‌. ഒപ്പം എന്റെ ഒരു സ്‌റ്റാര്‍ വാല്യുവും...

Monday, November 05, 2007

കള്ളവണ്ടിക്കാരന്‍

തിരുവനന്തപുരത്തുള്ള ടെക്നോപ്പാര്‍ക്കില്‍ ജോലിയുള്ള കാലം. ഒരു വെള്ളിയാഴ്ച ദിവസം. സമയം വൈകിട്ട്‌ 4:55 ആകുന്നു.

എല്ലാവരും വീട്ടില്‍ പോകാനുള്ള തിരക്കിലാണ്‌. ഞാന്‍ എന്റെ ഒരു കയ്യില്‍ ബാഗും മറു കയ്യില്‍ ഐഡി കാര്‍ഡും പിടിച്ച്‌ വാതിലിന്റെയടുക്കലേക്ക്‌ ദീപശിഖാ പ്രയാണം കണക്കെ പാഞ്ഞു.

ഞാന്‍ ഓടി ലിഫ്റ്റിന്റെയടുക്കെലെത്തി. കുറച്ച്‌ കഴിഞ്ഞപ്പോളാണ്‌ മനസില്ലായത്‌ ലിഫ്റ്റ്‌ കേടാണന്ന്. ഒടുവില്‍ സ്റ്റെപ്പിറങ്ങി ഞാന്‍ താഴെയെത്തി. ഗേറ്റിനു മുന്നിലെത്തിയ ഓട്ടോ പിടിച്ച്‌ കഴക്കുട്ടം റെയില്‍വേ സ്റ്റേഷനില്‍ എത്തി.

മണി 5:10. എനിക്കുള്ള ട്രയിന്‍ 5 :45 ന്‌ ആണ്‌. കൗണ്ടറിനു മുന്നിലെത്തിയ ഞാന്‍ ശരിക്കും ഞെട്ടി. ചുരുങ്ങിയത്‌ ഒരെണ്‍പത്‌ പേരെങ്കിലുമുള്ള ഒരു ക്യൂ. ഞാന്‍ എണ്‍പത്തോന്നാമനായി നിലയുറപ്പിച്ചു.

പത്ത്‌ മിനിട്ട്‌ നിനിട്ടും ക്യൂവിന്‌ ഒരു ചലനവുമില്ല. ഞാന്‍ മുന്നിലുള്ള ചേട്ടായിയോട്‌ കാര്യം അന്വേഷിച്ചു. അരിയില്ലാ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നില്‍ നിന്ന സുന്ദരി മറ്റാരൊടോ പറയുന്നത കേട്ടു. ഇവിടെ ഒരു സ്റ്റേഷന്‍ മാസ്റ്ററേയുള്ളൂ. ഇനി വരുന്ന പാസഞ്ചര്‍ ട്രയിന്‍ കൂടി പോയാലേ അയാള്‍: ടിക്കറ്റ്‌ കൊടുക്കാന്‍ വരികയുള്ളൂ.

5:25 ന്‌ പാസഞ്ചര്‍ ട്രയിനിന്‌ അദ്ദേഹം ടാ ടാ നല്‍കിയ ശേഷം കൗണ്ടറിലെത്തി. കണ്ണാടിയൊക്കെ തപ്പിപിടിച്ചെടുത്ത്‌ ടിക്ക്കറ്റ്‌ കൊടുക്കാനുള്ള തയ്യാറെടുത്തപ്പ്പോള്‍ മണി 5:30. അപ്പോഴും എന്റെ പ്രതീക്ഷ എനിക്കും ടിക്കറ്റ്‌ കിട്ടും എന്നാണ്‌.

പിന്നീടാണ്‌ ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്‌, ഈ സ്റ്റേഷനില്‍ ടിക്കറ്റ്‌ എഴുതിയാണ്‌ കൊടുക്കുന്നത്‌. മുനില്‍ നിന്ന രണ്ട്‌ ഭാഗ്യവാന്മാര്‍ക്ക്‌ ടിക്കറ്റ്‌ കിട്ടി. രണ്ട്‌ പേരുടെ ടിക്കറ്റ്‌ എഴുതാന്‍ അഞ്ച്‌ മിനിട്ട്‌ സമയമെടുത്തു.

ആരോ ഒരാള്‍ പിന്നില്‍ നിന്ന് വിളിച്ക്‌ പറഞ്ഞു എന്റെ കൂടി ടിക്കറ്റ്‌ എഴുതോ!! എല്ലാവരുടെയും മുഖത്ത്‌ ആശ്വാസം തെളിഞ്ഞു. കൗണ്ടറില്‍ നിന്നും ഒരു വിളിയുയര്‍ന്നു. കൊല്ലത്തേക്കുള്ള ടിക്കറ്റ്‌ ഇനിയാര്‍ക്കേലും വേണോ??

കൊല്ലം ഒരു തരം.
കൊല്ലം രണ്ട്‌ തരം.
ടിക്കറ്റ്‌ ക്ലോസ്‌ ചെയ്യാന്‍ പോകുന്നു... ഇനിയാര്‍ക്കേലും വേണോ??
കൊല്ലം മൂന്ന് തരം.

ഇരുപത്തിനാലുപേര്‍ക്കുള്ള ടിക്കറ്റ്‌ അദ്ദേഹം ഒരുമിച്ചെഴുതി. ഇനിയാര്‍ക്കും കൊല്ലം ടിക്കറ്റ്‌ തരുകേലായെന്നും പറഞ്ഞു.

അടുത്തത്‌ നിന്നത്‌ ഒരു കോട്ടയം കാരനാണ്‌. അദ്ദേഹവും ലേലം വിളിനടത്തി എതാണ്ട്‌ മുപ്പത്‌ പേര്‍ക്കുള്ള ടിക്കറ്റുകളെടുത്തു.

അപ്പോഴും എന്റെ പ്രതീക്ഷ ഇതിനിടയിലെവിടെയെങ്കിലും ഒരു തിരുവല്ലാകാരനോ കാരിയോ കാണുമെന്നായിരുന്നു.

മണി 5:40. കൗണ്ടറില്‍ നിന്നുമൊരു വിളി!!

ചെങ്ങന്നൂര്‍ ഒരു തരം
ചെങ്ങന്നൂര്‍ രണ്ട്‌ തരം.
പെട്ടെന്നെനിക്കൊരു വെളിപാടുണ്ടായി, ഞാന്‍ വിളിച്ച്‌ പറഞ്ഞു. ഒരെണ്ണം കൂടി വേണം.

പതിന്നാലുപേര്‍ക്കുള്ള ടിക്കറ്റുമായി ഒരു മാന്യന്‍ നില്‍ക്കുന്നത്‌ കണ്ടു, നാല്‍പത്‌ രൂപാ കരം കൊടുത്ത്‌ മൊബൈല്‍ നംബര്‍ വാങ്ങി എല്ലാവരും പിരിയുകയും ട്രയിന്‍ വരികയും ഒരുമിച്ചായിരുന്നു.

അവിടെ നിന്ന പകുതിയിലേറെയാളുകള്‍ കള്ളവണ്ടി കയറുന്നത്‌ ഞാന്‍ കണ്ടു.

നിന്നുതിരിയാന്‍ സ്ഥലമില്ല്ലതെയാണ്‌ ട്രയിന്‍ എത്തിയത്‌. ഒരുവിധത്തില്‍ പുട്ടുകുറ്റിയില്‍ പുട്ട്‌ തള്ളികയറ്റുന്നപ്പോലെ ഞാന്‍ ട്രയിനിനുള്ളില്‍ കടന്നു.

ഭയങ്കര ബോറ്‌. ഞാന്‍ മോബൈലെടുത്ത്‌ ഗെയിം കളിക്കാനാരംഭിച്ചു.

കായംകുളമെത്തിയപ്പ്പ്പോള്‍: മൊബൈലിന്റെ ഗ്യാസ്‌ തീര്‍ന്നു.

ട്രയിന്‍ മാവേലിക്കര സ്റ്റേഷന്‍ പിന്നിട്ട്‌ ചെങ്ങന്നൂരടുക്കുന്നു.

ഫോണ്‍ ഓണ്‍ ചെയ്ത്‌ ടിക്കറ്റിന്റെ ഉടമസ്ഥനോട്‌ അദ്ദേഹം എത്‌ കമ്പാര്‍ട്ട്‌മെന്റില്ലാണന്ന് ഒരു എസ്‌.എം.എസ്‌ അയച്ചതും. പട്ടയടിച്ച്‌ റോഡില്‍ വീഴുന്നയാളേപ്പ്പോലെ ഫോണ്‍ ഓഫായി.

ചെങ്ങന്നൂരില്‍ വണ്ടിനിര്‍ത്തിയപ്പ്പോള്‍ ഞാന്‍ പ്ലാറ്റ്‌ ഫോമിലിറങ്ങി നോക്കി.
എവിടെ കാണാന്‍!!!.

ട്രയിന്‍ കൂകിവിളിച്ചപ്പ്പോള്‍ എന്റെ വയറ്റില്‍ ഒരു തീ പാഞ്ഞു. രണ്ടും കല്‍പിച്ച്‌ ഞാന്‍ തിരുവല്ലക്ക്‌ കള്ളവണ്ടി കയറി.

ആ പത്ത്‌ മിനിറ്റ്‌ എന്റെ മനസ്സിനെ വല്ല്ലാതെ അസ്വസ്തനാക്കി.

കുറ്റൂര്‍ പാലത്തിനുമുകളില്‍ വണ്ടിയെത്തിയപ്പോള്‍ ഈയടെ തിരുവനന്തപുരത്ത്‌ ഒരു പയ്യന്‍ ടിക്കറ്റ്‌ ചെക്കറേ പേടിച്ച്‌ ട്രയിനില്‍ നിന്നും ചാടി മരിച്ച സംഭവമോര്‍ത്തു.

വാര്‍ത്തകള്‍
ഒന്ന്


രണ്ട്


ടിക്കറ്റില്ലാതെ പിടിച്ചാല്‍ ആയിരം രൂപാ പിഴയും ആറു മാസം കുഴമ്പില്ലാതെ തടവുമാണ്‌ ശിക്ഷയെന്നെഴുതി വെച്ചിരിക്കുന്ന ബോര്‍ഡും കൂടി വായിച്ചപോള്‍ എന്റെ പാതി ജീവന്‍ പോയി.


ടി.ടി.ഇ വന്നാല്‍ എന്ത്‌ പറയും എന്നോര്‍ത്തു.

ലാലുവണ്ണാ, ലേലുവല്ലു,ലാലുവണ്ണാ, ലേലുവല്ലൂ, എന്നേ വെറുതേ വിടോ എന്ന് ടി.ടി.ഇടടുക്കല്‍ പറയുന്ന രംഗം മനസ്സില്‍ ഒാര്‍ത്ത്‌ ചിരിച്ചു.

ഒടുവില്‍ ട്രയിന്‍ തിരുവല്ലാ സ്റ്റേഷനില്‍ എത്തി.

സ്റ്റേഷന്റെ വാതിലില്‍ വല്ലവരും നിപ്പുണ്ടോയെന്ന് ഞാന്‍ ദൂരെ നിന്ന് നോക്കി.

ആരുമില്ലായെന്നുറപ്പ്‌ വരുത്തിയ ശേഷം ഞാന്‍ പുറത്ത്‌ കടന്നു.

മുതലാളിയായിരുന്നിട്ടും കള്ളവണ്ടി കയറേണ്ടി വന്ന സ്ഥിതി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകുകേല്ലാ!!!

പാതിരാത്രി ഒരു എസ്‌.എം.എസ്‌ വന്നു. "ഐ ആം ഓണ്‍ ദി ലാസ്റ്റ്‌ കംപാര്‍ട്ട്‌ മെന്റ്‌".