Friday, May 16, 2008

ഒരു ഇടവമാസം ഒന്നാം തീയതി

പതിവു പോലെ ഇന്നു രാവിലെയും ഞാന്‍ പ്രാതല്‍ കഴിക്കാന്‍ കേശവദാസപുരത്തെത്തി. കടയ്ക്കുള്ളില്‍ കയറിയപ്പോള്‍
എന്റെ ഒരു സുഹൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്നു. ഒരു മസാല ദോശയ്ക്കും
ഒരു കാപ്പിക്കും ഓര്‍ഡര്‍ കൊടുത്തിട്ട് ആ സുഹൃത്തിനോട് കുശലാന്വേഷണമാരംഭിച്ചു. അദ്ദേഹം കേശവദാസപുരത്ത് ഒരു
വിവര സാങ്കേതിക വിദ്യ അനുബന്ധ സേവനങ്ങള്‍ക്കാവശ്യമുള്ള (ITES) അഥവാ പുറം ജോലി കാരാറുകള്‍(BPO)കൈകാര്യം ചെയ്യാനുള്ള ആളുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനം നടത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ആളുകള്‍ വന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുകള്‍ വെയ്ക്കുന്ന സ്ഥലം. അങ്ങനെ വന്ന നൂറുകണക്കിനാളുകളില്‍ മൂന്ന് പേര്‍ അവിടെ കേശവദാസപുരം കവലയില്‍ തന്നെ ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. അവര്‍ എന്റെ ജില്ലയില്‍ നിന്നും വന്ന് അവിടെ പഠിക്കുന്നവരാണ്.

കഴിഞ്ഞ ദിവസം രാത്രി അവര്‍ പതിവു പോലെ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി. അതിലൊരാള്‍ രാജകുമാരന്‍ എന്ന്
മലയാളീകരിച്ചാല്‍ പേരുള്ളവരാണ്. അവന് ഒരു കിളിയുമായി ചില നേര്‍വരയുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് തിരകെ മുറിയില്‍ എത്തിയിട്ടും സംസാരിച്ച് അവന്റെ വായിലെ വെള്ളം വറ്റിയിട്ടില്ലായിരുന്നു. ഏതാണ്ട് രാത്രി പത്തരമണിയായപ്പോള്‍ മൊബൈലിന്റെ ബാട്ടറി തീരുകയും അവരുടെ മുറിയിലെ വെട്ടം കെടുത്തുകയും ചെയ്തു.

സമയം ഏതാണ്ട് രാത്രി രണ്ട് കഴിഞ്ഞു. കതകില്‍ മാന്യമായ രീതിയില്‍ ആരോ മുട്ടി. വെട്ടികൊന്നാല്‍ അറിയാത്ത പോലെ
കിടന്നുറങ്ങുകയായിരുന്നു അവര്‍ മൂന്ന് പേരും. പുറത്ത് കതകില്‍ കൊട്ടലിന്റെ മാന്യത ഇത്തിരി കുറഞ്ഞു. രാജകുമാരന്‍
കണ്ണ് തുറന്നു. സ്വപ്നം വല്ലതും കണ്ടതാണോയെന്ന് ഒന്ന് സംശയിച്ചിരുന്നു. പെട്ടന്ന് കതകിലുള്ള തട്ടല്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി.

ഉടുത്തിരുന്ന പുതപ്പ് മാറ്റുന്നതിനിടയിലോ അതോ മുണ്ട് തപ്പുന്നതിനിടയിലോ കൂടെ കിടന്നിരുന്ന ഒരുത്തന്‍ എന്തരോ കാര്യം
വിളിച്ചു. രാജകുമാരന്റെ പാതി ഉറക്കത്തിലുള്ള മറുപടി കൊണ്ടോ അതോ കതകിലെ മുട്ടലിന്റെ വേഗത കൊണ്ടോ
അവനും ഉണര്‍ന്നു. മൂന്നാമനെ അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് കട്ടിലിന്‍ നിന്നും ഉന്തി നിലത്തിട്ടുണര്‍ത്തി. ഈ
സംഭവങ്ങള്‍കിടയിലും കതകിലെ കൊട്ടലിനു കുറവൊന്നും ഇല്ലായിരുന്നു. ഇപ്പം തട്ടലിന്റെ കൂട്ടത്തില്‍ കതക് തുറക്കടായെന്നൊരു ഭാഷ്യം കൂടി കേട്ടുതുടങ്ങി.

കൂട്ടത്തിലെ നേതൃത്വ പാഠവമുള്ള രാജകുമാരന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇതേതോ തസ്കരനാണ്. പെട്ടന്നാണ് അവരുടെ
മുറിയില്‍ റെഡ് അലേര്‍ട്ട് സിഗ്നല്‍ കത്തി. ഒരുത്തന്‍ ആപ്പിള്‍ മുറിക്കുന്ന പിച്ചാത്തിയും മറ്റേവന്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചും
കൈയിലെടുത്തു. രാജകുമാരന്‍ കതകിന്റെ അരികില്‍ നിന്ന് ഹോളിവുഡ് സിനിമയിലെ കമാന്റോ അറ്റാക്ക് മാതിരി കൈ
കൊണ്ട് മൂന്ന് മുതല്‍ ഒന്നു വരെ കാണിച്ച് കതക് തുറന്നു.

കതക് തുറന്നതും അവരൊന്നു ഞെട്ടി. വീരപ്പന്‍ കുഴിമാടത്തില്‍ നിന്നെണീറ്റു വന്ന മാതിരിയുള്ള രണ്ട് രൂപങ്ങള്‍. ഒറ്റ്
വ്യത്യാസം മാത്രമേയുള്ളൂ.. വീരപ്പന്‍ മെലിഞ്ഞതാണ്. ഇവര്‍ രണ്ട് പേരും ഗര്‍ഭണന്മാരാണ് (കുടവയറുള്ളവര്‍). കേരളാ
പോലീസിന്റെ രൂപം കണ്ടതും ഒരുത്തന്റെ കയ്യിലുള്ള പിച്ചാത്തി അപ്രത്യക്ഷമായി. മറ്റേവന്‍ ആളറിയാതെ ആരടാ നീയെന്നും
കൂടി ചോദിച്ചു. രാജകുമാരന്‍ വളരെ മാന്യമായ രീതിയില്‍ ആ വന്ന പോലീസുകാരോട് കാര്യം തിരക്കി. അവര്‍ ഈ മൂന്ന്
പേരേയും പറ്റിയുള്ള കാര്യങ്ങള്‍ രാജകുമാരനോട് ചോദിച്ചറിഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് മൂന്ന് പേരും മെഡിക്കല്‍
കോളേജ് സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞിട്ട് സ്ഥലം വിട്ടു.

പിന്നെ അവര്‍ ഉറങ്ങിയില്ല. എന്തായിരിക്കും കാര്യമെന്ന് അവര്‍ കൂടിയിരുന്നാലോചിച്ചു. മുന്‍പ് നടന്ന പല കാര്യങ്ങളും
അവര്‍ ചര്‍ച്ച ചെയ്തു. അതിലൊന്നും തന്നെ ഒരു പോലീസ് കേസ് വരത്തക്കവണ്ണമുള്ള ഒരു കാര്യവും ഇല്ലായിരുന്നു. ഇനി
സമീപങ്ങളില്‍ നടന്ന തേങ്ങാ മോഷണവും തലയില്‍ കെട്ടി വെയ്ക്കാന്‍ വിളിച്ചതായിരിക്കുമോ? അവര്‍ മൂന്നു പേരും അടുത്ത
സുഹൃത്തുക്കളായിരുന്നിട്ടു കൂടി അവര്‍ പരസ്പ്പരം സംശയിച്ചു....

അതിലൊരു ലോലഹൃദയന്‍ അമ്മയെക്കാണമെന്നും മറ്റും പറഞ്ഞ് തേങ്ങാന്‍ തുടങ്ങി. എന്തൊക്കെയായാലും നാളെ നേരം
വെളുക്കട്ടെ. പണി തന്ന ദൈവം പണിയില്‍ നിന്നൂരാനുള്ള താക്കോലും തരുമെന്ന് പറഞ്ഞ് രാജകുമാരന്‍ മറ്റ് രണ്ട് പേരേയും
സമാധാനിപ്പിച്ചു.

നേരം വെളുത്തു. രാവിലെ വീട്ടില്‍ വിളിച്ച് സാധാരണ സംസാരിക്കുന്ന രീതിയില്‍ സംസാരിച്ചു. അവിടെയൊന്നും പോലീസ്
ഇതുവരെ ചെന്നിട്ടില്ല. അവര്‍ വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. കൂട്ടത്തിലുള്ള ദുര്‍ബലന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇനി
വല്ല ഗുലുമാലു കേസെങ്ങനുമാണെങ്കില്‍ നാട്ടീന്നാളുകള്‍ വന്നെങ്കിലേ ജാമ്യം കിട്ടൂ. അഥാവാ കിട്ടിയില്ലെങ്കില്‍ പതിനാലു
ദിവസമെങ്കിലും സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യും. നമുക്കേതായാലും ഇന്ന് നല്ല് ഭക്ഷണം കഴിക്കാം.

ഭക്ഷണത്തിന് സാധാരണ കഴിക്കുന്നതിനേക്കാളും രുചി കൂടുതലുള്ളതായി അവര്‍ക്ക് തോന്നി. പക്ഷേ എന്ത് ചെയ്യാന്‍
രാജകുമാരനൊഴികെ മറ്റ് രണ്ട് പേര്‍ക്കും വയറ്റില്‍ തീയും പ്രഭാത കൃത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വീണ്ടും
വീണ്ടും നിര്‍വഹിക്കാനും തോന്നി.

രാജകുമാരന്‍ അദ്ദേഹം പഠിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല
മനസ്സുകൊണ്ടോ അതോ രാജകുമാരന്റെ കാരണവന്മാര്‍ ചെയ്ത സല്‍പ്രവര്‍ത്തി കൊണ്ടോ അദ്ദേഹം മറിച്ചൊന്നും
ചോദിച്ചില്ല. ഞാന്‍ ഇതാ വരുന്നു.. നിങ്ങള്‍ മുറി പൂട്ടി അവിടെ തന്നെ നില്‍ക്കാനും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

രാജകുമാരന്‍ അവരെ വീണ്ടും സമാധാ‍നിപ്പിച്ചു ഒരു വിധത്തില്‍ അണിഞ്ഞൊരുക്കി പുറത്തിറക്കി. മുറിയുടെ താക്കോല്‍
തപ്പി. എവിടെ കാണാന്‍.. അവര്‍ പരസ്പ്പരം താക്കോല്‍ കളഞ്ഞതിന് പഴി ചാരി. ഒടുവില്‍ ദുര്‍ബലന്‍ ഒരു കാര്യം കൂടി
കണ്ട്പിടിച്ചു. താക്കോല്‍ മാത്രമല്ല താഴും കാണാനില്ല. ഉന്തിന്റെ കൂടെയൊരു തള്ളെന്ന് മട്ടില്‍ അടുത്ത പ്രശ്നവും. ഒടുവില്‍
രാജകുമാരന്‍ തന്നെ അതിനും ഉപായം കണ്ടെത്തി. വീട്ടില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയുടെ പൂട്ടെടുത്ത്
മുറി പൂട്ടി. ആ പൂട്ടാണേല്‍ ഒരു ഈര്‍ക്കിലി സ്വന്തമായുള്ളവന് തുറക്കാം!! അന്നേരത്തെ ടെന്‍ഷനില്‍ അതൊന്നും മറ്റ് രണ്ട്
പേരും ഓര്‍ത്തില്ല.

അങ്ങനെ അവര്‍ മൂന്ന് പേരും എന്റെ സുഹൃത്തിന്റെ വരവും കാത്തു നിന്നു. രാവിലെ എട്ട് മണിയാകാതെയെണീക്കാത്ത
അദ്ദേഹം ഇവരുടെ വെപ്രാളം മൂത്തുള്ള വിളി കേട്ട പാതി കേള്‍ക്കാത്തപ്പാതിയെണീറ്റു. കുളിച്ചൊരുങ്ങി അവരുടെയടുത്തെത്തി.
നിങ്ങള്‍ വല്ലതും കഴിച്ചോയെന്നന്വേഷച്ചു. എല്ലാവരും തലകുലുക്കി. എന്നാലൊരു പത്ത് മിനിറ്റ്.. ഞാനിതാ കഴിച്ചിട്ട്
വരുന്നുയെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ അനുബന്ധമായി മറ്റൊരു കാര്യവും കൂടി പറഞ്ഞു. അവിടെ എത്ര നേരം
നില്‍ക്കണമെന്ന് ആര്‍ക്കറിയാം... ഇത് കേട്ടതും ഇത്രയും നേരം ഒരു കുലുക്കവുമില്ലതിരുന്ന രാജകുമാരന്‍ കാറ്റൂരിവിട്ട
ബലൂണ്‍പോലെയായി. ഈ സമയത്താണ് ഞാന്‍ എന്റെ സുഹൃത്തിനെ കണ്ട്മുട്ടുന്നത്.

സമയം അങ്ങോട്ട് നീങ്ങാത്താത് പോലെ അവര്‍ക്ക് തോന്നി. ഇങ്ങേര്‍ക്ക് ഇപ്പം തന്നെ ഭക്ഷണം കഴിക്കണോ.. ഈ
പ്രശ്നത്തിനൊന്ന് പരിഹാരം കണ്ടെത്തിയാല്‍ ഞങ്ങള്‍ മസ്ക്കറ്റ് ഹോട്ടലില്‍ കൊണ്ടുപോയി പള്ള നിറക്കത്തില്ലയോ
എന്നൊക്കെയുള്ള ചില കാര്യങ്ങളും അവര്‍ പരസ്പ്പരം പറഞ്ഞു...

ദുര്‍ബലന്‍ പറഞ്ഞു... ദാ ആടി തൂങ്ങി വരുന്നുണ്ട്.. ഇനി ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.
അദ്ദേഹം അവരുടെയടുത്തെത്തി ചോദിച്ചു. നിങ്ങള്‍ വസ്ത്രങ്ങള്‍ മൊത്തം ഇട്ടിട്ടുണ്ടല്ലോ അല്ലേ... ഇല്ലെങ്കില്‍ അവിടെ
ചെല്ലുമ്പോള്‍ സ്റ്റെപ്പിനിയായി പത്രപ്പേപ്പര്‍ തരും... എന്നിട്ട് എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. ഞാനും കൂടി അവര്‍ക്കൊപ്പം
വരുന്നു എന്നും പറഞ്ഞു. കണ്ടാ നല്ല തടിയുണ്ട്. അവര്‍ക്കിടിച്ച് പഠിക്കാന്‍ ഒരാളായെന്ന് അതിലേതോ ഒരുത്തന്‍ പറയുന്നത്
ഞാന്‍ കേട്ടു. ഞാന്‍ അത് മൈന്റ് ചെയ്തില്ല.

ജനമൈത്രി പോലീസിന്റെ കാലമല്ലേ.. പഴയ പോലെ ഉലക്കയുരുട്ടി കുറ്റം തെളിയിക്കുന്ന രീതി മാറി ഇപ്പം ജ്യോത്സ്യന്മാരെ
കൊണ്ട് കവടി നിരത്തി കേസ് തെളിയിക്കുന്ന രീതിയായെന്ന് മുമ്പെപ്പഴോ എന്റെ ഒരു സുഹൃത്ത് പറഞ്ഞതായി ഞാന്‍
ഓര്‍ത്തു. അതാണ് കേട്ട പാടെ ഞാന്‍ കൂടി വരുന്നുവെന്ന് അവരോട് പറഞ്ഞത്. പോലീസുകാരോട് വെറുതേ അവരുടെ കൂടെ
വന്നതാണെന്ന് വല്ലതും പറഞ്ഞാല്‍ ഏറ്റില്ലേല്‍ എന്ത് ചെയ്യുമെന്ന് കൂടി ഞാന്‍ ഓര്‍ത്തു. ഇടവമാസം ഒന്നാം തീയതി ഇടിമാസം
ഒന്നാം തീയതിയാകുമോയെന്ന് ശങ്കിച്ചു. ഇടവപ്പാ‍തിയിലെ ഇടിവെട്ട് മൊത്തത്തില്‍ ഒരു നിമിഷം എന്റെ നെഞ്ചില്‍ വെട്ടി.

ഒടുവില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി. കണ്ടാല്‍ ഒരു ഗോഡൌണ്‍ മാതിരി. പൊടിപിടിച്ച കുറേ സര്‍ക്കാര്‍
ഫയലുകള്‍ ഒരു വശത്ത് നിരത്തി വെച്ചിരിക്കുന്നു. മറ്റൊരു വശത്ത് ഒരു മൂലയില്‍ കുറച്ച് ലാത്തികളും വിലങ്ങുകളും
വെച്ചിരിക്കുന്നു. നാടോടിക്കാറ്റില്‍ ദാസനും വിജയനും പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന സീന്‍ ഒന്ന് മനസ്സില്‍ കൂടി മാറി മറിഞ്ഞു.

ഓടുവില്‍ സ്ഥലം എസ് ഐയെ കാണണമെന്ന് പാറാവു നില്‍ക്കുന്ന് ആളോട് പറഞ്ഞു. അദ്ദേഹം മുഖത്ത് ഒരു ഭാവ
വ്യത്യാസവും വരുത്തതെ രൌദ്ര ഭാവത്തില്‍ അകത്തേക്ക് പോയി. പോയീന്നു മാത്രമല്ല ഞങ്ങളെ വിരല്‍ ചൂണ്ടി എന്തോ
കാര്യം എസ് ഐയോട് പറയുകയും ചെയ്തു. എന്നിട്ട് പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തി ഞങ്ങളോട് അകത്തേക്ക്
ചെല്ലാന്‍ പറഞ്ഞു.

ഓടുവില്‍ എസ് ഐയെ കണ്ടു. ഒരു ചുള്ളന്‍... ചെറുപ്പക്കാരന്‍... ജീവിതത്തില്‍ ആദ്യമായി നല്ല ആരോഗ്യമുള്ള
കുടവയറില്ലാത്ത ഒരു പോലീസുകാരനെ കണ്ടു. ഒരിടി കിട്ടിയാല്‍ ഞങ്ങളെല്ലാം പപ്പടം പൊടിയുന്ന പോലെ പൊടിയും. അദ്ദേഹം ഞങ്ങളോട് ഞങ്ങള്‍ ആരാന്ന് ചോദിച്ചു. എന്റെ സുഹൃത്ത് എല്ലാവരേയും പരിചയപ്പെടുത്തി കാര്യം അവതരിപ്പിച്ചു. എസ് ഐ ആ മുറിയില്‍ താമസ്സക്കാരായ മൂന്ന് പേരോട് അവിടുന്നെന്തെങ്കിലും കാണാതെ പോയിട്ടുണ്ടോയെന്ന് ചോദിച്ചു.

രാജകുമാരന്റെ കുബുദ്ധിയില്‍ ഡെല്ലിന്റെയൊരു ലാപ്ടോപ്പ്, അഞ്ച് പവന്റെയൊരു മാല എന്നിങ്ങനെ വല്ലതും
പറഞ്ഞാലോയെന്ന് ചിന്ത വന്നു. പണ്ട് ഈ സമീപത്തുള്ള ഒരു പോലീസ് സ്റ്റേഷനില്‍ ഉലക്കയുരുട്ടിയ സംഭവം മനസ്സില്‍ വന്നതും
കൂടെ ഞാനൊഴിച്ച് മറ്റെല്ലാവരും ഉലക്കയുരുട്ടുന്നതിനു പകരം ഉലക്കയുടെ കാറ്റടിച്ചാല്‍ കാറ്റ് പോകുമെന്ന് ബോധം വന്നത്
കൊണ്ടും അതൊന്നും പറയാന്‍ തോന്നിയില്ല.

ഒന്നും കാണാതെ പോയിട്ടില്ലയെന്ന് അവര്‍ മൂന്ന് പേരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഒന്നും പോയിട്ടില്ലേയെന്ന് എസ് ഐ ഒന്നു
കൂടി ഉറപ്പിച്ച് ചോദിച്ചു. ഇല്ലായെന്ന് അവര്‍ മൂന്ന് പേരും തലയാട്ടി. എസ് ഐ കോണ്‍സ്റ്റബിളിനോട് സാധനം കോണ്ടു വരാന്‍
പറഞ്ഞു.

ആ രണ്ട് നിമിഷങ്ങളില്‍ ഒരെണ്ണത്തില്‍ എല്ലാവരും ഇവര്‍ കുറ്റക്കാരല്ലല്ലോന്നോര്‍ത്ത് വളരെ ശാന്തരായി. എല്ലാവരും വളരെ
ആകാംഷഭരിതരായി കണ്ണുകള്‍ വിടര്‍ത്തി നിന്നു. രാജകുമാരന്റെ കുരുട്ട് ബുദ്ധി വീണ്ടും സ്വയം പറഞ്ഞു. ഇനി മുന്‍പ
പറഞ്ഞ സാധനങ്ങള്‍ വല്ലതുമാണ് കൊണ്ടു വരുന്നതെങ്കില്‍ അവര്‍ രണ്ടു അല്ലന്നും ഞാന്‍ മാത്രം എങ്ങനെ ആണെന്നും
പറയും?? എന്തായാ‍ലും കൊണ്ടുവരട്ടെ...

എല്ലാവരും ആ സാധനം കണ്ട് അംബരന്നു. അതാ ഇരിക്കുന്നു. നൂറ്റി അന്‍പത് രൂപകൊടുത്ത് രാജകുമാരാന്‍ കഴിഞ്ഞയാഴ്ച്ച
വാങ്ങിയ താ‍ഴ്!! രാജകുമാരന്‍ പറഞ്ഞു. ഇത് ഞാങ്ങളുടെ താഴാണ്. ഇതിവിടെ ലോക്കപ്പ് പൂട്ടുന്ന താഴാന്ന് ഞാന്‍
പറഞ്ഞില്ലല്ലോയെന്ന് എസ് ഐ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു! ഇതെങ്ങനെ ഇവിടെയെത്തിയെന്ന്
നിങ്ങള്‍ക്കറിയുമോയെന്ന് എസ് ഐ ചോദിച്ചു.

ഞാന്‍ മനസ്സില്‍ പറഞ്ഞു. അതിന്റെ സൈഡില്‍ “ഈഫ് ലോസ്റ്റ് പ്ലി റിടേണ്‍ ഇറ്റ് ടൂ നിയറസ്റ്റ് പോലീസ് സ്റ്റേഷന്‍” എന്ന്
എഴുതിയിട്ടുണ്ട്.

അതെങ്ങനെ അവിടെയെത്തിയെന്ന് അവര്‍ മൂന്ന് പേര്‍ക്കും അറിയില്ലെന്ന് പറഞ്ഞു. അവര്‍ ഇന്നലെ രാത്രി ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന് എസ് ഐ അവരോട് ചോദിച്ചു.. അവര്‍ രാത്രിയിലെ റുട്ടീന്‍ പറഞ്ഞു.

ഇന്നലെ പൂട്ട് തുറന്നവന്‍ തുറക്കുന്ന
സമയത്ത് വല്ല സ്വപ്ന ലോകത്തിലായിരുന്നോയെന്ന് അന്വേഷിച്ചു..

രാജകുമാരന്‍ ഇളിബ്യനായി പറഞ്ഞു. ഞാന്‍ ആ സമയത്ത് ഒരാളുമായി മൊബൈലില്‍ സംസാരിക്കുകയാ‍യിരുന്നു. അത് നിന്റെ കാമുകിയായിരിക്കും അല്ലേല്‍ ഇത്രയ്ക്ക് മറവിയുണ്ടാവാനിടയില്ലയെന്നും പറഞ്ഞു. കേട്ട് നിന്ന മറ്റ് പോലീസുകാരും ഞങ്ങളും ഒന്ന് ചെറുതായി പുഞ്ചിരിച്ചു.

രാത്രി അതിലെ ആരോ മതിലു ചാടി ഓടിയെന്ന് വിവരം കിട്ടിയെത്തിയതാണ് ആ വീരപ്പനും സംഘവും. അപ്പോഴാണീ തുറന്നിട്ട്
താക്കോലെടുക്കാത്ത ഈ മുറി ശ്രദ്ധയില്‍ പെടുന്നത്. അത് ഞങ്ങള്‍ അത് ഇങ്ങൂരിയെടുത്തിട്ടാണ് നിങ്ങളെ വിളിച്ചുണര്‍ത്തിയത്.
അവിടെ വെച്ച് അത് തന്നാല്‍ നിങ്ങള്‍ ഇത് വീണ്ടും ആ‍വര്‍ത്തിക്കുമെന്ന് തോന്നി. ഒരു വട്ടം പോലീസ് സ്റ്റേഷനില്‍ കയറിയാല്‍
ഇത് നിങ്ങളുടെ ജീവിതത്തില്‍ ഇത് മറക്കത്തില്ലായെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

ഇനി ഇങ്ങനെയുണ്ടാവരുതെന്നും എസ് ഐ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ താങ്ക്‌സ് പറഞ്ഞിറങ്ങാന്‍ തുടങ്ങി.

അപ്പോള്‍ എസ് ഐ ഒരു കാര്യം കൂടി വളരെ സൌമ്യമായി പുഞ്ചിരിയോടു കൂടി ഞങ്ങളോട് പറഞ്ഞു, അത് കേട്ട് എനിക്ക്
നമ്മളുടെ പോലീസിനെ പറ്റി അഭിമാനം തോന്നി.

“ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാനാണ് നിങ്ങള്‍ ഞങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. ഞങ്ങളേക്കാളുപരി
നിങ്ങളാണ് ആദ്യം ജാഗരൂകരായിരിക്കേണ്ടത്. അതുകൊണ്ട് സഹകരിക്കുക...”


---ശുഭം---