Friday, May 16, 2008

ഒരു ഇടവമാസം ഒന്നാം തീയതി

പതിവു പോലെ ഇന്നു രാവിലെയും ഞാന്‍ പ്രാതല്‍ കഴിക്കാന്‍ കേശവദാസപുരത്തെത്തി. കടയ്ക്കുള്ളില്‍ കയറിയപ്പോള്‍
എന്റെ ഒരു സുഹൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്നു. ഒരു മസാല ദോശയ്ക്കും
ഒരു കാപ്പിക്കും ഓര്‍ഡര്‍ കൊടുത്തിട്ട് ആ സുഹൃത്തിനോട് കുശലാന്വേഷണമാരംഭിച്ചു. അദ്ദേഹം കേശവദാസപുരത്ത് ഒരു
വിവര സാങ്കേതിക വിദ്യ അനുബന്ധ സേവനങ്ങള്‍ക്കാവശ്യമുള്ള (ITES) അഥവാ പുറം ജോലി കാരാറുകള്‍(BPO)കൈകാര്യം ചെയ്യാനുള്ള ആളുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനം നടത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ആളുകള്‍ വന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുകള്‍ വെയ്ക്കുന്ന സ്ഥലം. അങ്ങനെ വന്ന നൂറുകണക്കിനാളുകളില്‍ മൂന്ന് പേര്‍ അവിടെ കേശവദാസപുരം കവലയില്‍ തന്നെ ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. അവര്‍ എന്റെ ജില്ലയില്‍ നിന്നും വന്ന് അവിടെ പഠിക്കുന്നവരാണ്.

കഴിഞ്ഞ ദിവസം രാത്രി അവര്‍ പതിവു പോലെ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി. അതിലൊരാള്‍ രാജകുമാരന്‍ എന്ന്
മലയാളീകരിച്ചാല്‍ പേരുള്ളവരാണ്. അവന് ഒരു കിളിയുമായി ചില നേര്‍വരയുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് തിരകെ മുറിയില്‍ എത്തിയിട്ടും സംസാരിച്ച് അവന്റെ വായിലെ വെള്ളം വറ്റിയിട്ടില്ലായിരുന്നു. ഏതാണ്ട് രാത്രി പത്തരമണിയായപ്പോള്‍ മൊബൈലിന്റെ ബാട്ടറി തീരുകയും അവരുടെ മുറിയിലെ വെട്ടം കെടുത്തുകയും ചെയ്തു.

സമയം ഏതാണ്ട് രാത്രി രണ്ട് കഴിഞ്ഞു. കതകില്‍ മാന്യമായ രീതിയില്‍ ആരോ മുട്ടി. വെട്ടികൊന്നാല്‍ അറിയാത്ത പോലെ
കിടന്നുറങ്ങുകയായിരുന്നു അവര്‍ മൂന്ന് പേരും. പുറത്ത് കതകില്‍ കൊട്ടലിന്റെ മാന്യത ഇത്തിരി കുറഞ്ഞു. രാജകുമാരന്‍
കണ്ണ് തുറന്നു. സ്വപ്നം വല്ലതും കണ്ടതാണോയെന്ന് ഒന്ന് സംശയിച്ചിരുന്നു. പെട്ടന്ന് കതകിലുള്ള തട്ടല്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി.

ഉടുത്തിരുന്ന പുതപ്പ് മാറ്റുന്നതിനിടയിലോ അതോ മുണ്ട് തപ്പുന്നതിനിടയിലോ കൂടെ കിടന്നിരുന്ന ഒരുത്തന്‍ എന്തരോ കാര്യം
വിളിച്ചു. രാജകുമാരന്റെ പാതി ഉറക്കത്തിലുള്ള മറുപടി കൊണ്ടോ അതോ കതകിലെ മുട്ടലിന്റെ വേഗത കൊണ്ടോ
അവനും ഉണര്‍ന്നു. മൂന്നാമനെ അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് കട്ടിലിന്‍ നിന്നും ഉന്തി നിലത്തിട്ടുണര്‍ത്തി. ഈ
സംഭവങ്ങള്‍കിടയിലും കതകിലെ കൊട്ടലിനു കുറവൊന്നും ഇല്ലായിരുന്നു. ഇപ്പം തട്ടലിന്റെ കൂട്ടത്തില്‍ കതക് തുറക്കടായെന്നൊരു ഭാഷ്യം കൂടി കേട്ടുതുടങ്ങി.

കൂട്ടത്തിലെ നേതൃത്വ പാഠവമുള്ള രാജകുമാരന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇതേതോ തസ്കരനാണ്. പെട്ടന്നാണ് അവരുടെ
മുറിയില്‍ റെഡ് അലേര്‍ട്ട് സിഗ്നല്‍ കത്തി. ഒരുത്തന്‍ ആപ്പിള്‍ മുറിക്കുന്ന പിച്ചാത്തിയും മറ്റേവന്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചും
കൈയിലെടുത്തു. രാജകുമാരന്‍ കതകിന്റെ അരികില്‍ നിന്ന് ഹോളിവുഡ് സിനിമയിലെ കമാന്റോ അറ്റാക്ക് മാതിരി കൈ
കൊണ്ട് മൂന്ന് മുതല്‍ ഒന്നു വരെ കാണിച്ച് കതക് തുറന്നു.

കതക് തുറന്നതും അവരൊന്നു ഞെട്ടി. വീരപ്പന്‍ കുഴിമാടത്തില്‍ നിന്നെണീറ്റു വന്ന മാതിരിയുള്ള രണ്ട് രൂപങ്ങള്‍. ഒറ്റ്
വ്യത്യാസം മാത്രമേയുള്ളൂ.. വീരപ്പന്‍ മെലിഞ്ഞതാണ്. ഇവര്‍ രണ്ട് പേരും ഗര്‍ഭണന്മാരാണ് (കുടവയറുള്ളവര്‍). കേരളാ
പോലീസിന്റെ രൂപം കണ്ടതും ഒരുത്തന്റെ കയ്യിലുള്ള പിച്ചാത്തി അപ്രത്യക്ഷമായി. മറ്റേവന്‍ ആളറിയാതെ ആരടാ നീയെന്നും
കൂടി ചോദിച്ചു. രാജകുമാരന്‍ വളരെ മാന്യമായ രീതിയില്‍ ആ വന്ന പോലീസുകാരോട് കാര്യം തിരക്കി. അവര്‍ ഈ മൂന്ന്
പേരേയും പറ്റിയുള്ള കാര്യങ്ങള്‍ രാജകുമാരനോട് ചോദിച്ചറിഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് മൂന്ന് പേരും മെഡിക്കല്‍
കോളേജ് സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞിട്ട് സ്ഥലം വിട്ടു.

പിന്നെ അവര്‍ ഉറങ്ങിയില്ല. എന്തായിരിക്കും കാര്യമെന്ന് അവര്‍ കൂടിയിരുന്നാലോചിച്ചു. മുന്‍പ് നടന്ന പല കാര്യങ്ങളും
അവര്‍ ചര്‍ച്ച ചെയ്തു. അതിലൊന്നും തന്നെ ഒരു പോലീസ് കേസ് വരത്തക്കവണ്ണമുള്ള ഒരു കാര്യവും ഇല്ലായിരുന്നു. ഇനി
സമീപങ്ങളില്‍ നടന്ന തേങ്ങാ മോഷണവും തലയില്‍ കെട്ടി വെയ്ക്കാന്‍ വിളിച്ചതായിരിക്കുമോ? അവര്‍ മൂന്നു പേരും അടുത്ത
സുഹൃത്തുക്കളായിരുന്നിട്ടു കൂടി അവര്‍ പരസ്പ്പരം സംശയിച്ചു....

അതിലൊരു ലോലഹൃദയന്‍ അമ്മയെക്കാണമെന്നും മറ്റും പറഞ്ഞ് തേങ്ങാന്‍ തുടങ്ങി. എന്തൊക്കെയായാലും നാളെ നേരം
വെളുക്കട്ടെ. പണി തന്ന ദൈവം പണിയില്‍ നിന്നൂരാനുള്ള താക്കോലും തരുമെന്ന് പറഞ്ഞ് രാജകുമാരന്‍ മറ്റ് രണ്ട് പേരേയും
സമാധാനിപ്പിച്ചു.

നേരം വെളുത്തു. രാവിലെ വീട്ടില്‍ വിളിച്ച് സാധാരണ സംസാരിക്കുന്ന രീതിയില്‍ സംസാരിച്ചു. അവിടെയൊന്നും പോലീസ്
ഇതുവരെ ചെന്നിട്ടില്ല. അവര്‍ വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. കൂട്ടത്തിലുള്ള ദുര്‍ബലന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇനി
വല്ല ഗുലുമാലു കേസെങ്ങനുമാണെങ്കില്‍ നാട്ടീന്നാളുകള്‍ വന്നെങ്കിലേ ജാമ്യം കിട്ടൂ. അഥാവാ കിട്ടിയില്ലെങ്കില്‍ പതിനാലു
ദിവസമെങ്കിലും സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യും. നമുക്കേതായാലും ഇന്ന് നല്ല് ഭക്ഷണം കഴിക്കാം.

ഭക്ഷണത്തിന് സാധാരണ കഴിക്കുന്നതിനേക്കാളും രുചി കൂടുതലുള്ളതായി അവര്‍ക്ക് തോന്നി. പക്ഷേ എന്ത് ചെയ്യാന്‍
രാജകുമാരനൊഴികെ മറ്റ് രണ്ട് പേര്‍ക്കും വയറ്റില്‍ തീയും പ്രഭാത കൃത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വീണ്ടും
വീണ്ടും നിര്‍വഹിക്കാനും തോന്നി.

രാജകുമാരന്‍ അദ്ദേഹം പഠിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല
മനസ്സുകൊണ്ടോ അതോ രാജകുമാരന്റെ കാരണവന്മാര്‍ ചെയ്ത സല്‍പ്രവര്‍ത്തി കൊണ്ടോ അദ്ദേഹം മറിച്ചൊന്നും
ചോദിച്ചില്ല. ഞാന്‍ ഇതാ വരുന്നു.. നിങ്ങള്‍ മുറി പൂട്ടി അവിടെ തന്നെ നില്‍ക്കാനും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

രാജകുമാരന്‍ അവരെ വീണ്ടും സമാധാ‍നിപ്പിച്ചു ഒരു വിധത്തില്‍ അണിഞ്ഞൊരുക്കി പുറത്തിറക്കി. മുറിയുടെ താക്കോല്‍
തപ്പി. എവിടെ കാണാന്‍.. അവര്‍ പരസ്പ്പരം താക്കോല്‍ കളഞ്ഞതിന് പഴി ചാരി. ഒടുവില്‍ ദുര്‍ബലന്‍ ഒരു കാര്യം കൂടി
കണ്ട്പിടിച്ചു. താക്കോല്‍ മാത്രമല്ല താഴും കാണാനില്ല. ഉന്തിന്റെ കൂടെയൊരു തള്ളെന്ന് മട്ടില്‍ അടുത്ത പ്രശ്നവും. ഒടുവില്‍
രാജകുമാരന്‍ തന്നെ അതിനും ഉപായം കണ്ടെത്തി. വീട്ടില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയുടെ പൂട്ടെടുത്ത്
മുറി പൂട്ടി. ആ പൂട്ടാണേല്‍ ഒരു ഈര്‍ക്കിലി സ്വന്തമായുള്ളവന് തുറക്കാം!! അന്നേരത്തെ ടെന്‍ഷനില്‍ അതൊന്നും മറ്റ് രണ്ട്
പേരും ഓര്‍ത്തില്ല.

അങ്ങനെ അവര്‍ മൂന്ന് പേരും എന്റെ സുഹൃത്തിന്റെ വരവും കാത്തു നിന്നു. രാവിലെ എട്ട് മണിയാകാതെയെണീക്കാത്ത
അദ്ദേഹം ഇവരുടെ വെപ്രാളം മൂത്തുള്ള വിളി കേട്ട പാതി കേള്‍ക്കാത്തപ്പാതിയെണീറ്റു. കുളിച്ചൊരുങ്ങി അവരുടെയടുത്തെത്തി.
നിങ്ങള്‍ വല്ലതും കഴിച്ചോയെന്നന്വേഷച്ചു. എല്ലാവരും തലകുലുക്കി. എന്നാലൊരു പത്ത് മിനിറ്റ്.. ഞാനിതാ കഴിച്ചിട്ട്
വരുന്നുയെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ അനുബന്ധമായി മറ്റൊരു കാര്യവും കൂടി പറഞ്ഞു. അവിടെ എത്ര നേരം
നില്‍ക്കണമെന്ന് ആര്‍ക്കറിയാം... ഇത് കേട്ടതും ഇത്രയും നേരം ഒരു കുലുക്കവുമില്ലതിരുന്ന രാജകുമാരന്‍ കാറ്റൂരിവിട്ട
ബലൂണ്‍പോലെയായി. ഈ സമയത്താണ് ഞാന്‍ എന്റെ സുഹൃത്തിനെ കണ്ട്മുട്ടുന്നത്.

സമയം അങ്ങോട്ട് നീങ്ങാത്താത് പോലെ അവര്‍ക്ക് തോന്നി. ഇങ്ങേര്‍ക്ക് ഇപ്പം തന്നെ ഭക്ഷണം കഴിക്കണോ.. ഈ
പ്രശ്നത്തിനൊന്ന് പരിഹാരം കണ്ടെത്തിയാല്‍ ഞങ്ങള്‍ മസ്ക്കറ്റ് ഹോട്ടലില്‍ കൊണ്ടുപോയി പള്ള നിറക്കത്തില്ലയോ
എന്നൊക്കെയുള്ള ചില കാര്യങ്ങളും അവര്‍ പരസ്പ്പരം പറഞ്ഞു...

ദുര്‍ബലന്‍ പറഞ്ഞു... ദാ ആടി തൂങ്ങി വരുന്നുണ്ട്.. ഇനി ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.
അദ്ദേഹം അവരുടെയടുത്തെത്തി ചോദിച്ചു. നിങ്ങള്‍ വസ്ത്രങ്ങള്‍ മൊത്തം ഇട്ടിട്ടുണ്ടല്ലോ അല്ലേ... ഇല്ലെങ്കില്‍ അവിടെ
ചെല്ലുമ്പോള്‍ സ്റ്റെപ്പിനിയായി പത്രപ്പേപ്പര്‍ തരും... എന്നിട്ട് എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. ഞാനും കൂടി അവര്‍ക്കൊപ്പം
വരുന്നു എന്നും പറഞ്ഞു. കണ്ടാ നല്ല തടിയുണ്ട്. അവര്‍ക്കിടിച്ച് പഠിക്കാന്‍ ഒരാളായെന്ന് അതിലേതോ ഒരുത്തന്‍ പറയുന്നത്
ഞാന്‍ കേട്ടു. ഞാന്‍ അത് മൈന്റ് ചെയ്തില്ല.

ജനമൈത്രി പോലീസിന്റെ കാലമല്ലേ.. പഴയ പോലെ ഉലക്കയുരുട്ടി കുറ്റം തെളിയിക്കുന്ന രീതി മാറി ഇപ്പം ജ്യോത്സ്യന്മാരെ
കൊണ്ട് കവടി നിരത്തി കേസ് തെളിയിക്കുന്ന രീതിയായെന്ന് മുമ്പെപ്പഴോ എന്റെ ഒരു സുഹൃത്ത് പറഞ്ഞതായി ഞാന്‍
ഓര്‍ത്തു. അതാണ് കേട്ട പാടെ ഞാന്‍ കൂടി വരുന്നുവെന്ന് അവരോട് പറഞ്ഞത്. പോലീസുകാരോട് വെറുതേ അവരുടെ കൂടെ
വന്നതാണെന്ന് വല്ലതും പറഞ്ഞാല്‍ ഏറ്റില്ലേല്‍ എന്ത് ചെയ്യുമെന്ന് കൂടി ഞാന്‍ ഓര്‍ത്തു. ഇടവമാസം ഒന്നാം തീയതി ഇടിമാസം
ഒന്നാം തീയതിയാകുമോയെന്ന് ശങ്കിച്ചു. ഇടവപ്പാ‍തിയിലെ ഇടിവെട്ട് മൊത്തത്തില്‍ ഒരു നിമിഷം എന്റെ നെഞ്ചില്‍ വെട്ടി.

ഒടുവില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി. കണ്ടാല്‍ ഒരു ഗോഡൌണ്‍ മാതിരി. പൊടിപിടിച്ച കുറേ സര്‍ക്കാര്‍
ഫയലുകള്‍ ഒരു വശത്ത് നിരത്തി വെച്ചിരിക്കുന്നു. മറ്റൊരു വശത്ത് ഒരു മൂലയില്‍ കുറച്ച് ലാത്തികളും വിലങ്ങുകളും
വെച്ചിരിക്കുന്നു. നാടോടിക്കാറ്റില്‍ ദാസനും വിജയനും പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന സീന്‍ ഒന്ന് മനസ്സില്‍ കൂടി മാറി മറിഞ്ഞു.

ഓടുവില്‍ സ്ഥലം എസ് ഐയെ കാണണമെന്ന് പാറാവു നില്‍ക്കുന്ന് ആളോട് പറഞ്ഞു. അദ്ദേഹം മുഖത്ത് ഒരു ഭാവ
വ്യത്യാസവും വരുത്തതെ രൌദ്ര ഭാവത്തില്‍ അകത്തേക്ക് പോയി. പോയീന്നു മാത്രമല്ല ഞങ്ങളെ വിരല്‍ ചൂണ്ടി എന്തോ
കാര്യം എസ് ഐയോട് പറയുകയും ചെയ്തു. എന്നിട്ട് പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തി ഞങ്ങളോട് അകത്തേക്ക്
ചെല്ലാന്‍ പറഞ്ഞു.

ഓടുവില്‍ എസ് ഐയെ കണ്ടു. ഒരു ചുള്ളന്‍... ചെറുപ്പക്കാരന്‍... ജീവിതത്തില്‍ ആദ്യമായി നല്ല ആരോഗ്യമുള്ള
കുടവയറില്ലാത്ത ഒരു പോലീസുകാരനെ കണ്ടു. ഒരിടി കിട്ടിയാല്‍ ഞങ്ങളെല്ലാം പപ്പടം പൊടിയുന്ന പോലെ പൊടിയും. അദ്ദേഹം ഞങ്ങളോട് ഞങ്ങള്‍ ആരാന്ന് ചോദിച്ചു. എന്റെ സുഹൃത്ത് എല്ലാവരേയും പരിചയപ്പെടുത്തി കാര്യം അവതരിപ്പിച്ചു. എസ് ഐ ആ മുറിയില്‍ താമസ്സക്കാരായ മൂന്ന് പേരോട് അവിടുന്നെന്തെങ്കിലും കാണാതെ പോയിട്ടുണ്ടോയെന്ന് ചോദിച്ചു.

രാജകുമാരന്റെ കുബുദ്ധിയില്‍ ഡെല്ലിന്റെയൊരു ലാപ്ടോപ്പ്, അഞ്ച് പവന്റെയൊരു മാല എന്നിങ്ങനെ വല്ലതും
പറഞ്ഞാലോയെന്ന് ചിന്ത വന്നു. പണ്ട് ഈ സമീപത്തുള്ള ഒരു പോലീസ് സ്റ്റേഷനില്‍ ഉലക്കയുരുട്ടിയ സംഭവം മനസ്സില്‍ വന്നതും
കൂടെ ഞാനൊഴിച്ച് മറ്റെല്ലാവരും ഉലക്കയുരുട്ടുന്നതിനു പകരം ഉലക്കയുടെ കാറ്റടിച്ചാല്‍ കാറ്റ് പോകുമെന്ന് ബോധം വന്നത്
കൊണ്ടും അതൊന്നും പറയാന്‍ തോന്നിയില്ല.

ഒന്നും കാണാതെ പോയിട്ടില്ലയെന്ന് അവര്‍ മൂന്ന് പേരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഒന്നും പോയിട്ടില്ലേയെന്ന് എസ് ഐ ഒന്നു
കൂടി ഉറപ്പിച്ച് ചോദിച്ചു. ഇല്ലായെന്ന് അവര്‍ മൂന്ന് പേരും തലയാട്ടി. എസ് ഐ കോണ്‍സ്റ്റബിളിനോട് സാധനം കോണ്ടു വരാന്‍
പറഞ്ഞു.

ആ രണ്ട് നിമിഷങ്ങളില്‍ ഒരെണ്ണത്തില്‍ എല്ലാവരും ഇവര്‍ കുറ്റക്കാരല്ലല്ലോന്നോര്‍ത്ത് വളരെ ശാന്തരായി. എല്ലാവരും വളരെ
ആകാംഷഭരിതരായി കണ്ണുകള്‍ വിടര്‍ത്തി നിന്നു. രാജകുമാരന്റെ കുരുട്ട് ബുദ്ധി വീണ്ടും സ്വയം പറഞ്ഞു. ഇനി മുന്‍പ
പറഞ്ഞ സാധനങ്ങള്‍ വല്ലതുമാണ് കൊണ്ടു വരുന്നതെങ്കില്‍ അവര്‍ രണ്ടു അല്ലന്നും ഞാന്‍ മാത്രം എങ്ങനെ ആണെന്നും
പറയും?? എന്തായാ‍ലും കൊണ്ടുവരട്ടെ...

എല്ലാവരും ആ സാധനം കണ്ട് അംബരന്നു. അതാ ഇരിക്കുന്നു. നൂറ്റി അന്‍പത് രൂപകൊടുത്ത് രാജകുമാരാന്‍ കഴിഞ്ഞയാഴ്ച്ച
വാങ്ങിയ താ‍ഴ്!! രാജകുമാരന്‍ പറഞ്ഞു. ഇത് ഞാങ്ങളുടെ താഴാണ്. ഇതിവിടെ ലോക്കപ്പ് പൂട്ടുന്ന താഴാന്ന് ഞാന്‍
പറഞ്ഞില്ലല്ലോയെന്ന് എസ് ഐ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു! ഇതെങ്ങനെ ഇവിടെയെത്തിയെന്ന്
നിങ്ങള്‍ക്കറിയുമോയെന്ന് എസ് ഐ ചോദിച്ചു.

ഞാന്‍ മനസ്സില്‍ പറഞ്ഞു. അതിന്റെ സൈഡില്‍ “ഈഫ് ലോസ്റ്റ് പ്ലി റിടേണ്‍ ഇറ്റ് ടൂ നിയറസ്റ്റ് പോലീസ് സ്റ്റേഷന്‍” എന്ന്
എഴുതിയിട്ടുണ്ട്.

അതെങ്ങനെ അവിടെയെത്തിയെന്ന് അവര്‍ മൂന്ന് പേര്‍ക്കും അറിയില്ലെന്ന് പറഞ്ഞു. അവര്‍ ഇന്നലെ രാത്രി ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന് എസ് ഐ അവരോട് ചോദിച്ചു.. അവര്‍ രാത്രിയിലെ റുട്ടീന്‍ പറഞ്ഞു.

ഇന്നലെ പൂട്ട് തുറന്നവന്‍ തുറക്കുന്ന
സമയത്ത് വല്ല സ്വപ്ന ലോകത്തിലായിരുന്നോയെന്ന് അന്വേഷിച്ചു..

രാജകുമാരന്‍ ഇളിബ്യനായി പറഞ്ഞു. ഞാന്‍ ആ സമയത്ത് ഒരാളുമായി മൊബൈലില്‍ സംസാരിക്കുകയാ‍യിരുന്നു. അത് നിന്റെ കാമുകിയായിരിക്കും അല്ലേല്‍ ഇത്രയ്ക്ക് മറവിയുണ്ടാവാനിടയില്ലയെന്നും പറഞ്ഞു. കേട്ട് നിന്ന മറ്റ് പോലീസുകാരും ഞങ്ങളും ഒന്ന് ചെറുതായി പുഞ്ചിരിച്ചു.

രാത്രി അതിലെ ആരോ മതിലു ചാടി ഓടിയെന്ന് വിവരം കിട്ടിയെത്തിയതാണ് ആ വീരപ്പനും സംഘവും. അപ്പോഴാണീ തുറന്നിട്ട്
താക്കോലെടുക്കാത്ത ഈ മുറി ശ്രദ്ധയില്‍ പെടുന്നത്. അത് ഞങ്ങള്‍ അത് ഇങ്ങൂരിയെടുത്തിട്ടാണ് നിങ്ങളെ വിളിച്ചുണര്‍ത്തിയത്.
അവിടെ വെച്ച് അത് തന്നാല്‍ നിങ്ങള്‍ ഇത് വീണ്ടും ആ‍വര്‍ത്തിക്കുമെന്ന് തോന്നി. ഒരു വട്ടം പോലീസ് സ്റ്റേഷനില്‍ കയറിയാല്‍
ഇത് നിങ്ങളുടെ ജീവിതത്തില്‍ ഇത് മറക്കത്തില്ലായെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

ഇനി ഇങ്ങനെയുണ്ടാവരുതെന്നും എസ് ഐ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ താങ്ക്‌സ് പറഞ്ഞിറങ്ങാന്‍ തുടങ്ങി.

അപ്പോള്‍ എസ് ഐ ഒരു കാര്യം കൂടി വളരെ സൌമ്യമായി പുഞ്ചിരിയോടു കൂടി ഞങ്ങളോട് പറഞ്ഞു, അത് കേട്ട് എനിക്ക്
നമ്മളുടെ പോലീസിനെ പറ്റി അഭിമാനം തോന്നി.

“ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാനാണ് നിങ്ങള്‍ ഞങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. ഞങ്ങളേക്കാളുപരി
നിങ്ങളാണ് ആദ്യം ജാഗരൂകരായിരിക്കേണ്ടത്. അതുകൊണ്ട് സഹകരിക്കുക...”


---ശുഭം---

Tuesday, February 05, 2008

കപ്പക്കള്ളന്‍

തിരുവല്ലയില്‍ നിന്നും എട്ട്‌ കിലോമീറ്റര്‍ മാറി കടപ്ര എന്ന ഗ്രാമം. പാടങ്ങളും തെങ്ങിത്തോപ്പുമൊക്കെയുള്ള ഒരു ഗ്രാമം. പാടത്ത്‌ നെല്‍കൃഷിയൊന്നുമില്ല. തേങ്ങുംതൈ നടാനായി അവിടവിടെ കട്ട കുത്തി കൂനക്കൂട്ടി വെച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക്‌ കപ്പ (മരച്ചീനി) കൃഷിയുമുണ്ട്‌.

ഒരു ശനിയാഴ്ച്ച ദിവസം, സമയം വൈകുന്നേരം ഏഴു മണിയായി. കഥാനായകന്‍ പരുമലയില്‍ ഒരു ഡെന്റല്‍ ക്ലിനിക്ക്‌ നടത്തുന്നയാളാണ്‌. അന്ന് പൊതുവെ തിരക്കുപിടിച്ച ദിവസമയിരുന്നു. പണിയെടുത്ത്‌ തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. വീട്ടില്‍ ഭോജിക്കാനൊന്നുമില്ല. വല്ലതും വാങ്ങാമെന്നു വെച്ചാല്‍ കുറച്ചകലെ പോണം. അനുജന്റെയടുക്കല്‍ വല്ലതും വങ്ങി വരാന്‍ പറഞ്ഞു. എന്തു ചെയ്യാന്‍, പയ്യന്‍സിന്‌ വണ്ടിയോടിക്കാനറിയില്ല. നടന്നു പോവുകയാണെങ്കില്‍ പിറ്റേന്നെ തിരികെ വീട്ടില്‍ എത്തൂ. അത്രയ്ക്ക്‌ ദൂരമുണ്ട്‌ ചന്തയിലേക്ക്‌.

വയറ്റില്‍ വിശപ്പിന്റെ വിളി മൂത്തപ്പോള്‍ തലയില്‍ കുരുട്ടു ബുദ്ധി തെളിഞ്ഞു. അയലത്തെ ബേബി മാപ്പിളയുടെ കണ്ടത്തില്‍ നിന്നും രണ്ട്‌ മൂട്‌ കപ്പ പറിക്കാം. ആദ്യം ഒരു കുറ്റബോധം തോന്നി. പക്ഷേ അറുത്ത കൈയ്‌ക്ക്‌ ഉപ്പ്‌ തേയ്ക്കാത്ത്‌ ബേബീടെ കണ്ടത്തില്‍ നിന്നാണെന്നോര്‍ത്തപ്പോള്‍ ഒരിന്ററസ്റ്റൊക്കെ വന്നു. വിശപ്പിനേക്കാളുപരി ഒരാള്‍ക്കൊരു പണി കൊടുക്കാനുള്ള അവേശമാണുണ്ടായത്‌.

ഐഡിയ കേട്ട പാതി അനുജന്‍ ഒരു മണ്‍വെട്ടിയും പിന്നൊരു കുട്ടയുമായി രംഗത്തെത്തി. തലയില്‍ ഒരു തോര്‍ത്തു കെട്ടി, ഒരു കൂറ ലുംഗിയുടുത്ത്‌ ചേട്ടനുമെത്തി. ഒരു മണ്ണെണ്ണ വിളക്ക്‌ കത്തിച്ച്‌ രണ്ടു പേരും കൂടി കണ്ടത്തിലേക്ക്‌ നടന്നു.

ഏറ്റവും ചുരുങ്ങിയത്‌ ഒരു നൂറ്‌ മൂട്‌ കപ്പയെങ്കിലും കാണും. അനിയച്ചാര്‍ ഒരു കട്ടകുത്തിയ കൂനയില്‍ കയറിയിരുന്ന് മണ്ണെണ്ണ വിളക്കും പിടിച്ച്‌ ഇന്‍സ്‌ട്രകഷന്‍സ്‌ കൊടുക്കാനാരംഭിച്ചു. അനിയന്‍ ചോദിച്ചു, നമുക്കിത്‌ ഒറ്റ രാത്രി കൊണ്ട്‌ വെളുപ്പിച്ചാലോ? ചേട്ടന്‍ പറഞ്ഞു, പയ്യെ തിന്നാല്‍ പനയും തിന്നാം. അനിയന്‍ പറഞ്ഞു, കപ്പയും തിന്നാം.. ഈസ്‌ ഇറ്റ്‌? താറ്റ്‌സ്‌ റൈറ്റെന്നും പറഞ്ഞ്‌ ചേട്ടന്‍ പണിയാരംഭിച്ചു.

തന്റെ ജീവിതത്തില്‍ കപ്പ കഴിച്ചിട്ടുണ്ടെന്നല്ലാതെ അതിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കിനെ പറ്റി വിവരമൊന്നുമില്ലായിരുന്നു. അനിയന്‍ പറഞ്ഞു, ആദ്യം മണ്ണിന്റെ മുകളിലുള്ള ഭാഗം വെട്ടി കളയണം. അതിനു ശേഷം ചുവട്ടിലെ മണ്ണ്‍ മാറ്റി നേരെ മുകളിലോട്ട്‌ ഒന്ന് വലിച്ചാല്‍, കപ്പ പറിഞ്ഞ്‌ കയ്യിലിരിക്കും.

ചേട്ടന്‍ പറഞ്ഞു, നിന്റെ പള്ള നിറച്ചും ബുദ്ധി തന്നെ, പല്ല് പറിക്കുന്ന അതേ ടെക്‌നോളജി തന്നെയാടെയിത്‌. ഒറ്റ ചവിട്ടിനെ കപ്പയുടെ തണ്ടൊടിച്ചു. ചുവട്ടില്‍ നിന്ന് കുറച്ച്‌ മണ്ണ്‍ മാറ്റി, വെയിറ്റ്‌ ലിഫ്റ്റിങ്ങ്‌ ചാംബ്യന്മാര്‍ പൊക്കുന്ന പോലെ മുകളിലോട്ട്‌ വലിച്ചു. രക്ഷയില്ല. ഒന്നു വന്ന് സഹായിക്കാന്‍ അനിയനോട്‌ അഭ്യര്‍ഥിച്ചു. അവന്‍ അനങ്ങിയില്ല. സകല ദൈവങ്ങളെയും വിളിച്ച്‌ ഒന്നുകൂടി ഒരു പിടി പിടിച്ചു.

ടിം.. മുതുകും കുത്തി ചേട്ടന്‍ ദാ കിടക്കുന്നു. കപ്പ വന്നില്ല. ബാക്കിയുള്ള തണ്ടൊടിഞ്ഞു കയ്യിലിരുന്നു. ഇതും കണ്ട്‌ ചിരി സഹിക്കാന്‍ പറ്റാതെ അനിയച്ചാരും തലയും കുത്തി ഉരുണ്ടു നിലത്ത്‌ വീണു.

അനിയന്‍ ചേട്ടനോട്‌ സോറി പറഞ്ഞു. ഒരു കാര്യം പറയാന്‍ മറന്നുപോയി. പല്ലു പറിക്കുമ്പോള്‍ വേദനിക്കാതിരിക്കന്‍ ചുവട്ടില്‍ മരുന്ന് കുത്തി വെയ്‌ക്കുന്നത്‌ പോലെ കപ്പ മാന്തുമ്പോള്‍, ചുവട്ടില്‍ കുറച്ച്‌ വെള്ളമൊഴിച്ചിട്ട്‌ പിടിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും.

നീയെന്നാടാ ഡാഷേ പിന്നെയത്‌ നേരത്തെ പറയാഞ്ഞതെന്ന് ചോദിച്ചപ്പോള്‍, ഏത്‌ പണിയും ആദ്യം ചെയ്യുമ്പോള്‍ തെറ്റു പറ്റുമെന്ന് പറഞ്ഞു. എന്നിട്ട്‌ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു.

നിമിഷനേരം കൊണ്ട്‌ അനിയന്‍ വെള്ളവുമായി സ്ഥലത്തെത്തി. മൂട്ടില്‍ വെള്ളമൊഴിച്ച്‌ വീണ്ടും പണിയാരംഭിച്ചു. മാന്തി വന്നപ്പോള്‍ ഒരു കിലോ തികച്ചില്ലാത്ത ഒരു മൂട്‌.. കപ്പയെന്ന് പറയാം, കിട്ടി.

ഒരു നിമിഷം രണ്ടു പേരും നിശബ്‌ദരായി. ഗണപതിക്ക്‌ വെച്ചത്‌ തന്നെ കാക്ക കൊണ്ടുപോയി.

ഇതുകൊണ്ടുണ്ടോ ആവേശം കുറയുന്നു. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് പറയുന്നത്‌ പോലെ, മാന്തുവിന്‍ കിട്ടപ്പെടുമെന്ന് അനിയന്‍ ചേട്ടനോട്‌ പറഞ്ഞു. മുന്‍പ്‌ മാന്തിയ എക്‌സ്‌പ്പീരിയന്‍സ്‌ വെച്ച്‌ ചേട്ടന്‍ തൊട്ടടുത്തുള്ള മൂട്‌ മാന്തി.

ആദ്യത്തേത്‌ കാക്കയാണ്‌ കൊണ്ടുപോയെങ്കില്‍ ഇപ്രാവശ്യം ഗണപതിയുടെ വാഹനത്തിന്‌ പെട്രോളടിച്ച വകയില്‍ പോയി. (എലി കടിച്ച്‌ പോയി).

ചേട്ടന്‍ കുറച്ച്‌ മൂട്‌ മാറി മറ്റൊന്ന് മാന്തി. അദ്വാനിക്കുന്നതിന്‌ ഫലമുണ്ടാകുമെന്ന് പറയുന്നത്‌ വെറുതെയല്ല. മുട്ടനൊരു മൂടായിരുന്ന് അത്‌. രണ്ട്‌ ദിവസം മൂന്ന് നേരം വീതം കഴിച്ചാലും തീരാത്തത്ര ഒരു മൂട്‌...

എല്ലാം കൂടി വാരി കെട്ടി വിജായശ്രീലാളിതരായി തിരികെ വീട്ടിലെത്തി. കപ്പ പുഴുങ്ങി മുളകും കൂട്ടി ശാപ്പിട്ടു.

പിറ്റേന്ന് ഞാന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്കും കിട്ടി ഒരു വീതം. ഞാന്‍ ചോദിച്ചു ഇത്‌ എവിടുന്ന് വാഞ്ഞിയതാണെന്ന്, രണ്ടു പേരും കൂടി ഒന്ന് ഇളിഭ്യമായി ചിരിച്ചു. ചേട്ടന്‍ തലേന്ന് നടന്ന സംഭവം പറഞ്ഞു. കട്ട പാപം തിന്നാല്‍ തീരുമെന്നല്ലേ...

ഞാന്‍ ആ സ്ഥലം ഒന്ന് പോയി നോക്കി. നിറയെ ബൂബി ട്രാപ്പുകള്‍ നിരത്തി വെച്ചിരിക്കുന്നു. പൊട്ടിയ കുപ്പി, ട്യൂബ്‌ ലൈറ്റ്‌, മുള്ള്‌ കമ്പി, ചൂണ്ട മുതലായവ നിരത്തിയിരിക്കുന്നു. ആരുടെയോ ഭാഗ്യത്തിനാണ്‌ രണ്ടു പേരും രക്ഷ പെട്ടത്‌. ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച്‌ കപ്പ തലയില്‍ വെച്ച്‌ കടപ്ര ജംങ്ങ്ഷനില്‍ കൊണ്ടു നിര്‍ത്തുന്ന രംഗം ഞാനോര്‍ത്തു..

ഞാന്‍ ചേട്ടനോട്‌ ചോദിച്ചു, പിടിക്കപ്പെട്ടിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി??

പിറ്റേന്ന് പത്രത്തില്‍ ഒരു വാര്‍ത്ത വന്നേനെ. അനിയച്ചാര്‍ പറഞ്ഞു..

'രാത്രിയിലെ മാന്തല്‍, ദെന്ത വൈദ്യന്‍ അറസ്റ്റില്‍'

കടപ്ര: രാത്രില്‍ കപ്പ മാന്തുന്നതിനിടയില്‍ പ്രശസ്‌ത ദെന്ത വൈദ്യന്‍ പിടിയില്‍. തിരുവല്ല കടപ്ര സ്വദേശി പുത്തെന്‍വീട്ടില്‍ ഔസേപ്പ്‌ മകന്‍ ജോസഫ്‌ (29) നെ യാണ്‌ അറസ്റ്റ്‌ ചെയ്തത്‌. സ്ഥിരമായി മോഷണം നടക്കുന്നുയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസൈ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അതി വിദഗ്‌തമായി കള്ളനെ പിടിച്ചത്‌. സ്ഥലത്ത്‌ നടന്ന മറ്റ്‌ കൃഷി മോഷണങ്ങളും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌. പിടിച്ച കപ്പ, പോലീസുകാര്‍ വീതിച്ചെടുത്തു. ഇദ്ദേഹത്തോടൊപ്പമുള്ള സഹായി ഓളിവില്‍ പോയി.

ശേഷം പേജ്‌ 12...


--ശുഭം--

Tuesday, January 01, 2008

ഡ്രാക്കുള

ഈ കഥ നടക്കുന്നത്‌ അങ്ങ്‌ അമേരിക്കയിലല്ല, സൊമാലിയയിലല്ല... ഡിജിബോത്തിയിലോ അന്റാര്‍ട്ടിക്കയിലോ അല്ല.. മറിച്ച്‌ ഇന്ത്യയുടെ ഇങ്ങേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ്‌. പണ്ടേതോ ഒരു സായിപ്പ്‌ വന്ന്‌ മഡാമ്മയോട്‌ ഇവിടെ മൊത്തം പൊടിയാടി എന്ന്‌ പറഞ്ഞ സ്ഥലം. (തിരുവല്ലയില്‍ നിന്നും കുറച്ചകലയുള്ള പൊടിയാടി എന്ന സ്ഥലം)

ഇതിലെ കഥാനയകന്‍ എന്നെ കാന്താരി തീറ്റിച്ച വിരുതനാണ്‌. അദ്ദേഹം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. പഠിക്കാന്‍ വളരെ മിടുക്കനായതിനാല്‍ ( പിന്നില്‍ നിന്നാദ്യം) എല്ലാ വിഷയത്തിനും ട്യൂഷനുള്ള കാലം. വീട്ടില്‍ നിന്നും വിട്ടാല്‍ സ്ക്കൂള്‍, സ്ക്കൂള്‍ വിട്ടാല്‍ ട്യൂഷന്‍ ക്ലാസ്സ്‌, അതു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന്‌ തിരിച്ച്‌ വീട്ടില്‍ എന്നുള്ള സ്ട്രിക്റ്റ്‌ റുട്ടീന്‍ 7X365 കീപ്പ്‌ ചെയ്യേണ്ട കാലം. കക്ഷിക്ക്‌ ഏറ്റവും ഇന്ററെസ്‌റ്റുള്ള കാര്യം പഠനമാവാന്‍ വേറെ കാര്യമൊന്നും വേണ്ടല്ലോ !!!

അങ്ങനെയിരിക്കെ സ്ക്കൂളില്‍ ഒരു പി.ടി.എ മീറ്റിംങ്ങ്‌ നടന്നു. കഥാനായകന്‍ മനസ്സില്ലാമനസ്സോടെ താരതമ്യേന മൂര്‍ച്ച കുറവുള്ള പാരയായ അമ്മയെ വിളിച്ചുകൊണ്ട്‌ പോയി. ശനീശ്വരന്‌ അന്ന്‌ സെക്കന്റ്‌ സാറ്റര്‍ഡേയായതുകോണ്ടോ അതോ പകിട പന്ത്രണ്ട്‌ വീണപോലെ എല്ലാ ടീച്ചേഴ്‌സും അന്ന്‌ വലത്തോട്ട്‌ തിരിഞ്ഞെണീറ്റതുകൊണ്ടോ, കുഴിയാനയെ പിടിക്കാന്‍ മണ്ണില്‍ ഊതുന്ന ശക്തിപ്പോലും പാരകള്‍ക്കുണ്ടായില്ല.

മീറ്റിംങ്ങിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ശീലങ്ങളെ പറ്റി പ്രിന്‍സിപ്പല്‍ സംസാരിച്ചു. ആവശ്യമുള്ള കാര്യം മാത്രം തിരഞ്ഞെടുക്കുന്ന ശീലം പാരമ്പര്യ ഗുണമായി കിട്ടിയ ചേട്ടന്‌ ഇവിടെയും അതു തന്നെ തുടര്‍ന്നു. കക്ഷിക്ക്‌ അതില്‍ ക്ലിക്ക്‌ ചെയ്‌തത്‌ വായനാ ശീലമാണ്‌. പ്രിന്‍സിപ്പല്‍ പറഞ്ഞ മറ്റു ഒരു ശീലവും പരിപോഷിപ്പിക്കാന്‍ വീടിനു പുറത്തിറങ്ങാന്‍ പറ്റില്ല!!

ആയിടയ്‌ക്കാണ്‌ ഞങ്ങളുടെ സ്ക്കൂളിനടുത്ത്‌ ഒരു വായനശാല തുറന്നത്‌. ജെനറല്‍ റുട്ടീനില്‍ ചെറിയ ഒരു മാറ്റം വരുത്തി, ശനിയാഴ്ച്ച ദിവസം വായനശാലയില്‍ പോകുവാന്‍ അനുമതി ലഭിച്ചു. ഫ്രണ്ട്‌ വീല്‍ കേറ്റുവാന്‍ സ്ഥലം കൊടുത്താല്‍ ഓട്ടോ മൊത്തം കയറ്റുന്ന ശീലമുള്ളതിനാല്‍ കക്ഷി ഇടയ്‌ക്കിടെ ട്യൂഷന്‍ കട്ട്‌ ചെയ്‌ത്‌ വായനശാലയില്‍ ഹാജര്‍ വെയ്‌ക്കാന്‍ തുടങ്ങി.

പതിവു പോലെ ഒരു ദിവസം, ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ നമ്മുടെ കഥാനായകന്‍ വായനശാലയിലെത്തി. പാഠ പുസ്തകങ്ങളൊക്കെ ഒരു മൂലയ്‌ക്ക്‌ വെച്ചു. പുസ്തകശാലയിലെ റാക്കില്‍ കൂടെ കണ്ണോടിച്ചു. അതായിരിക്കുന്നു ഒരറുപത്‌ പേജ്‌ വരുന്ന ഒരു പുസ്തകം. പണ്ടാരോ പറഞ്ഞ്‌ കേട്ടിട്ടുള്ള പേടിപ്പിക്കുന്ന രക്തദാഹിയായ ഡ്രാക്കുളയുടെ കഥ. വലിയ ഘനമൊന്നും ഇല്ലാത്ത പുസ്തകമായതിനാല്‍ ഒറ്റയിരിപ്പിനുതന്നെ വായിച്ചു തീര്‍ക്കാന്‍ മൂപ്പര്‍ തീരുമാനിച്ചു.

സാധാരണ ട്യൂഷന്‍ തീരുന്ന സമയം കണക്കാക്കി വീട്ടില്‍ പോയിക്കൊണ്ടിരുന്നതാണ്‌. ഇത്തവണ കണക്കുക്കൂട്ടല്‍ ഒന്നു പിഴച്ചു. പുസ്തകം വായിച്ച്‌ നേരം പോയതറിഞ്ഞില്ല. മണി ആറു കഴിഞ്ഞു. പൊടിയാടി തീരത്ത്‌ സൈക്കിള്‍ അടുത്തപ്പോള്‍ നേരം ഏതാണ്ട്‌ ഇരുട്ടി. ജംങ്ങ്‌ഷനില്‍ നിന്നും ഏതാണ്ട്‌ ഒന്നര കിലോമീറ്ററുണ്ട്‌ വീട്ടിലേക്ക്‌. പോകും വഴി ഒരു പാല ചുവടും, ഒരു കരിമ്പിന്‍ കണ്ടവുമുണ്ട്‌.

അന്നിന്നത്തെ പോലെ പോസ്‌റ്റില്‍ ലൈറ്റൊന്നുമില്ല. സൈക്കിളിലെ ഡൈനാമോ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌, ടോപ്പ്‌ ഗിയറിലിട്ട്‌ തന്നേക്കൊണ്ടൊക്കുന്ന വേഗത്തില്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി. പാല ചുവടെത്തിയപ്പോള്‍ 'ടീം..'. സൈക്കിളിലെ ബള്‍ബ്‌ ഫ്യൂസായി. പെട്ടന്ന്‌ മനസ്സില്‍ വന്നത്‌ ഡ്രാക്കുളയാണ്‌ പണി പറ്റിച്ചതെന്നാണ്‌ അല്ലെങ്കില്‍ ഏതെങ്കിലും ലോക്കല്‍ മാടനാവും. ആരും അസ്സമയത്ത്‌ ആ പാല ചുവട്ടില്‍ വരാറില്ല. ആ പൈതലിന്റെ ചങ്ക്‌ പൈലിങ്ങിന്‌ തറയിലടിക്കുന്ന പോലെ ഇടിച്ചു. ഇരുട്ടത്ത്‌ കൊടും കാട്ടിലകപ്പെട്ട അവസ്ഥ.

പിന്നെ ഒരുദ്ദേശം വെച്ച്‌ നൂറെനൂറിലൊരു വിടീലായിരുന്നു. കരിമ്പിന്‍ കാട്ടിലുടെ പാഞ്ഞപ്പോള്‍ സൈക്കിളിന്റെ ചെയിന്‍ കക്കി തലയും കുത്തി നിലത്ത്‌ വീണു. നിലത്തു വീണ പുസ്തകങ്ങളൊക്കെ പെറുക്കിയെടുത്ത്‌ സൈക്കിളിന്റെ കാരിയറില്‍ വെച്ചു. പെട്ടെന്ന്‌ മനസ്സില്‍ ഒരാശ്വാസം വന്നു. അതാ വീട്ടിലുള്ള ബള്‍ബിന്റെ വെട്ടം കാണാം.

പതിയെ സൈക്കിള്‍ ഉന്തി ഷെഡില്‍ കൊണ്ടു വെച്ചു. എന്നിട്ട്‌ എല്ലാ ദിവസത്തേയും പോലെ കൂരയ്‌ക്കകത്തേക്ക്‌ പോയി. അച്‌ഛന്‍, അമ്മ, അമ്മൂമ്മ എന്നിവര്‍ പല സൈസിലുള്ള ഇന്‍സ്‌ട്രുമെന്റ്‌സുമായി വന്നു. അമേരിക്കയും റഷ്യയും ജപ്പാനും ഒരുമിച്ച്‌ ഘാനയെ ആക്രമിക്കുന്ന അവസ്ഥ.

ആദ്യ ചോദ്യം അമ്മൂമ്മയുടെ വക; എവിടെയായിരുന്നടാ ഇതുവരെ? ഞാന്‍ പറഞ്ഞു ട്യൂഷന്‍ ക്ലാസില്‍. പറഞ്ഞു തീര്‍ന്നതും ടപ്പേ്പനൊന്ന്‌ കിട്ടി. അടുത്തതെ അപ്പന്റെ വക തല്ലോട്‌ കൂടിയ ചോദ്യം; നീ അവിടെപ്പേ്പായില്ലായെന്ന്‌ ഞാനറിഞ്ഞല്ലോ???

ഒന്നും പറഞ്ഞ്‌ പിടിച്ച്‌ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ.

അച്ഛന്‍ അന്ന്‌ ചേട്ടനെ തിരക്കി ട്യൂഷന്‍ ക്ലാസ്സില്‍ വന്നിരുന്നു. നേരത്തെ മുതല്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ നടക്കുന്ന വിവരവും പഠുത്തത്തിലെ പ്രോഗ്രസ്സും അവിടെ നിന്നദ്ദേഹത്തിനു ലഭിച്ചു. അന്ന്‌ കിട്ടിയ പ്രഹരത്തെ പറ്റി വര്‍ണിക്കുകയാണെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന്‌ നടക്കുന്ന വെടിക്കട്ട്‌ വളരെ ചെറുതാണ്‌.

ആ ദേഷ്യത്തില്‍ വായനശാലയിലെ മെംബര്‍ഷിപ്പ്‌ കാര്‍ഡ്‌ അച്‌ഛന്‍ വലിച്ച്‌ കീറി കളഞ്ഞു. സൈക്കിള്‍ പൂട്ടി താക്കോലും വാങ്ങിവെച്ചു.

ആ ദിവസത്തെ പറ്റി ഒര്‍ക്കുകയാണെങ്കില്‍, ഡ്രാക്കുളയെ നേരില്‍ കണ്ട്‌ അടിമപ്പെട്ടാലോ എന്ന്‌ വരെ ചിന്തിച്ചു. അണ്‍ സഹിക്കബിള്‍... തമ്മില്‍ ഭേദം ഡ്രാക്കുള തന്നെ.

ആ സംഭവത്തിനു ശേഷം പഴയ പോലെ 7X365 റുട്ടീന്‍ (വിത്ത്‌ ഇംപ്രൂവ്‌ട്‌ ക്വാളിറ്റി കണ്‍ട്രോള്‍) തുടര്‍ന്നു...


--ശുഭം--

Friday, December 14, 2007

ഒരു പെണ്ണുകാണല്‍ ചടങ്ങ്‌

ഇതെന്റെ ആദ്യത്തെ പോസ്റ്റായിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം ഇടയ്ക്ക് വെച്ച് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പൊസ്റ്റ് ചെയ്യുന്നു.


ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്ത്‌ നാട്ടില്‍ തരക്കേടില്ലാത്ത തല്ലുകൊള്ളിതരങ്ങളെല്ലാം കാണിച്ചു നടന്ന ഒരു സുഹൃത്ത്‌, ഉപരിപഠനം കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ ടെക്നോപാര്‍ക്കില്‍ ജോലി കിട്ടി. തരക്കേടില്ലാത്ത ജോലി, തരക്കേടില്ലാത്ത ശമ്പളവും മറ്റ്‌ അലവന്‍സുകളും. മാസത്തില്‍ ഒന്നോ രണ്ടൊ ദിവസം വീട്ടില്‍ വരാം. വീട്ടിലില്ലാത്തതു കൊണ്ട്‌ വീട്ടുകാരും നാട്ടില്ലില്ലാത്തതുകൊണ്ട്‌ നാട്ടുകാരും വളരെ ഹാപ്പി !!

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വിവാഹ ബ്രോക്കര്‍ ഈ കക്ഷിയുടെ അമ്മയെ സമീപിച്ചു, എന്നിട്ട്‌ കുറച്ച്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാട്ടി അവരുടെ സ്വഭാവഗുണങ്ങളെ പറ്റി വര്‍ണ്ണിച്ചു. അതിലൊരു പെണ്ണിനെപ്പറ്റിയുള്ള വര്‍ണ്ണനയില്‍ പയ്യന്റെ അമ്മ ആകൃഷ്ടയായി പയ്യന്‍ വരുന്ന അടുത്ത ദിവസം തന്നെ അവളെ പെണ്ണുകാണാന്‍ പോകാമെന്നു പറഞ്ഞുറപ്പിച്ചു.

ബ്രോക്കര്‍ പോയ ഉടനെ പയ്യന്റെ അച്ഛന്‍ അമ്മയോട്‌ ചോദിച്ചു "നീ അവനോട്‌ ചോദിക്കാതെ എന്തിനാണ്‌ പെണ്ണുകാണാന്‍ പോകാമെന്ന് പറഞ്ഞത്‌ ?" ഞാന്‍ അവന്റെ ഇഷ്ടം നേരത്തെ തന്നെ ചോദിച്ചു വെച്ചിരുന്നു എന്ന് അമ്മ മറുപടി പറഞ്ഞു. അവന്‌ അത്യാവശ്യം വിദ്യാഭ്യാസമുള്ളതും തരക്കേടില്ലാത്ത സൗന്ദര്യവുമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു കുട്ടി മതിയെന്നാണ്‌ പറഞ്ഞിരുന്നത്‌. അതെന്താ പട്ടണത്തില്‍ ജീവിക്കുന്ന കുട്ടി അവന്‌ വേണ്ടാത്തത്‌ എന്ന് അച്ഛന്‍ ചോദിച്ചു? പട്ടണത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഭയങ്കര ജാഡയായിരിക്കും എന്നണ്‌ അവന്റെ അഭിപ്രായം. എങ്കില്‍ നിന്റെ ഈ സെലക്ഷന്‍ മതിയാകും എന്ന് അച്ഛന്‍ പറഞ്ഞു.

ഇതൊന്നും അറിയാത്ത സുഹൃത്ത്‌ പതിവുപോലെ വീട്ടില്‍ വന്നു. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത്‌ പയ്യന്റെ അച്ഛന്‍ കാര്യം അവതരിപ്പിച്ചു. ഇതു കേട്ടതും പെട്ടന്ന് പയ്യന്റെ തൊണ്ടയില്‍ ചോറ്‌ കുടുങ്ങി. ഭയങ്കര പരവേശം!! കുറച്ച്‌ വെള്ളം കുടിച്ചിട്ട്‌ പയന്‍ വേഗം ഭക്ഷണം കഴിച്ചെണീറ്റു. നാളെ എപ്പൊഴാണു പൊകേണ്ടതെന്ന് അമ്മയോട്‌ ചോദിച്ചു, ഉത്തരം കിട്ടിയ ശേഷം ഉറങ്ങാന്നയി കിടന്നു. പെണ്ണുകാണാനുള്ള ആവേശം കൊണ്ടാണോ അതോ ആകാംഷ കൊണ്ടാണൊ എന്തോ പയ്യനുറക്കം വന്നില്ല!! പെണ്ണുകാണാല്‍ ചടങ്ങ്‌ എങ്ങനെയായിരിക്കും എന്നവന്‍ ഓര്‍ത്ത്‌ കിടന്നു. പല പല സിനിമകളിലെ രംഗങ്ങള്‍ അവന്റെ മനസ്സില്‍ ഒരു ഫ്ലാഷ്‌ ബാക്ക്‌ പോലെ പാഞ്ഞു. കുറച്ച്‌ സമയം കഴിഞ്ഞ്‌ അവന്‍ ചെറിയ ഒരു ചിരി മനസ്സില്‍ ചിരിച്ചിട്ട്‌ അവന്‍ വളരെ ശാന്തനായി ഉറങ്ങി!!

പിറ്റേന്ന് രാവിലെ പയ്യന്‍ പതിവിലും നേരത്തെ എണിറ്റു കുളിചൊരുങ്ങി. ജോലിക്കു പോയതു കൊണ്ടുള്ള പുതിയ ശീലമാണിതെന്ന് വീട്ടുകാര്‍ തെറ്റുധരിച്ചു. പക്ഷെ കാര്യം അതൊന്നുമല്ലന്ന് പയനല്ലേ അറിയൂ.. അലമാരി തുറന്ന് അവന്‍ ഓരോ ഷര്‍ട്ടെടുത്ത്‌ നെഞ്ചില്‍ വെച്ച്‌ നോക്കി. നാലഞ്ചെണ്ണം വെച്ചു നോക്കിയ ശേഷം ഒരെണ്ണം മനസ്സിഷ്ടപ്പെട്ടു. അവനതിട്ടു നോക്കിയപ്പ്പ്പോള്‍ മുതുകില്‍ ഒരു ചെറിയ ചുളുവ്‌ കണ്ടു. ഇസ്ത്തിരിപെട്ടി ചൂടാക്കി അവന്‍ അത്‌ നൂര്‍ത്തെടുത്തു. അതിനു ശേഷം കണ്ണാടിക്കു മുന്‍പില്‍ ചെന്നുള്ള കോപ്രായങ്ങള്‍ തുടങ്ങി. അത്‌ കുറേ സമയം നീണ്ടു. എത്ര ഒരുങ്ങിയിട്ടും മതിയായില്ല. ഇത്‌ കണ്ട പയ്യന്റെ അനിയന്‍ പയ്യന്റെ ചെവിയില്‍ ചെന്ന് പറഞ്ഞു "ചേട്ടനാണ്‌ കാണാന്‍ പോകുന്നത്‌ അല്ലാണ്ട്‌ അവര്‍ ചേട്ടനെയല്ല!!". ഇത്‌ കേട്ട്‌ ചമ്മിയ ഭവത്തില്‍ പെട്ടെന്നൊരുങ്ങിത്തീത്തു.

എല്ലവരും ഒരുങ്ങുന്നതിന്‌ മുന്‍പേ തന്നെ പയ്യന്‍ ഒരുങ്ങി കഴിഞ്ഞു. വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ അമ്മ കൊണ്ടു വന്ന ചായ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈക്കോരു ചെറിയ വിറയല്‍. ഇതു കണ്ട്‌ അമ്മ ചോദിച്ചു, "നീയെന്താ വല്ല പൂച്ചയേയും തല്ലീട്ടുണ്ടോ?" ചെറിയ ഒരു പുഞ്ചിരി പാസാക്കി വീണ്ടും പത്രം വായന തുടര്‍ന്നു.

പ്രാതല്‍ ഭോജിച്ച ശേഷം കാറില്‍ കുടുംബ സമേതം പെണ്ണുക്കാണാനായി പുറപ്പെട്ടു. യാത്രക്കിടയില്‍ വെച്ച്‌ ബ്രോക്കറും യോജിച്ചു. പോകേണ്ട വഴി പറഞ്ഞുകൊടുത്തു. ഏതാണ്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പെണ്‍വീട്‌ എത്താറായപ്പോള്‍ പയ്യന്‌ ആശ്വാസമായി. തനി ഒരു ഗ്രാമപ്രദേശം. പാടങ്ങളും പുഴകളുമോക്കെയുള്ള തന്റെ മനസ്സിലുള്ളപോലെത്തെ ഒരു ചെറിയ ഗ്രാമാം.

വൈകാതെ പെണ്‍വീട്ടില്‍ എത്തി, ഗൃഹനാഥന്‍ സുഹൃത്തിനെയും കുടുംബത്തെയും ആനയിച്ചിരുത്തി. പെണ്‍കുട്ടി ചായയുമായി എത്തി. ഒറ്റ നോട്ടത്തില്‍ തരക്കേടില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ തമ്മില്‍ വല്ലതും ചോദിക്കാനോ പറയാനോ വല്ലതുമുണ്ടോ എന്ന് ബ്രോക്കര്‍ ചോദിച്ചതും ഗോഡ്രേജിന്റെ ഡിവിഡിയുടെ പരസ്യത്തില്‍ പറയുന്നതു പോലെ പയ്യന്‍ ഉണ്ട്‌ എന്നു പറഞ്ഞു. ഇതു കേട്ടതും ഇദ്ദേഹത്തിന്റെ അനിയച്ചാര്‍ ഒറ്റ ചിരി. കൂടെ ബ്രോക്കറും. അതിനെന്താ പ്രശ്നം അകത്തേക്ക്‌ ചെന്നോളൂ എന്ന് ഗൃഹനാഥന്‍ പറഞ്ഞു.

പയ്യന്‍ പെണ്ണിന്റെയടുത്ത്‌ ചെന്ന് സംസാരിക്കാന്‍ തുടങ്ങി. പയ്യന്‍ സംസാരിച്ച്‌ കഴിഞ്ഞപ്പ്പ്പോള്‍ പയ്യന്‍ പെണ്ണിനോട്‌ ചോദിച്ചു, എന്നോട്‌ വല്ലതും ചോദിക്കനുണ്ടോ? ഒന്നുമില്ലാ എന്ന് ആ കുട്ടി മറുപടി പറഞ്ഞു. അതില്‍ നിന്നും പയ്യന്‌ ഒരു കാര്യം പിടികിട്ടി, ഇത്‌ ഒരു എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണാണ്‌. എങ്കില്‍ പിന്നെ കാണാം എന്ന് പറഞ്ഞിട്ട്‌ പയ്യന്‍ അവളുടെ മുന്‍പില്‍ നിന്ന് മാറി.

പുറത്തിറങ്ങിയ ശേഷം പെണ്ണിന്റെ അച്ഛന്‍ പയ്യനോട്‌ ചോദിച്ചു " എല്ലാം ചോദിച്ചോ മോനേ?". ഉം എന്ന് പയ്യന്‍ പറഞ്ഞു. എങ്കില്‍ മറ്റ്‌ തീരുമാനഞ്ഞള്‍ ഞാന്‍ വന്നറിയിക്കാം എന്ന് ബ്രൊക്കര്‍ പറഞ്ഞു. എന്നിട്ട്‌ പയ്യനും കുടുംബവും അവിടുന്ന് യാത്ര തിരിച്ചു. യാത്രക്കിടയില്‍ ബ്രോക്കര്‍ ഇറങ്ങാറായപ്പോള്‍ സുഹൃത്തിനോട്‌ അഭിപ്രായം ചോദിച്ചു. പിന്നീട്‌ പറയാം എന്ന് ഒരു ചെറിയ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

വീട്ടില്‍ എത്തിയപ്പോള്‍ അനിയന്‍ ചോദിച്ചു " ചേട്ടാ, കക്ഷിയെങ്ങനെയുണ്ട്‌?" ഒന്നു പോടായെന്ന് പറഞ്ഞിട്ട്‌ പയ്യന്‍ ടി.വ്വ്‌ ഓണ്‍ ചെയ്തു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ അമ്മയും ഇതേ ചോദ്യം തന്നെ ചോദിച്ചു. പയന്‍ പറഞ്ഞു, "ഇതില്‍ എനിക്ക്‌ താല്‍പര്യമില്ല". നിന്റെ മനസ്സിലുള്ളത്‌ പോലെയുള്ള ഒരു പെണ്ണല്ല്ലേടാ അവള്‍ എന്ന് അമ്മ ചോദിച്ചു. അവള്‍ക്ക്‌ എന്താടാ ഒരു കുറവ്‌ എന്ന് അച്ഛനും ചോദിച്ചു.

പയ്യന്‍ അമ്മയോട്‌ ചോദിച്ചു "ഞാന്‍ അമ്മയോട്‌ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു പെണ്‍ക്കുട്ടി മതിയെന്നല്ലേ പറഞ്ഞത്‌?"

അതെയെന്ന് അമ്മ മറുപടി പറഞ്ഞു.

അമ്മയോട്‌ ആര്‌ പറഞ്ഞു ഗ്രാമത്തിന്റെ കൂടെ "കു" ചേര്‍ക്കാന്‍ എന്ന് പയ്യന്‍ ചോദിച്ചു.

പയ്യന്‍ അച്ഛനോട്‌ പറഞ്ഞു "അത്‌ ഒരു എട്ടും പൊട്ടും തിരിയാത്ത്‌ ഒരു പെണ്ണാണ്‌"

ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു പെണ്ണിനെയാണ്‌ ആഗ്രഹിക്കുന്നത്‌ അല്ലാണ്ട്‌ കുഗ്രാമത്തിലെ പെണ്ണിനെയല്ല !!!

പിറ്റേന്ന് പോകാറായപ്പോള്‍ പയ്യന്‍ പറഞ്ഞു "ഇനി എന്റെ വാരിയെല്ലിന്റെ കഷ്ണം ഞാന്‍ തന്നെ കണ്ടത്തിക്കോളാം". നിങ്ങളിനി ബ്രോക്കര്‍മാരോടൊന്നും എന്നെ പറ്റി പറയെണ്ടാ. എന്നിട്ട്‌ പുഞ്ചിരിച്ചുക്കൊണ്ട്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര തിരിച്ചു.........

Wednesday, December 12, 2007

ഓച്ചിറ യാത്ര

ഇത്‌ ഒരു നടന്ന സംഭവമാണ്‌. ഇതിലെ കഥാപാത്രങ്ങള്‍ ഒരു പ്രമുഖ ബ്ലോഗ്ഗറിന്റെ അച്ഛനാണ്. കമ്മിങ്ങ്‌ ടു ദി പോയിന്റ്‌.

വീട്ടിലെ ഗൃഹനാഥന്‍ പെന്‍ഷന്‍ പറ്റാറായ ഒരു പ്രവാസിയാണ്‌. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം അദ്ദേഹം നാട്ടീല്‍ വരുമ്പോള്‍ യാത്ര ചെയ്യുവാന്‍ ഒരു കാര്‍ വാങ്ങുവാന്‍ തീരുമാനിച്ചു. ഫസ്‌റ്റ്‌ ഓപ്ഷന്‍ പഴയ ഒരു ആമക്കാറായിരുന്നു. (പേര്‌ ഞാന്‍ ഓര്‍ക്കുനില്ല) പത്രങ്ങളില്‍ വരുന്ന പരസ്യം പംക്തികല്‍ സ്ഥിരമായി വായിച്ചു. രണ്ടാഴ്ച്ചയായിട്ടും ആമക്കറുള്ളവരുടെ ഒരു പരസ്യം പോലും വന്നില്ല. ഒടുവില്‍ ഒരു അംബാസിഡര്‍ കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ വെച്ച്‌ ഒരു പഴയ മോഡല്‍ വാങ്ങി. (അതിന്റെ വിവരണം പിന്നീടൊരു പോസ്‌റ്റായി ഇടാം)

കാറു വാങ്ങിയ ശേഷം, ടാര്‍പോളിന്‍ ഉപയോഗിച്ച്‌ ഞാനും അദ്ദേഹവും കൂടി ഒരു കാര്‍ ഷെഡുണ്ടാക്കി. അതില്‍ കാറിട്ടു. അദ്ദേഹം തിരിച്ചു പോകുമ്പോള്‍ ഇടയ്‌ക്കിടക്ക്‌ വന്ന് കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യാന്‍ എന്നെ ചട്ടം കെട്ടി. ഞാന്‍ അത്‌ തുടക്കത്തില്‍ സന്തോഷപൂര്‍വം സ്വീകരിച്ചു.

പിറ്റേ ദിവസം രാവിലെ അദ്ദേഹം അമ്പലത്തില്‍ പോയി. നേര്‍ച്ചകളും വാഹന പൂജയും കഴിഞ്ഞ്‌ വീട്ടില്‍ വന്നു. അന്നു മുതല്‍ വളര അടുത്തുള്ള സ്ഥലങ്ങളില്‍ പോകുവാന്‍ പോലും അദ്ദേഹം കാര്‍ ഉപയോഗിച്ചു തുടങ്ങി.

ഒരു ഞായറാഴ്ച്ച ദിവസം രാവിലെ കുടുംബത്തോടൊപ്പം മണ്ണാറശ്ശാല, ഓച്ചിറ തുടങ്ങിയ ക്ഷേത്രങ്ങള്‍ ദര്‍ശ്ശിക്കുവാന്‍ പോയി. മണ്ണാറശ്ശാലയില്‍ രാവിലെ തന്നെ പോയി, ഉച്ചയ്‌ക്ക്‌ ഓച്ചിറയിലെത്തി അവിടെ നിന്നും വഴിപാടായ ഉച്ച കഞ്ഞി കഴിച്ച്‌ മടങ്ങാം എന്ന് പറഞ്ഞു. പോകുവാന്‍ എന്നെയും കൂടി ക്ഷണിച്ചു. എന്തോ ഒരു ഉള്‍ വിളി, എനിക്കന്നു അവരോടൊപ്പം പോകുവാന്‍ തോന്നിയില്ല.

തിരികെ വൈകിട്ടു വന്നപ്പോള്‍ ഞാന്‍ കുശലാന്വേഷണം നടത്തി. വളരെ രസകരങ്ങളായ രണ്ട്‌ സംഭവങ്ങള്‍ അന്ന് നടന്നു.

പത്തിരുപത്‌ വര്‍ഷത്തിനു ശേഷമാണ്‌ നമ്മുടെ കഥാനായകന്‍ ഓച്ചിറയില്‍ പോകുന്നത്‌. ഓച്ചിറയിലെത്തിയപ്പോള്‍ ഊണിനുള്ള സമയമായി. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്നദാന ഹാളില്‍ പ്രവേശിച്ചു. സാധാരണ അവിടെ ഉച്ചയ്ക്ക്‌ കഞ്ഞിയും പയറുമാണന്നാണ്‌ കേട്ടിട്ടുള്ളത്‌. പക്ഷേ അന്നവിടെ ചെന്നപ്പ്പ്പോള്‍ നാവിലയിട്ട്‌ രണ്ടു കൂട്ടം പായസവും ചേര്‍ത്തുള്ള സദ്യയായിരുന്നു. ഓച്ചിറ ക്ഷേത്രം ഇത്രയ്‌ക്ക്‌ പുരോഗമിച്ചോ എന്നു ചില കമന്റുകളൊക്കെ മനസ്സില്‍ പറഞ്ഞ്‌ നല്ല സ്‌റ്റൈലനായി ചോറുണ്ടു. ഒരു പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരു ചേട്ടായി ക്യാമറയുമായി വരുന്നത്‌ കണ്ടു. പിന്നെ അദ്ദേഹത്തിനു കാര്യമായൊന്നും കഴിക്കാന്‍ തോന്നിയില്ല. എത്രയും പെട്ടന്ന് അവിടുന്ന് സ്ഥലം വിടുകയെന്നതായി ലക്ഷ്യം. തിരുവല്ലായില്‍ നിന്നും കുടുംബത്തോടൊപ്പം വണ്ടിയോടിച്ച്‌ ഓച്ചിറയില്‍ പോയി വിളിക്കാത്ത സദ്യയുണ്ടു. അത്‌ വളരെ നന്നായി ക്യാമറയില്‍ പകരുകയും ചെയ്തു. എന്തൊരു ഗതികേടെ !!

തിരികെ വരും വഴി മാവേലിക്കരയിലെത്തിയപ്പ്പോള്‍ ഒരു സ്‌കൂള്‍ പയ്യന്‍ (ഉദ്ദേശം മൂന്നാം ക്ലാസില്‍ പഠിക്കുന്നത്‌) മാങ്ങ പറിക്കുവാനായി മതിലിനു മുകളില്‍ കയറിനടക്കുന്നത്‌ കണ്ടു. കഥാനായകന്‍ വണ്ടിയിലിരുന്ന് ഡാ...ഡാ.. എന്ന് ഉച്ചത്തില്‍ പറഞ്ഞു. അദ്ദേഹം വിചാരിച്ചു ആ പയ്യന്‍ ഒടുമായിരിക്കുമെന്ന്. പക്ഷേ കേട്ട പാടെ പയ്യന്‍ പറഞ്ഞു, പോടാ..!!!

വീണ്ടും സെല്‍ഫ്‌ ഗോള്‍.

ഇളിഭ്യനായി തിരികെ വീട്ടില്‍ വന്നു. വൈകിട്ട്‌ പൊട്ടിചിരിക്കുവാന്‍ ഒരു കാര്യമായി.

പിന്നെ ഒരു വീരവാദവും കൂടി പറഞ്ഞു ഞാന്‍ അവിടെ വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ കാണാമായിരുന്നു, അവന്‍ ജീവനും കൊണ്ടോടുന്നത്‌!!

പക്ഷേ, മനസ്സിലുള്ള കാര്യം വേറെയാണന്ന് എന്നിക്ക്‌ മനസ്സില്ലായി. അവിടെ വണ്ടി നിര്‍ത്തിയാല്‍, പിള്ളേര്‍ ചിലപ്പോള്‍ കല്ലോ മറ്റോ എടുത്ത്‌ വീക്കിയാലോ, ഓടിച്ച്‌ കൊതി തീരാത്ത വണ്ടിയാണെ..

പിന്നീട്‌ ആ വഴി വരുമ്പോള്‍ അദ്ദേഹം ഒരക്ഷരം പോലും ഞങ്ങളോടു പോലും പറയറില്ല...

Wednesday, November 21, 2007

കാന്താരി മുളകും ഞാനും

അന്നെനിക്ക്‌ എട്ട്‌ വയസ്‌ പ്രായം. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍ കുളന്തെയ്‌. പ്രായവ്യത്യാസമില്ലാതെ, ചേട്ടന്മാരെന്നോ, ചേച്ചിമാരെന്നോ എന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും പണികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നക്കാലം.

ആ ദിവസം കുടുംബത്തില്‍ അപ്പൂപ്പന്റെ ബലിയിടീല്‍ ചടങ്ങോ മറ്റോ ആയിരുന്നു. എല്ലാവരും ഒത്തുകൂടുന്ന ദിവസം. പുസ്തകം തുറക്കേണ്ട, ട്യൂഷനുമില്ലാ.. പൂജാവധി കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അര്‍മാദിച്ചിരുന്ന ദിവസം.

പതിവിലും നേരത്തെ എണീറ്റ്‌ രാവിലത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇന്നെന്നാടാ നേരത്തെ എണീറ്റത്‌, പഠിത്തമുള്ള ദിവസം അവന്റെ ഒരു കിടപ്പ്‌ കാണേണ്ടതാണ്‌. നാളെയാട്ടടാ, നിന്നെ ഞാന്‍ കാണിച്ചുത്തരാം, എന്നിങ്ങനെയുള്ള അമ്മൂമ്മയുടെ ചില കമന്റ്‌സ്‌ ഞാന്‍ ഒരു ചെവിയിലൂടെ കയറ്റി മറു ചെവിയിലൂടെ കളഞ്ഞു. കൂടെ ഒരു താക്കീതും, ഇന്ന് നീ മര്യാദയ്‌കൊക്കെ നടന്നോണം. ഞാന്‍ ഓ പിന്നേയെന്ന് മനസ്സില്‍ പറഞ്ഞൊന്ന് മൂളി തല കുലുക്കി.

ഇന്ന് വരുന്നവരുടെയൊക്കെ മുന്നില്‍ എങ്ങനൊക്കെ സ്‌റ്റാറാകാം എന്ന് മനസ്സില്‍ ചിന്തിച്ച്‌ ഞാന്‍ തിണ്ണയില്‍ പോയിരുന്നു.

പെട്ടെന്നൊരു വിളി, "ടാ ആ വിളക്കുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കിവെക്ക്‌".

ഞാന്‍ പാതി മനസ്സോടെ പണി ചെയ്യുകയായിരുന്നു. പൈപ്പും ചുവട്ടില്‍ നിന്ന് വിളക്കു കഴുകുന്ന എന്നേ കണ്ട്‌ എണീറ്റു വരുന്ന എന്നെകാള്‍ രണ്ട്‌ വയസ്സ്‌ പ്രായം കുറഞ്ഞ എന്റെ കുഞ്ഞുപ്പെങ്ങള്‍ ഇന്നത്തെ കണി ഉഗ്രന്‍ എന്ന സന്തോഷത്തില്‍ ചിരിച്ചു. ആ ചിരി കണ്ടപ്പോള്‍ ഒരെണ്ണം വെച്ചുക്കൊടുക്കാനാണെനിക്ക്‌ തോന്നിയത്‌. പണിയുടെ കൃത്യത കൊണ്ടാണോ എന്തോ, പിന്നീട്‌ കഴിഞ്ഞ കൊല്ലം വരെയും ആ പണി ഞാന്‍ തന്നെയാണ്‌ ചെയ്യുന്നത്‌.

അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ ഞാന്‍ തയാറാക്കി. ചേട്ടനുമായി നിരകളിക്കാം, ചേച്ചിമാരുമായി അര, ഈച്ചക്കൊട്ടാരം മുതലായവ.. ഇന്ന് എല്ലാവര്‍ക്കും പണി കൊടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ഞാനിരുന്നു. തുടക്കത്തില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ ഞാന്‍ പത്രമെടുത്ത്‌ നിവര്‍ത്തിപ്പിടിച്ചിരുന്നു.

എന്റെ പ്ലാന്‍ നംബര്‍ ഒന്ന് അങ്ങനെ സഫലമായി. വന്നപാടെ എല്ലാവരും എന്നെ നോക്കി ചിരിച്ചിട്ട്‌ അകത്തേക്ക്‌ പോയി. ഏപ്രില്‍ മാസത്തില്‍ നട്ടുച്ചയ്ക്ക്‌ ഇടി വെട്ടിയപ്പോലെ അത്‌ സംഭവിച്ചു. പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ പുറകിലൂടെ വന്ന് കാലില്‍ പത്ത്‌ കിലോ തൂക്കമുള്ള ഒരടി വീണു. എന്റെ കണ്ണിക്കൂടി പൊന്നീച്ച പറന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ചേട്ടന്‍ (ഒരു പ്രമുഖ ബ്ലോഗ്ഗര്‍) സലൂട്ട്‌ കാണിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ കഴിഞ്ഞ ആഴ്‌ച കണ്ടപ്പോള്‍ അരയ്ക്ക്‌ കൂടിയിരുന്നു എന്ന് പറഞ്ഞു. ഒരു സ്പോര്‍സ്മാന്‍ സ്‌പിരിറ്റില്‍ ഞാന്‍ അതെടുത്തുകൊണ്ട്‌ ഞാന്‍ ഒരു സല്യൂട്ട്‌ കൊടുത്തു.

ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ചു എന്ന മട്ടില്‍ ചേച്ചിയുടെ ഒരെണ്ണം കൂടി കിട്ടി. അതെനിക്ക്‌ മുന്‍പ്‌ പറഞ്ഞ സ്‌പിരിറ്റിലെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ മൊത്തമാരോഗ്യവുമെടുത്ത്‌ ഞാന്‍ ഒരെണ്ണം തിരിച്ചുക്കൊടുത്തു. നമ്മള്‍ സ്കൂളില്‍ വെച്ച്‌ കണ്ടപ്പോള്‍ അര വെട്ടിയതാണെന്ന് പറഞ്ഞ്‌ ഉന്തും തള്ളുമുണ്ടായി. അമ്മൂമ്മയിടപ്പെട്ട്‌ അക്കാര്യം സോള്‍വ്‌ ചെയ്തു.

പിന്നീട്‌ രംഗം ശാന്തമായി.




സമയം ഏതാണ്ട്‌ പതിനൊന്ന് മണിയായിക്കാണും. ഞങ്ങള്‍ ചെറുസെറ്റുകളെല്ലാം വീട്ടുമുറ്റത്തുള്ള അരമതിലില്‍ ഒത്തുകൂടി. പല സൈസ്‌ വെടികള്‍ പറഞ്ഞിരിക്കുമ്പോള്‍ ചേട്ടന്‍ ഒരു മല്‍സരം പറഞ്ഞു. കാന്താരി തീറ്റ മല്‍സരം. ആദ്യമൊന്ന് ചങ്ക്‌ കാളിയെങ്കിലും പെങ്ങമാരും ചേട്ടന്മാരുമൊക്കെ മുന്നോട്ട്‌ വന്നപ്പോള്‍ എന്റെ ആത്മാഭിമാനം എന്നെയും മുന്നോട്ട്‌ തള്ളി. പച്ചമുളകിന്റെ നാലിലൊന്ന് പോലുമില്ല്ലല്ലോ, അപ്പം അതു പോലെ എരിവും കുറവായിരിക്കും, അതു കൊണ്ടായിരിക്കും വീട്ടില്‍ കറി വെയ്ക്കാന്‍ കാന്താരിയെടുക്കാത്തത്‌ എന്ന് ഞാന്‍ വിചാരിച്ചു. ഈ മല്‍സരത്തില്‍ എനിക്ക്‌ തന്നെ ഒന്നാം സ്ഥാനം എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. ചേട്ടന്‍ സ്‌റ്റാര്‍ട്ട്‌ പറഞ്ഞു. കേട്ട പാതി ഉള്ളതില്‍ കൊള്ളാവുന്ന ഒരെണ്ണം ഞാനെടുത്ത്‌ ചവച്ചരയ്ക്കാന്‍ തുടങ്ങി. ബാക്കിയെല്ലാവരും വെറുതെ ആക്ഷന്‍ മാത്രമേ കാണിച്ചുള്ളൂ. കാന്താരിയെന്തിനാണധികം എന്ന് പറയുന്നതിന്റെ അര്‍ത്ഥം അപ്പോഴാണെനിക്ക്‌ മനസ്സില്ലായത്‌. ശിവാജി സിനിമയില്‍ ഈ രംഗം കാണിക്കുന്ന രജനീകാന്തിനെക്കാളും സ്‌റ്റൈലില്‍ ഞാന്‍ തുള്ളി. ഇന്നാ അണ്ണാ വെള്ളം എന്ന് പറയാന്‍ ഞാന്‍ ഒരാളേയും അവിടെ കണ്ടില്ല.

ഗതി കെട്ടവന്‍ തല മുട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്ന് പറയുന്നത്‌ പോലെ ഞാന്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്‍ ചുവട്ടിലിരുന്ന് വാ തുറന്നു. പേരിനുപോലും ഒരു തുള്ളി വെള്ളമില്ല. പൈപ്പില്‍ വാ പിടിച്ച്‌ ഞാന്‍ ആഞ്ഞു വലിച്ചപ്പോള്‍ ഒരു വാ വെള്ളം കിട്ടി. അതുകൊണ്ടെന്താവാന്‍, ഞാന്‍ എല്ലാവരോടും കെഞ്ചി, എനിക്ക്‌ കിണറ്റില്‍ നിന്നും ഒരു തോട്ടി വെള്ളംക്കോരിത്തരാന്‍, എല്ലാവര്‍ക്കും അന്നേരം എന്ന നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഒടുക്കം ആരോ ഒരാള്‍ വെള്ളംക്കോരിത്തന്നു.




ശരിക്കും ഞാനന്ന് നാണംക്കെട്ടെങ്കിലും അതോടെ ഞാന്‍ ഒരു സ്‌റ്റാറായി.

ചേട്ടനോട്‌ ഇതിനൊന്ന് പകരം ചോദിക്കാതെ എനിക്ക്‌ ഉറക്കമില്ലെന്ന് ഞാന്‍ ശപഥം ചെയ്തു.

അടുത്ത ഞയറാഴ്ച്ച വൈകിട്ട്‌ എല്ലാവരെയും ഏറുപന്ത്‌ കളിക്കാന്‍ ഞാന്‍ ക്ഷണീച്ചു. ഓലപന്തില്‍ രണ്ട്‌ വെള്ളയ്ക്കാ വെച്ചുകെട്ടി ഞാന്‍ കളിയാരംഭിച്ചു. ജ്യോല്‍സ്യന്മാര്‍ പറയുന്നത്‌ പോലെ അഷ്ടമത്തില്‍ ശനി ഫുള്‍ സ്വിങ്ങില്‍ നിന്നതുകൊണ്ടോ എന്തോ, ഞാന്നന്ന് ഏറുക്കൊണ്ട്‌ അട്ട ചുരുളുന്നപ്പോലെ ചുരുണ്ടു. പിന്നീടുള്ള സൗഹൃദമല്‍സരമായ കുഴിപ്പന്തിലും കാര്യങ്ങള്‍ തഥൈവ..

അന്നെനിക്ക്‌ കുറേ കാര്യങ്ങള്‍ മനസ്സില്ലായി. ഏറുപ്പന്തും കുഴിപ്പന്തും പോലെ വേറെ അപകടം പിടിച്ച കളികള്‍ ഇല്ലെന്നും, ആന വാ പൊളിക്കുന്നപ്പോലെ അണ്ണാന്‍ വാ പോളിക്കരുതെന്നും, മൂത്തവര്‍ക്കിട്ട്‌ പണി കൊടുക്കാന്‍ നോക്കരുതെന്നും മനസ്സില്ലായി.

ഇപ്പം ഈ സംഭവങ്ങള്‍ കഴിഞ്ഞ്‌ പതിനാറ്‌ വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ഈ കഥകള്‍ക്ക്‌ ശ്രോദ്ധാക്കള്‍ ധാരാളമുണ്ട്‌. ഒപ്പം എന്റെ ഒരു സ്‌റ്റാര്‍ വാല്യുവും...

Monday, November 05, 2007

കള്ളവണ്ടിക്കാരന്‍

തിരുവനന്തപുരത്തുള്ള ടെക്നോപ്പാര്‍ക്കില്‍ ജോലിയുള്ള കാലം. ഒരു വെള്ളിയാഴ്ച ദിവസം. സമയം വൈകിട്ട്‌ 4:55 ആകുന്നു.

എല്ലാവരും വീട്ടില്‍ പോകാനുള്ള തിരക്കിലാണ്‌. ഞാന്‍ എന്റെ ഒരു കയ്യില്‍ ബാഗും മറു കയ്യില്‍ ഐഡി കാര്‍ഡും പിടിച്ച്‌ വാതിലിന്റെയടുക്കലേക്ക്‌ ദീപശിഖാ പ്രയാണം കണക്കെ പാഞ്ഞു.

ഞാന്‍ ഓടി ലിഫ്റ്റിന്റെയടുക്കെലെത്തി. കുറച്ച്‌ കഴിഞ്ഞപ്പോളാണ്‌ മനസില്ലായത്‌ ലിഫ്റ്റ്‌ കേടാണന്ന്. ഒടുവില്‍ സ്റ്റെപ്പിറങ്ങി ഞാന്‍ താഴെയെത്തി. ഗേറ്റിനു മുന്നിലെത്തിയ ഓട്ടോ പിടിച്ച്‌ കഴക്കുട്ടം റെയില്‍വേ സ്റ്റേഷനില്‍ എത്തി.

മണി 5:10. എനിക്കുള്ള ട്രയിന്‍ 5 :45 ന്‌ ആണ്‌. കൗണ്ടറിനു മുന്നിലെത്തിയ ഞാന്‍ ശരിക്കും ഞെട്ടി. ചുരുങ്ങിയത്‌ ഒരെണ്‍പത്‌ പേരെങ്കിലുമുള്ള ഒരു ക്യൂ. ഞാന്‍ എണ്‍പത്തോന്നാമനായി നിലയുറപ്പിച്ചു.

പത്ത്‌ മിനിട്ട്‌ നിനിട്ടും ക്യൂവിന്‌ ഒരു ചലനവുമില്ല. ഞാന്‍ മുന്നിലുള്ള ചേട്ടായിയോട്‌ കാര്യം അന്വേഷിച്ചു. അരിയില്ലാ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നില്‍ നിന്ന സുന്ദരി മറ്റാരൊടോ പറയുന്നത കേട്ടു. ഇവിടെ ഒരു സ്റ്റേഷന്‍ മാസ്റ്ററേയുള്ളൂ. ഇനി വരുന്ന പാസഞ്ചര്‍ ട്രയിന്‍ കൂടി പോയാലേ അയാള്‍: ടിക്കറ്റ്‌ കൊടുക്കാന്‍ വരികയുള്ളൂ.

5:25 ന്‌ പാസഞ്ചര്‍ ട്രയിനിന്‌ അദ്ദേഹം ടാ ടാ നല്‍കിയ ശേഷം കൗണ്ടറിലെത്തി. കണ്ണാടിയൊക്കെ തപ്പിപിടിച്ചെടുത്ത്‌ ടിക്ക്കറ്റ്‌ കൊടുക്കാനുള്ള തയ്യാറെടുത്തപ്പ്പോള്‍ മണി 5:30. അപ്പോഴും എന്റെ പ്രതീക്ഷ എനിക്കും ടിക്കറ്റ്‌ കിട്ടും എന്നാണ്‌.

പിന്നീടാണ്‌ ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്‌, ഈ സ്റ്റേഷനില്‍ ടിക്കറ്റ്‌ എഴുതിയാണ്‌ കൊടുക്കുന്നത്‌. മുനില്‍ നിന്ന രണ്ട്‌ ഭാഗ്യവാന്മാര്‍ക്ക്‌ ടിക്കറ്റ്‌ കിട്ടി. രണ്ട്‌ പേരുടെ ടിക്കറ്റ്‌ എഴുതാന്‍ അഞ്ച്‌ മിനിട്ട്‌ സമയമെടുത്തു.

ആരോ ഒരാള്‍ പിന്നില്‍ നിന്ന് വിളിച്ക്‌ പറഞ്ഞു എന്റെ കൂടി ടിക്കറ്റ്‌ എഴുതോ!! എല്ലാവരുടെയും മുഖത്ത്‌ ആശ്വാസം തെളിഞ്ഞു. കൗണ്ടറില്‍ നിന്നും ഒരു വിളിയുയര്‍ന്നു. കൊല്ലത്തേക്കുള്ള ടിക്കറ്റ്‌ ഇനിയാര്‍ക്കേലും വേണോ??

കൊല്ലം ഒരു തരം.
കൊല്ലം രണ്ട്‌ തരം.
ടിക്കറ്റ്‌ ക്ലോസ്‌ ചെയ്യാന്‍ പോകുന്നു... ഇനിയാര്‍ക്കേലും വേണോ??
കൊല്ലം മൂന്ന് തരം.

ഇരുപത്തിനാലുപേര്‍ക്കുള്ള ടിക്കറ്റ്‌ അദ്ദേഹം ഒരുമിച്ചെഴുതി. ഇനിയാര്‍ക്കും കൊല്ലം ടിക്കറ്റ്‌ തരുകേലായെന്നും പറഞ്ഞു.

അടുത്തത്‌ നിന്നത്‌ ഒരു കോട്ടയം കാരനാണ്‌. അദ്ദേഹവും ലേലം വിളിനടത്തി എതാണ്ട്‌ മുപ്പത്‌ പേര്‍ക്കുള്ള ടിക്കറ്റുകളെടുത്തു.

അപ്പോഴും എന്റെ പ്രതീക്ഷ ഇതിനിടയിലെവിടെയെങ്കിലും ഒരു തിരുവല്ലാകാരനോ കാരിയോ കാണുമെന്നായിരുന്നു.

മണി 5:40. കൗണ്ടറില്‍ നിന്നുമൊരു വിളി!!

ചെങ്ങന്നൂര്‍ ഒരു തരം
ചെങ്ങന്നൂര്‍ രണ്ട്‌ തരം.
പെട്ടെന്നെനിക്കൊരു വെളിപാടുണ്ടായി, ഞാന്‍ വിളിച്ച്‌ പറഞ്ഞു. ഒരെണ്ണം കൂടി വേണം.

പതിന്നാലുപേര്‍ക്കുള്ള ടിക്കറ്റുമായി ഒരു മാന്യന്‍ നില്‍ക്കുന്നത്‌ കണ്ടു, നാല്‍പത്‌ രൂപാ കരം കൊടുത്ത്‌ മൊബൈല്‍ നംബര്‍ വാങ്ങി എല്ലാവരും പിരിയുകയും ട്രയിന്‍ വരികയും ഒരുമിച്ചായിരുന്നു.

അവിടെ നിന്ന പകുതിയിലേറെയാളുകള്‍ കള്ളവണ്ടി കയറുന്നത്‌ ഞാന്‍ കണ്ടു.

നിന്നുതിരിയാന്‍ സ്ഥലമില്ല്ലതെയാണ്‌ ട്രയിന്‍ എത്തിയത്‌. ഒരുവിധത്തില്‍ പുട്ടുകുറ്റിയില്‍ പുട്ട്‌ തള്ളികയറ്റുന്നപ്പോലെ ഞാന്‍ ട്രയിനിനുള്ളില്‍ കടന്നു.

ഭയങ്കര ബോറ്‌. ഞാന്‍ മോബൈലെടുത്ത്‌ ഗെയിം കളിക്കാനാരംഭിച്ചു.

കായംകുളമെത്തിയപ്പ്പ്പോള്‍: മൊബൈലിന്റെ ഗ്യാസ്‌ തീര്‍ന്നു.

ട്രയിന്‍ മാവേലിക്കര സ്റ്റേഷന്‍ പിന്നിട്ട്‌ ചെങ്ങന്നൂരടുക്കുന്നു.

ഫോണ്‍ ഓണ്‍ ചെയ്ത്‌ ടിക്കറ്റിന്റെ ഉടമസ്ഥനോട്‌ അദ്ദേഹം എത്‌ കമ്പാര്‍ട്ട്‌മെന്റില്ലാണന്ന് ഒരു എസ്‌.എം.എസ്‌ അയച്ചതും. പട്ടയടിച്ച്‌ റോഡില്‍ വീഴുന്നയാളേപ്പ്പോലെ ഫോണ്‍ ഓഫായി.

ചെങ്ങന്നൂരില്‍ വണ്ടിനിര്‍ത്തിയപ്പ്പോള്‍ ഞാന്‍ പ്ലാറ്റ്‌ ഫോമിലിറങ്ങി നോക്കി.
എവിടെ കാണാന്‍!!!.

ട്രയിന്‍ കൂകിവിളിച്ചപ്പ്പോള്‍ എന്റെ വയറ്റില്‍ ഒരു തീ പാഞ്ഞു. രണ്ടും കല്‍പിച്ച്‌ ഞാന്‍ തിരുവല്ലക്ക്‌ കള്ളവണ്ടി കയറി.

ആ പത്ത്‌ മിനിറ്റ്‌ എന്റെ മനസ്സിനെ വല്ല്ലാതെ അസ്വസ്തനാക്കി.

കുറ്റൂര്‍ പാലത്തിനുമുകളില്‍ വണ്ടിയെത്തിയപ്പോള്‍ ഈയടെ തിരുവനന്തപുരത്ത്‌ ഒരു പയ്യന്‍ ടിക്കറ്റ്‌ ചെക്കറേ പേടിച്ച്‌ ട്രയിനില്‍ നിന്നും ചാടി മരിച്ച സംഭവമോര്‍ത്തു.

വാര്‍ത്തകള്‍
ഒന്ന്


രണ്ട്


ടിക്കറ്റില്ലാതെ പിടിച്ചാല്‍ ആയിരം രൂപാ പിഴയും ആറു മാസം കുഴമ്പില്ലാതെ തടവുമാണ്‌ ശിക്ഷയെന്നെഴുതി വെച്ചിരിക്കുന്ന ബോര്‍ഡും കൂടി വായിച്ചപോള്‍ എന്റെ പാതി ജീവന്‍ പോയി.


ടി.ടി.ഇ വന്നാല്‍ എന്ത്‌ പറയും എന്നോര്‍ത്തു.

ലാലുവണ്ണാ, ലേലുവല്ലു,ലാലുവണ്ണാ, ലേലുവല്ലൂ, എന്നേ വെറുതേ വിടോ എന്ന് ടി.ടി.ഇടടുക്കല്‍ പറയുന്ന രംഗം മനസ്സില്‍ ഒാര്‍ത്ത്‌ ചിരിച്ചു.

ഒടുവില്‍ ട്രയിന്‍ തിരുവല്ലാ സ്റ്റേഷനില്‍ എത്തി.

സ്റ്റേഷന്റെ വാതിലില്‍ വല്ലവരും നിപ്പുണ്ടോയെന്ന് ഞാന്‍ ദൂരെ നിന്ന് നോക്കി.

ആരുമില്ലായെന്നുറപ്പ്‌ വരുത്തിയ ശേഷം ഞാന്‍ പുറത്ത്‌ കടന്നു.

മുതലാളിയായിരുന്നിട്ടും കള്ളവണ്ടി കയറേണ്ടി വന്ന സ്ഥിതി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകുകേല്ലാ!!!

പാതിരാത്രി ഒരു എസ്‌.എം.എസ്‌ വന്നു. "ഐ ആം ഓണ്‍ ദി ലാസ്റ്റ്‌ കംപാര്‍ട്ട്‌ മെന്റ്‌".